കോടതി വിധിയില്‍ തട്ടിവീണ് 'ആരോഗ്യ' ഓഹരികള്‍, ആസ്റ്ററും നഷ്ടത്തിൽ

സെബി തൊടുത്തുവിട്ട 'ജാഗ്രതാശരങ്ങളേറ്റ്' ഇന്നലെ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നേരിയ നേട്ടവുമായി നില അല്പം മെച്ചപ്പെടുത്തി. സെന്‍സെക്‌സ് 195.42 പോയിന്റ് (0.27%) ഉയര്‍ന്ന് 72,500.30ലും നിഫ്റ്റി 31.65 പോയിന്റ് (0.14%) നേട്ടവുമായി 21,982.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നൊരുവേള നിഫ്റ്റി 22,060 വരെ ഉയര്‍ന്നിരുന്നു. വ്യാപാര സമയത്തുടനീളം സൂചികകളില്‍ ചാഞ്ചാട്ടം അലയടിച്ചിരുന്നെങ്കിലും വൈകിട്ടോടെ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കാന്‍ കഴിഞ്ഞു. ഇന്ന് വൈകിട്ട് പുറത്തുവരുന്ന ഇന്ത്യയുടെയും അമേരിക്കയുടെയും ഡിസംബര്‍പാദ ജി.ഡി.പി വളര്‍ച്ചാക്കണക്കുകളിലേക്കാണ് ഏവരുടെയും കണ്ണ്. കണക്കുകള്‍ 'കണക്കുതെറ്റിച്ചാല്‍' നാളെ ഓഹരി വിപണിയെ അത് മോശമായി നാളെ ബാധിച്ചേക്കും.
വിപണിയുടെ ട്രെന്‍ഡ്
വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി ഹെല്‍ത്ത്‌കെയര്‍ സൂചിക 0.62 ശതമാനവും നിഫ്റ്റി മീഡിയ 0.91 ശതമാനവും ഐ.ടി 0.06 ശതമാനവും നഷ്ടം നേരിട്ടതൊഴിച്ചാല്‍ ബാക്കി സൂചികകളെല്ലാം നേട്ടത്തിലേറി.
ആശുപത്രികളിലെ വൈരുദ്ധ്യം നിറഞ്ഞ ഫീസ്ഘടന പരിശോധിക്കണമെന്ന് സുപ്രീകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത് ഹെല്‍ത്ത്‌കെയര്‍ ഓഹരികളെ ഇന്ന് നഷ്ടത്തിലേക്ക് വീഴ്ത്തി. സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരികളുടെ നഷ്ടം തുടരുന്നത് മീഡിയ സൂചികയെയും തളര്‍ത്തി.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

അതേസമയം, പൊതുമേഖലാ ബാങ്ക് സൂചിക 1.30 ശതമാനവും മെറ്റല്‍ 0.91 ശതമാനവും നേട്ടം കുറിച്ചു. ബാങ്ക് നിഫ്റ്റി 0.34 ശതമാനവും കയറി. സെബിയുടെ കടുത്ത തീരുമാനം മൂലം ഇന്നലെ വില്‍പന സമ്മര്‍ദ്ദത്തില്‍ മുങ്ങിയ മിഡ്, സ്‌മോള്‍ക്യാപ്പ് ഓഹരികളില്‍ ഇന്ന് ആ ട്രെന്‍ഡ് ഉണ്ടായില്ല. നിഫ്റ്റി മിഡ്ക്യാപ്പ് 0.51 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.64 ശതമാനവും നേട്ടത്തിലാണുള്ളത്.
നിഫ്റ്റി 50യും ബി.എസ്.ഇയും
നിഫ്റ്റി 50ല്‍ ഇന്ന് 32 ഓഹരികള്‍ നേട്ടത്തിലും 18 എണ്ണം നഷ്ടത്തിലുമായിരുന്നു. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റാ കണ്‍സ്യൂമര്‍, ബ്രിട്ടാനിയ എന്നിവ 1.8-2.5 ശതമാനം മുന്നേറി നേട്ടത്തില്‍ മുന്നിലെത്തി.
അപ്പോളോ ഹോസ്പിറ്റല്‍, ബജാജ് ഓട്ടോ, എല്‍.ടി.ഐ മൈന്‍ഡ്ട്രീ, ഐഷര്‍ മോട്ടോഴ്‌സ്, യു.പി.എല്‍ എന്നിവ 0.8-3.81 ശതമാനം ഇടിവുമായി നഷ്ടത്തിലും മുന്നിലെത്തി.
ബി.എസ്.ഇയില്‍ 1,787 ഓഹരികള്‍ നേട്ടത്തിലേറിയപ്പോള്‍ 2,000 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. 121 ഓഹരികളുടെ വില മാറിയില്ല. 203 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 49 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍കീട്ട് ഇന്നും കാലിയായി കിടന്നു. ലോവര്‍-സര്‍കീട്ടില്‍ ഒരു കമ്പനിയുണ്ടായിരുന്നു.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപക സമ്പത്ത് ഇന്നലെ 6 ലക്ഷം കോടി രൂപ കൊഴിഞ്ഞിരുന്നു. ഇന്നത് 1.98 ലക്ഷം കോടി രൂപ വര്‍ധിച്ച് 387.95 ലക്ഷം കോടി രൂപയായി.
നേട്ടത്തിലേറിയവര്‍
ഡിസ്‌നി സ്റ്റാര്‍-വയാകോം എന്നിവ ലയിച്ച് വമ്പന്‍ മാദ്ധ്യമക്കമ്പനിയായി മാറുന്നതിന്റെ പശ്ചാത്തലത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി ഇന്ന് 0.7 ശതമാനം നേട്ടമുണ്ടാക്കി. ഓഹരി ഇന്ന് 52-ആഴ്ചത്തെ ഉയരമായ 2,987.25 രൂപവരെ എത്തി. 3,000 രൂപയെന്ന നാഴികക്കല്ല് ഇപ്പോള്‍ തൊട്ടടുത്താണ്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ്, മാരുതി സുസുക്കി, എസ്.ബി.ഐ എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടം കുറിച്ച പ്രമുഖര്‍.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ


നിഫ്റ്റി 200ല്‍ ബെര്‍ജര്‍ പെയിന്റ്‌സ്, ബജാജ് ഹോള്‍ഡിംഗ്‌സ്, എ.പി.എല്‍ അപ്പോളോ ട്യൂബ്‌സ്, സൊമാറ്റോ, സി.ജി. പവര്‍ എന്നിവ നേട്ടത്തില്‍ മുന്നിലെത്തി. ബ്രോക്കറേജുകളില്‍ നിന്നുള്ള 'ബയ്' (buy) സ്റ്റാറ്റസിന്റെ പശ്ചാത്തലത്തിലാണ് ബെര്‍ജര്‍ പെയിന്റ്‌സിന്റെ ഇന്നത്തെ 10 ശതമാനം കുതിപ്പ്.
അക്യുമലേറ്റ് (പോര്‍ട്ട്‌ഫോളിയോയില്‍ ഓഹരികളുടെ എണ്ണം കൂട്ടല്‍) നിര്‍ദേശങ്ങളുടെ ചുവടുപിടിച്ചാണ് അപ്പോളോ ട്യൂബ്‌സിന്റെ ഉയര്‍ച്ച. കണ്ടെയ്‌നര്‍ കോര്‍പ്പറേഷനില്‍ ഓഹരി പങ്കാളിത്തം കൂട്ടിയ നടപടികളുടെ പശ്ചാത്തലത്തില്‍ ബജാജ് ഹോള്‍ഡിംഗ്‌സും ഇന്ന് 7.06 ശതമാനം നേട്ടത്തിലേറി.
ഗുജറാത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ചിപ്പ് ഫാക്ടറി പ്രഖ്യാപിച്ച കരുത്തിലാണ് സി.ജി. പവറിന്റെ മുന്നേറ്റം. ജാപ്പനീസ് കമ്പനിയായ റെനെസസ്, തായ്‌ലന്‍ഡിലെ സ്റ്റാര്‍സ് മൈക്രോഇലക്ട്രോണിക്‌സ് എന്നിവയുമായി ചേര്‍ന്ന് 7,600 കോടി രൂപ നിക്ഷേപമുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്.
എം.എസ്.സി.ഐ സൂചികയുടെ പുനഃക്രമീകരണവും അതുവഴി ഓഹരികളിലേക്ക് മികച്ച ഫണ്ടൊഴുക്കുണ്ടാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സൊമാറ്റോയുടെ നേട്ടം. ഏകദേശം 740 കോടി രൂപയുടെ ഒഴുക്ക് ഇതുവഴി സൊമാറ്റോ ഓഹരികളിലേക്കുണ്ടാകും.
പഞ്ചാബ് നാഷണല്‍ ബാങ്ക്, ഭെല്‍, എന്‍.എം.ഡി.സി., യൂണിയന്‍ ബാങ്ക്, ജി.എം.ആര്‍ എയര്‍പോര്‍ട്‌സ്, ഡി.എല്‍.എഫ്., എം.ആര്‍.എഫ്., ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ഹിന്‍ഡാല്‍കോ എന്നിവയും എം.എസ്.സി.ഐ സൂചികയില്‍ മികച്ച വെയിറ്റേജ് കിട്ടുന്ന പശ്ചാത്തലത്തില്‍ മികച്ച പണമൊഴുക്ക് നേടും.
നിരാശപ്പെടുത്തിയവര്‍
ടി.സി.എസ്., ഭാരതി എയര്‍ടെല്‍, ഐ.ടി.സി., ടാറ്റാ മോട്ടോഴ്‌സ്, എച്ച്.യു.എല്‍ എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട പ്രമുഖര്‍.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

മാക്‌സ് ഹെല്‍ത്ത്‌കെയര്‍, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, റെയില്‍ വികാസ് നിഗം, അപ്പോളോ ഹോസ്പിറ്റല്‍സ്, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ എന്നിവയാണ് 3.4-7.4 ശതമാനം ഇടിഞ്ഞ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മാക്‌സ് ഹെല്‍ത്ത്‌കെയര്‍, അപ്പോളോ ഹോസ്പിറ്റല്‍ തുടങ്ങിയ ആരോഗ്യ ഓഹരികളുടെ വീഴ്ച. ലാഭമെടുപ്പാണ് ആര്‍.വി.എന്‍.എല്ലിന് തിരിച്ചടിയായത്.
മികവോടെ കേരള ഓഹരികള്‍
ഇന്നലെ കൂട്ടത്തോടെ നിരാശപ്പെടുത്തിയ കേരള ഓഹരികളില്‍ മിക്കവയിലും ഇന്ന് ഉണര്‍വ് ദൃശ്യമായി. കിംഗ്‌സ് ഇന്‍ഫ്ര 9.65 ശതമാനം മുന്നേറി. കഴിഞ്ഞപാദത്തിലെ മികച്ച വില്‍പനക്കണക്കുകള്‍ കമ്പനിക്ക് നേട്ടമായെന്ന് കരുതുന്നു.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് 8.35 ശതമാനം നേട്ടമുണ്ടാക്കി. ഹൈഡ്രജന്‍ ബോട്ട് പുറത്തിറക്കിയ പശ്ചാത്തലത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി ഇന്ന് 2.20 ശതമാനം കയറി. 4.78 ശതമാനം ഉയര്‍ന്ന് കല്യാണ്‍ ജുവലേഴ്‌സും 3.01 ശതമാനം മുന്നേറി സൗത്ത് ഇന്ത്യന്‍ ബാങ്കും തിളങ്ങി.
വി-ഗാര്‍ഡ്, സഫ സിസ്റ്റംസ്, പാറ്റ്‌സ്പിന്‍, കിറ്റെക്‌സ്, ധനലക്ഷ്മി ബാങ്ക്, ഫാക്ട്, ആസ്റ്റര്‍ എന്നിവ 1.6-5 ശതമാനം ഇടിഞ്ഞു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ആസ്റ്റര്‍ ഓഹരിയും താഴേക്ക് പോയത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it