സൂചികകള്‍ക്ക് ഇന്ന് റെക്കോഡ് തിളക്കം; മോദിയുടെ പ്രശംസയില്‍ ഉയര്‍ന്ന് പേയ്ടിഎം, വാരാന്ത്യം ഉണര്‍വില്ലാതെ കേരള ഓഹരികള്‍

ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്ക് വാരാന്ത്യത്തില്‍ റെക്കോഡിന്റെ പെരുമ. വ്യാപാരത്തിനിടെ സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരം കുറിച്ചു. അനുകൂലമായ ആഗോള സൂചനകളില്‍ ഇന്ന് നേട്ടത്തോടെയാണ് ഇന്ത്യന്‍ വിപണിയും വ്യാപാരം തുടങ്ങിയത്. വ്യാപാരത്തുടക്കത്തില്‍ തന്നെ സെന്‍സെക്‌സ് 82,637.03 പോയിന്റ് തൊട്ട് ചരിത്ര നേട്ടം കുറിച്ചപ്പോള്‍ നിഫ്റ്റി ആദ്യമായി 25,268.35 പോയിന്റ് എന്ന ഉയരം കണ്ടു.

വ്യാപാരാന്ത്യം നേട്ടം കുറച്ച് കൈവിട്ടെങ്കിലും സെന്‍സെക്‌സ് 231.16 പോയിന്റ് ഉയര്‍ച്ചയോടെ 82,365.77ലും നിഫ്റ്റി 83.95 പോയിന്റ് നേട്ടത്തോടെ 25,235.90ലുമാണ് അവസാനിപ്പിച്ചത്. ഇരു സൂചികകളുടേയും റെക്കോഡ് ക്ലോസിംഗാണിത്.
അമേരിക്കയില്‍ പലിശനിരക്ക് കുറയ്ക്കുമെന്ന വിശ്വാസത്തിലാണ് അമേരിക്കന്‍ വിപണികള്‍ക്കൊപ്പം ഇന്ത്യന്‍ വിപണികളും കുതിപ്പ് തുടരുന്നത്.

സെന്‍സെക്‌സിലെ 30ല്‍ 20 ഓഹരികളും നേട്ടത്തിലായിരുന്നു. ബജാജ് ഫിനാന്‍സ്, മഹീന്ദ് ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, എന്‍.ടി.പി.സി എന്നിവയാണ് ഇന്ന് സെന്‍സെക്‌സിന് കരുത്തേകിയത്. നിഫ്റ്റി 50യിലെ 41 ഓഹരികളും നേട്ടം വരിച്ചു.
രൂപ ഇന്ന് ഡോളറിനെതിരെ 83.87ലാണ്.

വിവിധ സൂചികകളുടെ പ്രകടനം

വിശാല വിപണികളും ഇന്ന് നേട്ടത്തിലായിരുന്നു. നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.68 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.48 ശതമാനവും ഉയര്‍ന്നു.

വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം

വിവിധ സെക്ടറല്‍ സൂചികകളില്‍ എഫ്.എം.സി.ജി, മീഡിയ എന്നിവ മാത്രമാണ് ഇന്ന് നഷ്ടം രുചിച്ചത്. രണ്ട് ശതമാനത്തോളം കുതിപ്പുമായി റിയല്‍റ്റിയാണ് സൂചികകളെ പച്ചക്കുറി തൊടുവിച്ചത്. ഫാര്‍മ, റിയല്‍റ്റി, ഹെല്‍ത്ത് കെയര്‍ സൂചികകളും ഒരു ശതമാനത്തിലധികം ഉയര്‍ന്നു. ഫാര്‍മ സൂചിക ഇന്ന് എക്കാലത്തെയും ഉയരം താണ്ടി.
ബി.എസ്.ഇയില്‍ ഇന്ന് 4,045 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 2,221 ഓഹരികള്‍ നേട്ടത്തിലും 1,709 ഓഹരികള്‍ നഷ്ടത്തിലുമായി. 115 ഓഹരികള്‍ക്ക് വിലയില്‍ മാറ്റമില്ല. 280 ഓഹരികളാണ് ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടത്. 21 ഓഹരികള്‍ താഴ്ചയിലേക്ക് പോയി. ഇന്ന് അപ്പര്‍ സര്‍ക്യൂട്ടില്‍ 4 ഓഹരികളും ലോവര്‍ സര്‍ക്യൂട്ടില്‍ രണ്ട് ഓഹരികളുമുണ്ട്.
ഇന്ന് നിക്ഷേപകരുടെ ആസ്തിയില്‍ 1.91 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി.

ഓഹരികളിലെ കുതിപ്പും കിതപ്പും

ഇന്നലെ സെന്‍സെക്‌സിന് റെക്കോഡ് തൊടാൻ കരുത്തു പകര്‍ന്ന റിലയന്‍സ് ഓഹരികള്‍ ഇന്ന് വില്‍പ്പന സമ്മര്‍ദ്ദത്തില്‍പെട്ടു. ഓഹരി 0.56 ശതമാനം ഇടിവിലാണ്.
പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ഓഹരികളിന്ന് 13 ശതമാനത്തിനു മുകളില്‍ ഉയര്‍ന്ന് നിഫ്റ്റി 200ലെ താരമായി. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ആദ്യമായി ഓഹരി വില 600 രൂപയെന്ന നേട്ടം മറികടന്നു. വ്യാപാരാന്ത്യത്തില്‍ 12.70 ശതമാനം ഉയര്‍ന്ന് 624.90 രൂപയിലാണ് ഓഹരി. ഇന്നലത്തെ ക്ലോസിങ് വിലയെ 554.50 രൂപയില്‍ നിന്നാണ് ഓഹരിയുടെ കയറ്റം.
പേയ്ടിഎമ്മിന്റെ ഇന്നത്തെ കുതിപ്പിന് കാരണം കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ട വാര്‍ത്തകളൊന്നുമല്ലെന്നതാണ് ശ്രദ്ധേയം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ രാജ്യത്തെ ഫിന്‍ടെക് കമ്പനികളെ പ്രശംസിച്ചിരുന്നു. സൗണ്ട്‌ബോക്‌സും ക്യു.ആര്‍ കോഡും ഉള്‍പ്പെടെയുള്ള കണ്ടുപിടുത്തങ്ങള്‍ സാമ്പത്തിക സേവന മേഖലയെ ജനാധിപത്യവതകരിച്ചുവെന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. മോദിയുടെ പ്രസംഗം പങ്കുവച്ചുകൊണ്ട് പേയ്ടിഎം എവരുടെ എക്‌സ് പേജില്‍ കുറിപ്പുമിട്ടിട്ടുണ്ട്.
പേയ്ടിഎം പേയ്‌മെന്റ് സര്‍വീസസ് ലിമിറ്റഡില്‍ നിക്ഷേപം നടത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ പേയ്ടിഎം ഓഹരികള്‍ മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നിരുന്നു.

നേട്ടത്തില്‍ ഇവര്‍

എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികളാണ് ഇന്ന് നിഫ്റ്റി 200ല്‍ നേട്ടക്കാരില്‍ രണ്ടാമന്‍. കഴിഞ്ഞ ദിവസം ഓഹരി തിരിച്ചു വാങ്ങല്‍ പ്രഖ്യാപിച്ചതിനു ശേഷം ഓഹരി നേട്ടത്തിലാണ്.
തുടര്‍ച്ചയായി ഓര്‍ഡറുകള്‍ വാങ്ങിക്കൂട്ടുന്ന റെയില്‍ വികാസ് നിംഗത്തിന് ഇന്ന് സതേണ്‍ റെയില്‍വേയില്‍ നിന്ന് 202.87 കോടി രൂപയുടെ പുതിയ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. ഇത് ഓഹരിയില്‍ 4.10 ശതമാനം മുന്നേറ്റത്തിന് ഇടയാക്കി.
പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ട്‌സാണ് കൂടുതല്‍ മുന്നേറ്റം കാഴ്ചവച്ച മറ്റൊരു ഓഹരി. 3.74 ശതമാനം ഉയര്‍ന്ന് മുന്നേറി ഓഹരി വില 1,790 രൂപയിലെത്തി.

നഷ്ടത്തില്‍ ഇവര്‍

വോഡഫോണ്‍ ഐഡിയയാണ് ഇന്ന് 5 ശതമാനത്തിലധികം നഷ്ടവുമായി മുഖ്യ വീഴ്ചക്കാരായത്. പി.എല്‍ അപ്പോളോ ട്യൂബ്‌സ് (2.74 ശതമാനം), സുപ്രീം ഇന്‍ഡസ്ട്രീസ് (2.13 ശതമാനം, ഡിക്‌സണ്‍ ടെക്‌നോളജീസ് ( 2.05 ശതമാനം) എന്നിവയാണ് ഇന്നത്തെ വീഴ്ചയിലെ പിന്തുടര്‍ച്ചക്കാര്‍.

ക്ഷീണത്തിൽ കേരളം ഓഹരികൾ

കേരള ഓഹരികള്‍ക്ക് ഇന്നും വലിയ ഊര്‍ജ്ജമുണ്ടായില്ല. ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലായിരുന്നു. ശതമാന കണക്ക് നോക്കിയാല്‍ നേട്ടത്തില്‍ മുന്നില്‍ സെല്ല സ്‌പോസ് ഓഹരിയാണ്. അഞ്ച് ശതമാനത്തോളമാണ് ഓഹരിയുടെ ഉയര്‍ച്ച. പ്രൈമ അഗ്രോ 3.72 ശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. എ.വി.ടി നാച്വറല്‍ പ്രോഡക്‌സ് 3.44 ശതമാനവും സഫ സിസ്റ്റംസ് 3.48 ശതമാനവും മുന്നേറി.
കേരള ആയുര്‍വേദ 1.72 ശതമാനം നേട്ടമുണ്ടാക്കി. കല്യാണ്‍ ഓഹരികളുടെ നേട്ടം 0.08 ശതമാനം മാത്രമാണ്.

ഓഹരി വിപണിയിലേക്ക് ഏറ്റവും അവസാനം പ്രവേശിച്ച കേരള കമ്പനിയായ ആഡ് ടെക് സിസ്റ്റംസ് ഇന്നും അഞ്ച് ശതമാനം ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 2.63 ശതമാനും സ്റ്റെല്‍ഹോള്‍ഡിംസ് 2.49 ശതമാനവും ഇടിഞ്ഞു.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

കേരള ബാങ്കുകളെടുത്താല്‍ ഫെഡറല്‍ ബാങ്ക് നേരിയ നേട്ടത്തില്‍ (0.22ശതമാനം) പിടിച്ച് നിന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം നഷ്ടച്ചുവപ്പിലായി. എന്‍.ബി.എഫ്.സികളില്‍ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് 2.66 ശതമാനവും മണപ്പുറം ഫിനാന്‍സ് 1.63 ശതമാനവും മുത്തൂറ്റ് ഫിനാന്‍സ് 0.99 ശതമാനവും ഉയര്‍ച്ചയിലായപ്പോള്‍ മുത്തൂറ്റ് മൈക്രോഫിന്‍ രണ്ട് ശതമാനം ഇടിവിലായി.
കിറ്റെക്‌സ്, കിംഗ്‌സ് ഇന്‍ഫ്ര എന്നിവയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Related Articles
Next Story
Videos
Share it