ഇന്ന് റെക്കോഡ് ഉയരം താണ്ടിയ സൂചികകള്‍ ശക്തമായ ലാഭമെടുപ്പില്‍ പിടിച്ചു നില്‍ക്കാനാകാതെ ദിവസത്തെ നേട്ടം മുഴുവന്‍ കൈവിട്ടു. പക്ഷെ നഷ്ടത്തിലേക്ക് വീഴാതെ വ്യാപാരം അവസാനിപ്പിക്കാന്‍ സൂചികകള്‍ക്ക് സാധിച്ചു.
നിഫ്റ്റി ഒരുവേള 24,999.75 പോയിന്റ് വരെയെത്തിയെങ്കിലും 25000ത്തില്‍ മുത്തമിടാതെ മടങ്ങിയതാണ് ഇന്നത്തെ വലിയ നിരാശ. സെന്‍സെക്‌സും 81,908.43 പോയിന്റ് എന്ന പുതു ഉയരം തൊട്ടു.
വ്യാപാരാന്ത്യത്തില്‍ പക്ഷേ, സെന്‍സെക്‌സ് 23 പോയിന്റ് താഴ്ന്ന് 81,355.84ലും നിഫ്റ്റി ഒരു പോയിന്റ് മാത്രം ഉയര്‍ന്ന് 24,836.10ലുമാണുള്ളത്.
എല്‍ ആന്‍ഡ് ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് ഇന്ന് നിഫ്റ്റിയില്‍ മുഖ്യ നേട്ടക്കാര്‍. അതേ സമയം എച്ച്.ഡി.എഫ്.സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐ.ടി.സി എന്നിവ നഷ്ടത്തിലുമായി.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ ഇന്ന് ഭൂരിഭാഗം സൂചികകളും നേട്ടത്തിലായിരുന്നു. നിഫ്റ്റി ഐ.ടി, എഫ്.എം.സി.ജി, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് മേഖലകളാണ് നഷ്ടം വരിച്ചത്. പി.എസ്.യു ബാങ്ക് സൂചികയാണ് ഇന്ന് 2.25 ശതമാനം നേട്ടവുമായി സൂചികകളെ നയിച്ചത്. മീഡിയ, റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്നു.
വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം
നിഫ്റ്റി സ്‌മോള്‍, മിഡ്ക്യാപ് സൂചികകളും ഒരു ശതമാനത്തിനുമേല്‍ ഉയര്‍ന്ന് ഇന്നത്തെ ദിവസം ആഘോഷമാക്കി.
ബി.എസ്.ഇയില്‍ ഇന്ന് 4,198 ഓഹരികളാണ് വ്യാപാരം നടത്തിയത്. 2,348 ഓഹരികള്‍ നേട്ടത്തിലായി. 1,706 ഓഹരികള്‍ നഷ്ടത്തിലും. 144 ഓഹരികളുടെ വില മാറിയില്ല. ഇന്ന് 404 ഓഹരികള്‍ 52 ആഴ്ചയിലെ പുതിയ വില തൊട്ടു. 23 ഓഹരികള്‍ താഴ്ന്ന വിലയിലാണ്. 10 ഓഹരികളാണ് ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലുള്ളത്. ഏഴ് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലായി.
ഇന്ന് ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ നിക്ഷേപ മൂല്യത്തില്‍ 3.14 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി.
റെയില്‍വേ, പ്രതിരോധ ഓഹരികളില്‍ കുതിപ്പ്
റെയില്‍വേ ഓഹരികള്‍ ഇന്ന് കത്തിക്കയറി. ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐ.ആര്‍.എഫ്.സി) 6.41 ശതമാനം ഉയര്‍ന്ന് 195.20 രൂപയിലെത്തി. റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍.വി.എന്‍.എല്‍) ഇന്ന് 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ടടിച്ചു. ഓഹരി വില 607 .95 രൂപ വരെയെത്തിയിരുന്നു. ടിറ്റാഗര്‍ റെയില്‍ സിസ്റ്റംസ് ലിമിറ്റഡ് ഓഹരി വില നാല് ശതമാനം വരെ ഉയര്‍ന്ന് 1,689.40 രൂപയിലെത്തി.
മസഗണ്‍ ഡോക്ക് ഓഹരി ഇന്ന് 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലാണ്. പ്രതിരോധ ഓഹരികളില്‍ മൊത്തത്തിലുണ്ടായ മുന്നേറ്റമാണ് മസഗണ്‍ ഓഹരികളിലും പ്രതിഫലിച്ചത്. ഭെല്‍, ഭാരത് ഡൈനാമിക്‌സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് തുടങ്ങിവയും മുന്നേറ്റത്തിലായിരുന്നു. ബജറ്റില്‍ കാര്യമായ പരാമര്‍ശം ഉണ്ടാകാതിരുന്നത് പ്രതിരോധ ഓഹരികളെ നിരാശയിലാക്കിയെങ്കിലും പതിയ കയറ്റത്തിലേക്ക് തിരിച്ചെത്തുന്നുണ്ട്. ഷിപ്പ്ബില്‍ഡിംഗ് കമ്പനിയായ ഗാര്‍ഡന്‍ റീച്ചും അഞ്ച് ശതമാനം അപ്പര്‍സര്‍ക്യൂട്ടിലാണ്.
നിഫ്റ്റി200ല്‍ ഇന്ന് ഏറ്റവും നേട്ടമുണ്ടാക്കിയത് ബന്ധന്‍ ബാങ്ക് ഓഹരിയാണ്. 13.51 ശതമാനം ഉയര്‍ന്ന ഓഹരി വില 218.50 രൂപയിലെത്തി.
പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഹരി ഇന്ന് 5.81 ശതമാനം ഉയര്‍ന്നു.
ഒന്നാപാദ ലാഭത്തില്‍ 159 ശതമാനം വര്‍ധനയാണ് പി.എന്‍.ബി രേഖപ്പെടുത്തിയത്. പാദഫലപ്രഖ്യാപനത്തെതുടര്‍ന്ന് പ്രമുഖ ആഗോള ബ്രോക്കറേജായ ജെഫ്രീസ് റേറ്റിംഗ് ഉയര്‍ത്തിയിട്ടുണ്ട്. പി.എന്‍.ബിയ്ക്ക് 'ബൈ' സ്റ്റാറ്റസാണ് ജെഫ്രീസ് നല്‍കിയിരിക്കുന്നത്. ജി.പി മോര്‍ഗന്‍, മോത്തിലാല്‍ ഒസ്വാള്‍ എന്നിവ 'ന്യൂട്രല്‍' സ്റ്റാറ്റസ് നിലനിറുത്തിയിട്ടുണ്ട്.ഒന്നാം പാദലാഭത്തില്‍ 14.6 ശതമാനം വര്‍ധന നേടിയ ഐ.സി.ഐ.സി ഐ ബാങ്ക് ഓഹരി വിലയും ഇന്ന് രണ്ട് ശതമാനം വരെ ഉയര്‍ന്നിരുന്നു. മിക്ക അനലിസ്റ്റുകളും ഓഹരി മുന്നേറ്റം തുടരുമെന്ന നിഗമനത്തിലാണ്.
എംഫസിസ് ഓഹരിയാണ് ഇന്ന് 3.29 ശതമാനം നഷ്ടവുമായി നിഫ്റ്റി 200ലെ മുഖ്യ വീഴ്ചക്കാര്‍. പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ഓഹരി വില 2.78 ശതമാനം താഴ്ന്നു. മാക്രോ ടെക് ഡെവലപ്പേഴ്‌സ് (2.77 ശതമാനം), ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ (2.54 ശതമാനം), ഭാരതി എയര്‍ടെല്‍ (2.08 ശതമാനം) എന്നിവയും ഇന്ന് നിഫ്റ്റി 200ലെ വീഴ്ചക്കാരാണ്.
തിളങ്ങി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും കെ.എസ്.ഇയും
കേരള ഓഹരികളില്‍ ഇന്ന് ശ്രദ്ധ നേടിയത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിയാണ്. അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ടടിച്ച ഓഹരി വില 2,590.95 രൂപയിലെത്തി. ആസ്പിന്‍വാള്‍ ഓഹരിയും ഇന്ന് 5.65 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈസ്റ്റേണ്‍ ട്രെഡ്‌സാണ് ഇന്ന് 12 ശതമാനം ഉയര്‍ന്ന് കേരള ഓഹരികളില്‍ ഏറ്റവും കൂടുതല്‍ നേട്ടം നല്‍കിയത്. പ്രൈം ഇന്‍ഡസ്ട്രീസ് 9.81 ശതമാനം ഉയര്‍ന്ന് രണ്ടാമതെത്തി. കാലിത്തീറ്റ കമ്പനിയായ കെ.എസ്.ഇ 4.80 ശതമാനം ശതമാനവും ഹാരിസണ്‍സ് 4.61 ശതമാനവും ഉയര്‍ന്നപ്പോള്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറും കേരള ആയുര്‍വേദയും മൂന്ന് ശതമാനത്തിനുമേലും നേട്ടത്തിലാണ്.
വണ്ടര്‍ലാ ഹോളിഡേയ്‌സാണ് ഇന്ന് കേരള ഓഹരികളില്‍ കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. സി.എസ്.ബി ബാങ്ക് 3.73 ശതമാനവുമായി നഷ്ടത്തില്‍ തൊട്ടു പിന്നിലുണ്ട്. ഒന്നാം പാദഫലപ്രഖ്യാപനത്തിനു ശേഷമാണ് വണ്ടര്‍ലാ, സി.എസ്.ബി ഓഹരികള്‍ ഇടിവിലായത്. വണ്ടര്‍ലായുടെ ഒന്നാം പാദലാഭത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം കുറവുണ്ടായി. 63.2 കോടി രൂപയാണ് ജൂണ്‍ പാദ ലാഭം. സി.എസ്.ബി ബാങ്കിന്റെ ലാഭം 14 ശതമാനം ഇടിഞ്ഞ് 113 കോടി രൂപയുമായി.
അപ്പോളോ ടയേഴ്‌സ്, ബി.പി.എല്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, മുത്തൂറ്റ് മൈക്രോഫിന്‍ തുടങ്ങിയവയാണ് ഇന്ന് നഷ്ടത്തിലുള്ള മറ്റ് പ്രമുഖ ഓഹരികള്‍.