ഉന്മേഷം പകര്‍ന്ന് റിലയന്‍സ്; തിരിച്ചുകയറി എച്ച്.ഡി.എഫ്.സി, 1250 പോയിന്റ് കുതിച്ച് സെന്‍സെക്‌സ്

റിലയന്‍സ് ഇന്‍ഡസ്ട്രീസും എച്ച്.ഡി.എഫ്.സി ബാങ്കും കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നടത്തിയത് വന്‍ മുന്നേറ്റം. കഴിഞ്ഞവാരങ്ങളിലെ ഓഹരി സൂചികകളുടെ വീഴ്ചയ്ക്ക് 'മുഖ്യകാരണക്കാരന്‍' എന്ന പ്രതിച്ഛായ ഏറ്റുവാങ്ങിയ എച്ച്.ഡി.എഫ്.സി ബാങ്കിന് ഇന്നത്തെ മികവ് നല്ലൊരു പ്രായശ്ചിത്തവുമായി.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം


70,968ല്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് പിന്നീട് തിരിഞ്ഞ് നോക്കിയതേയില്ല. ഒരുവേള സെന്‍സെക്‌സ് 1,250ലധികം പോയിന്റ് കുതിച്ച് 72,000 ഭേദിക്കുകയും ചെയ്തിരുന്നു. വ്യാപാരാന്ത്യം 1,240.90 പോയിന്റ് (1.76%) നേട്ടവുമായി 71,941.57ലാണ് സെന്‍സെക്‌സുള്ളത്. 385 പോയിന്റുയര്‍ന്ന് (1.8%) 21,737.60ല്‍ നിഫ്റ്റിയും വ്യാപാരം അവസാനിപ്പിച്ചു. ഇന്നൊരുവേള നിഫ്റ്റി 21,763 വരെ ഉയര്‍ന്നിരുന്നു.

ഇവര്‍ ഇന്നത്തെ താരങ്ങള്‍
നിഫ്റ്റി 50ല്‍ ഇന്ന് ഒ.എന്‍.ജി.സിയാണ് ഏറ്റവുമധികം നേട്ടം കുറിച്ചത്. ക്രൂഡോയില്‍ വിലയിലെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഓയില്‍ ഇന്ത്യയും മികച്ച നേട്ടമുണ്ടാക്കി. മിഡില്‍ ഈസ്റ്റിലെയും ചെങ്കടലിലെയും സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പൊതുവേ ഊര്‍ജ ഓഹരികളില്‍ കണ്ട വാങ്ങല്‍ താത്പര്യം ഒ.എന്‍.ജി.സിക്കും റിലയന്‍സിനും നേട്ടമായി.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേടിയ മികച്ച വാങ്ങല്‍ താത്പര്യവും ഇന്ന് ഓഹരികളുടെ കുതിപ്പിന് വളമായി. റിലയന്‍സിന്റെ വിപണിമൂല്യം ഇന്ന് ഒറ്റയടിക്ക് 1.2 ലക്ഷം കോടിയിലധികം രൂപ കുതിച്ചു. മൊത്തം വിപണിമൂല്യം 19 ലക്ഷം കോടി രൂപയും ഭേദിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഏകദിന നേട്ടമാണ് റിലയന്‍സ് ഇന്ന് കൊയ്‌തെടുത്തത്. ഓഹരിവില ഒരുവേള എക്കാലത്തെയും ഉയരമായ 2,905 രൂപവരെയും എത്തിയിരുന്നു. 19.6 ലക്ഷം കോടി രൂപയാണ് നിലവില്‍ മൂല്യം.
കോള്‍ ഇന്ത്യ, അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് എന്നിവയും നേട്ടവും ഇന്ന് നിഫ്റ്റിയുടെ കുതിപ്പിന് കരുത്തേകി. എല്‍ ആന്‍ഡ് ടി, എച്ച്.ഡി.എഫ്.സി ബാങ്ക്, കോട്ടക് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് എന്നിവയുടെ പ്രകടനവും ഇന്ന് സെന്‍സെക്‌സിനെ വലിയ കുതിപ്പിന് സഹായിച്ചു.
എച്ച്.ഡി.എഫ്.സി ബാങ്കില്‍ 4.8 ശതമാനം ഓഹരി പങ്കാളിത്തം കൂടി നേടാന്‍ എല്‍.ഐ.സിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ, മൊത്തം ഓഹരി പങ്കാളിത്തം 9.99 ശതമാനമാകും. ഇതോടെയാണ് എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികള്‍ ഇന്ന് മുന്നേറിയത്.
വിദേശ ഓഹരി വിപണികളില്‍ ദൃശ്യമായ മികച്ച ഉണര്‍വ്, അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തല്‍ എന്നിവയും ഓഹരി വിപണികള്‍ക്ക് ഇന്ന് ഊര്‍ജമായി. ഒ.എന്‍.ജി.സി., ടൊറന്റ് ഫാര്‍മ, ഭെല്‍, സണ്‍ ടിവി നെറ്റ്‌വര്‍ക്ക്, ആര്‍.ഇ.സി ലിമിറ്റഡ് എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയവ. മികച്ച മൂന്നാംപാദ ഫലം, ഓഹരി ഒന്നിന് 5.50 രൂപ വീതം ലാഭവിഹിത പ്രഖ്യാപനം എന്നിവയുടെ കരുത്തില്‍ ഗെയ്ല്‍ ഇന്ത്യ ഓഹരികള്‍ ഇന്ന് 5.2 ശതമാനം നേട്ടമുണ്ടാക്കി.
ബ്രോക്കറേജുകളില്‍ നിന്നുള്ള മികച്ച റേറ്റിംഗ്, ഭേദപ്പെട്ട മൂന്നാംപാദ പ്രവര്‍ത്തനഫലം എന്നിവയുടെ പശ്ചാത്തലത്തില്‍ ഒട്ടുമിക്ക അദാനി ഗ്രൂപ്പ് ഓഹരികളും ഇന്ന് തിളങ്ങി. ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണിമൂല്യം 15.6 ലക്ഷം കോടി രൂപയും കടന്നു. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് എന്നിവയാണ് 4-6 ശതമാനം നേട്ടവുമായി കൂടുതല്‍ തിളങ്ങിയത്.
നിരാശപ്പെടുത്തിയവര്‍
സെന്‍സെക്‌സില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS), ടെക് മഹീന്ദ്ര, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഇന്‍ഫോസിസ്, ഐ.ടി.സി എന്നിവ കൂടുതല്‍ നിരാശപ്പെടുത്തിയ പ്രമുഖ ഓഹരികളാണ്.
ബയോകോണ്‍, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, പേജ് ഇന്‍ഡസ്ട്രീസ്, ഡോ.ലാല്‍ പാത്ത് ലാബ്‌സ്, സംവര്‍ധന മദേഴ്‌സണ്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടവ.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

വിശാല വിപണിയില്‍ നിഫ്റ്റി എഫ്.എം.സി.ജി (-0.14%) ഒഴികെയുള്ള എല്ലാ വിഭാഗങ്ങളും ഇന്ന് നേട്ടമുണ്ടാക്കി. നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികയുടെ നേട്ടം 5.18 ശതമാനമാണ്. പി.എസ്.യു ബാങ്ക് 2.43 ശതമാനവും സ്വകാര്യ ബാങ്ക് 1.53 ശതമാനവും ധനകാര്യ സേവനം 1.56 ശതമാനവും ബാങ്ക് നിഫ്റ്റി 1.28 ശതമാനവും ഉയര്‍ന്നു.
നിഫ്റ്റി ഓട്ടോ, മെറ്റല്‍, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ ഒരു ശതമാനത്തിലധികം ഉയര്‍ന്നു. നിഫ്റ്റി മിഡ്ക്യാപ്പ് 1.63 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.49 ശതമാനവും നേട്ടത്തിലാണുള്ളത്.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി 50ല്‍ ഇന്ന് 40 ഓഹരികള്‍ പച്ചതൊട്ടപ്പോള്‍ നിരാശപ്പെടുത്തിയത് 10 ഓഹരികള്‍. എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയന്‍സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഒ.എന്‍.ജി.സി., അദാനി എന്റര്‍പ്രൈസസ് എന്നിവയായിരുന്നു നിഫ്റ്റി 50ല്‍ ഇന്ന് കൂടുതല്‍ സജീവമായിരുന്ന ഓഹരികള്‍.
ബി.എസ്.ഇയില്‍ 4,061 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 2,252 എണ്ണം നേട്ടത്തിലും 1,671 എണ്ണം നഷ്ടത്തിലുമായിരുന്നു. 138 ഓഹരികളുടെ വില മാറിയില്ല. 473 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 26 എണ്ണം താഴ്ചയിലുമായിരുന്നു. അപ്പര്‍-സര്‍കീട്ട് ശൂന്യമായിരുന്നു; ഒരു കമ്പനി ലോവര്‍-സര്‍കീട്ടിലുണ്ടായിരുന്നു.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപകമൂല്യം ഇന്ന് 6.08 ലക്ഷം കോടി രൂപ വര്‍ധിച്ച് റെക്കോഡ് 377.20 ലക്ഷം കോടി രൂപയിലുമെത്തി.
ധനലക്ഷ്മി ബാങ്കിന്റെ മുന്നേറ്റം
കഴിഞ്ഞ വ്യാപാര ദിനങ്ങളിലെ മുന്നേറ്റം തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ ഓഹരികള്‍ ഇന്നും തുടര്‍ന്നു. ചില പ്രമുഖ നിക്ഷേപകരില്‍ നിന്നുള്ള 'വാങ്ങല്‍' റേറ്റിംഗ്, മൂന്നാംപാദത്തിലെ മികച്ച പ്രാഥമിക പ്രവര്‍ത്തനക്കണക്കുകള്‍, മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ജെ.കെ. ശിവന് പിന്‍ഗാമിയെ നിശ്ചയിക്കുംവരെ തൽസ്ഥാനത്തു
തുടരാന്‍ റിസര്‍വ് ബാങ്ക് നല്‍കിയ അനുമതി തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് ധനലക്ഷ്മി ബാങ്ക് ഓഹരികളുടെ കുതിപ്പ്. ഓഹരി ഇന്ന് 5 ശതമാനം ഉയര്‍ന്നു.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

ബി.പി.എല്‍ (20%), റബ്ഫില (13.29%), ഇന്‍ഡിട്രേഡ് (4.98%), ഹാരിസണ്‍സ് മലയാളം (4.98%), ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ് (12.65%), ഫെഡറല്‍ ബാങ്ക് (2.50%) എന്നിവയും ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു.
അതേസമയം ജിയോജിത് ഇന്ന് 4 ശതമാനം ഇടിഞ്ഞു. സെല്ല സ്‌പേസ്, വെര്‍ട്ടെക്‌സ് എന്നിവയും നാല് ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി. ഫാക്ട് ഓഹരികള്‍ 2.92 ശതമാനവും കെ.എസ്.ഇ രണ്ടര ശതമാനവും താഴ്ന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it