രണ്ടു ദിവസത്തെ വീഴ്ചയ്ക്ക് ആശ്വാസം, രക്ഷകരായി ഹെവി വെയിറ്റുകള്‍; കുത്തനെ താഴ്ന്ന്‌ എസ്.ഐ.ബി, കിറ്റെക്‌സിനും ക്ഷീണം

വലിയ കയറ്റിറക്കങ്ങള്‍ കാഴ്ചവച്ചെങ്കിലും രണ്ട് ദിവസത്തെ തുടര്‍ച്ചയായ വീഴ്ചയ്ക്ക് വിരാമമിട്ട് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി. ഹെവി വെയിറ്റ് ഓഹരികളായ ടി.സി.എസ്, സണ്‍ ഫാര്‍മ, മാരുതി സുസുക്കി, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ എന്നിവയാണ് വില്‍പ്പന സമ്മര്‍ദ്ദത്തിനിടയിലും ഇന്ന് വിപണിക്ക് കരുത്തു പകര്‍ന്നത്.

സെന്‍സെക്‌സ് 305 പോയിന്റ് ഉയര്‍ന്ന് 73,095.22ലും നിഫ്റ്റി 76.30 പോയിന്റ് ഉയര്‍ന്ന് 22,198.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ്, ഐ.ടി, റിയല്‍റ്റി എന്നിവയിലൊക്കെ വലിയ വില്‍പ്പന സമ്മര്‍ദ്ദം ദൃശ്യമായി.
ബി.എസ്.ഇയില്‍ ഇന്ന് 3,929 ഓഹരികള്‍ വ്യാപാരം നടത്തിയതില്‍ 1,536 ഓഹരികള്‍ നേട്ടത്തിലും 2,301 ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. 92 ഓഹരികളുടെ വില മാറിയില്ല. 327 ഓഹരികള്‍ 52 ആഴ്ചയിലെ ഉയരത്തിലെത്തി. 20 ഓഹരികള്‍ താഴ്ചയിലും.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം


ബി.എസ്.ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേട്ടത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് 0.07 ശതമാനം, 0.26 ശതമാനം എന്നിങ്ങനെ താഴേക്ക് പോയി.
എന്‍.എസ്.ഇയില്‍ 2,658 ഓഹരികള്‍ വ്യാപാരം ചെയ്തപ്പോള്‍ വെറും 991 എണ്ണം മാത്രമാണ് നേട്ടമുണ്ടാക്കിയത്. 1,561 ഓഹരികളും നഷ്ടത്തിലായിരുന്നു. 105 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
എന്‍.എസ്.ഇയില്‍ അപ്പര്‍ സര്‍കീട്ടില്‍ 95 ഓഹരികളും ലോവര്‍ സര്‍കീട്ടില്‍ 80 ഓഹരികളുമുണ്ടായിരുന്നു. 145 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയും 19 ഓഹരികള്‍ താഴ്ന്ന വിലയും താണ്ടി.
തിളക്കത്തില്‍ ടാറ്റ ഓഹരികള്‍
ഇന്ന് ഇരു സൂചികകളിലും ഏറ്റവും നേട്ടം കൊയ്തത് ടാറ്റ മോട്ടോഴ്‌സ് ഓഹരിയാണ്. മൂന്നു ശതമാനത്തോളമാണ് ഉയര്‍ച്ച. ഒരുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയും ഓഹരിയിന്ന് താണ്ടി.
ടാറ്റ ഗ്രൂപ്പിലെ മുഖ്യകമ്പനികളിലാന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അടുത്ത സാമ്പത്തിക വര്‍ഷത്തിലും മികച്ച വരുമാനം നേടുമെന്ന യു.ബി.എസ് അനലിസ്റ്റുകളുടെ പ്രവചനം ഓഹരിയെ ഉയര്‍ത്തി. ഇന്ന് 3.1 ശതമാനം ഉയര്‍ന്ന ഓഹരി വില 4,124.6 രൂപ വരെയെത്തി. ടാറ്റാ ഗ്രൂപ്പിലെ പ്രമുഖ അഞ്ച് ഓഹരികളായ ടാറ്റ സ്റ്റീല്‍, ടി.സി.എസ്, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റന്‍ കമ്പനി, ട്രെന്റ് എന്നിവ ചേര്‍ന്ന് വിപണി മൂല്യത്തില്‍ 59,000 കോടി രൂപയാണ് ഇന്ന് കൂട്ടിച്ചേര്‍ത്തത്.

ഇന്ന് കൂടുതൽ നേട്ടമുണ്ടാക്കിയവർ

ടി.സി.എസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, സണ്‍ഫാര്‍മ എന്നിവയാണ് ഇന്ന് ബി.എസ്.ഇയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
റെയില്‍ടെല്‍, ബെമെല്‍ ഓഹരികള്‍ ഇന്ന് 10 ശതമാനം വീതം ഉയര്‍ന്നു.
പി.ബി ഫിന്‍ടെക്, ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ്, സോന ബി.എല്‍.ഡബ്ല്യു പ്രിസിഷന്‍ ഫോര്‍ജിംഗ്‌സ്, ഹാവെല്‍സ് ഇന്ത്യ, ടോറന്റ് പവര്‍ എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
നഷ്ടത്തിലിവര്‍
ഹീറോ മോട്ടോകോര്‍പ്, ബജാജ് ഫിനാന്‍സ്, എസ്.ബി.ഐ, ഡിവീസ് ലാബ്‌സ്, യു.പി.എല്‍ എന്നിവയാണ് നഷ്ടത്തില്‍ മുന്നിലെത്തിയവ.
ധനസമാഹരണ മാര്‍ഗങ്ങള്‍ തീരുമാനിക്കാന്‍ വോഡഫോണ്‍ ഐഡിയ (Vi) ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നെങ്കിലും ഓഹരി ഇന്ന് 6 ശതമാനത്തോളം ഇടിഞ്ഞു. ആവശ്യം വന്നാല്‍ 2,000 കോടി രൂപയുടെ മൂലധനം ഇറക്കാമെന്ന് പ്രമോട്ടര്‍ കമ്പനിയായ വോഡഫോണ്‍ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയതായാണ് അറിയുന്നത്. വിദേശ നിക്ഷേപകരെ കൊണ്ടു വരാനും ചര്‍ച്ചകള്‍ നടക്കുന്നു. ഇതു കൂടാതെ ബാങ്കുകളില്‍ നിന്ന് പണം കടമെടുക്കാനും മീറ്റിംഗില്‍ തീരുമാനമായി. പ്രമോട്ടര്‍മാരായ ആദിത്യ ബിര്‍ളയും ഫണ്ട് ഇറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മീറ്റിംഗ് പൂര്‍ത്തിയാകാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള രണ്ടാമത്തെ ഇടക്കാല ഡിവിഡന്‍ഡ് പ്രഖ്യാപിച്ച മാരികോ 0.33 ശതമാനം ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയൊന്നിന് 6.50 രൂപയാണ് ഡിവിഡന്‍ഡ്.
പേയ്ടിഎം സ്ഥാപകനും സി.ഇ.ഒയുമായ വിജയ് ശേഖര്‍ ശര്‍മ പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ നോണ്‍ എക്‌സിക്യൂട്ടീവ്‌ ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങള്‍ രാജിവച്ചതോടെ പേയ്ടിഎം ഓഹരികള്‍ ഒരു ശതമാനം ഇടിഞ്ഞു.
അദാനി എനര്‍ജി സൊല്യൂഷന്‍സ്, വോഡഫോണ്‍ ഐഡിയ, ശ്രീറാം ഫിനാന്‍സ്, വരുണ്‍ ബിവറേജസ്, ആര്‍.ഇ.സി എന്നിവയാണ് നിഫ്റ്റി 200ലെ വന്‍ വീഴ്ചക്കാര്‍.
നിരാശരാക്കി എസ്.ഐ.ബി, മുന്നേറി ആസ്റ്റര്‍
അവകാശ ഓഹരിയുടെ റെക്കോഡ് തീയതി കഴിഞ്ഞതിനെ തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ 13 ശതമാനത്തോളം താഴേക്ക് പോയി. 11.76 ശതമാനം നഷ്ടത്തില്‍ 32.70 രൂപയിലാണ് വ്യാപാരാന്ത്യം ഓഹരിയുള്ളത്. ഇന്ന് മുതല്‍ ഓഹരി വാങ്ങുന്നവര്‍ക്ക് അവകാശ ഓഹരിക്ക് അര്‍ഹതയുണ്ടാകില്ല. 22 രൂപയ്ക്കാണ് അവകാശ ഓഹരി അനുവദിക്കുന്നത്.

കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികളും ഇന്ന് ഏഴ് ശതമാനത്തിന്റെ കനത്ത ഇടിവ് നേരിട്ടു. പ്രൈമ ഇന്‍ഡസ്ട്രീസ്, ഹാരിസണ്‍സ് മലയാളം, ബി.പി.എല്‍ എന്നിവയാണ് ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലെത്തിയ മറ്റ് കേരള ഓഹരികള്‍.


കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം


കേരള കമ്പനികളില്‍ ഇന്ന് കൂടുതല്‍ നേട്ടം കൊയ്തത് ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ് ഓഹരിയാണ്. 8.45 ശതമാനമാണ് ഓഹരിയുടെ ഉയര്‍ച്ച. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ നാല് ശതമാനത്തിനുമേല്‍ ഉയര്‍ന്നു. സ്‌കൂബി ഡേ ഗാര്‍മെന്റ്‌സ്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, ഫെഡറല്‍ ബാങ്ക് എന്നിവയാണ് ഇന്ന് നേട്ടത്തില്‍ മുന്നിലെത്തിയ മറ്റ് കേരള കമ്പനി ഓഹരികള്‍.
Resya R
Resya R  

Related Articles

Next Story

Videos

Share it