വരുന്നത് മോദിയോ 'ഇന്ത്യ'യോ? ടെന്‍ഷനടിച്ച് വിപണി; ടാറ്റ സ്റ്റീലിന് വന്‍ വീഴ്ച, പേയ്ടിഎം ഇന്നും 5% കുതിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാന്‍ 6 ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഫലമെന്താകുമെന്നത് സംബന്ധിച്ച ആശങ്ക വിപണിയില്‍ പേമാരിയായി പെയ്യുന്നു. നിക്ഷേപകര്‍ നിലവിലെ ഓഹരി പോര്‍ട്ട്‌ഫോളിയോ ലാഭമെടുത്ത് ഒഴിവാക്കുന്നത് വിപണിയെ ഉലയ്ക്കുകയാണ്. കാത്തിരുന്നത് കാണാമെന്ന നിലപാടിലേക്ക് വിദേശനിക്ഷേപ സ്ഥാപനങ്ങളും മാറിയതോടെ സെന്‍സെക്‌സും നിഫ്റ്റിയും നേരിടുന്നത് തുടര്‍ച്ചയായ ഇടിവ്.
മോദി ഭരണത്തിന് തുടര്‍ച്ചയുണ്ടാകുമോ അതോ കൂട്ടുകക്ഷി മുന്നണിയായ 'ഇന്ത്യ' അധികാരം പിടിക്കുമോയെന്നാണ് വിപണി ഉറ്റുനോക്കുന്നത്. നിക്ഷേപകര്‍ക്ക് താത്പര്യം മോദിയുടെ ഭരണത്തുടര്‍ച്ചയാണ്. കാരണം, നിലവിലെ നയങ്ങളുടെ തുടര്‍ച്ച അവര്‍ ആഗ്രഹിക്കുന്നു. ഇന്ത്യ മുന്നണി അധികാരം പിടിച്ചാല്‍ നിലവിലെ നയങ്ങളെല്ലാം പൊളിച്ചെഴുതിയേക്കുമെന്ന ആശങ്ക വലയ്ക്കുകയും ചെയ്യുന്നു.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

അമേരിക്കയില്‍ വീണ്ടും പലിശഭാരം കൂടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുകളും വിപണിയുടെ വീഴ്ചയ്ക്ക് ആക്കംകൂട്ടി. പണപ്പെരുപ്പം ഇപ്പോഴും വെല്ലുവിളി തന്നെയാണെന്നും കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഇനിയും അടിസ്ഥാന പലിശനിരക്ക് കൂട്ടിയേക്കുമെന്നുമുള്ള അഭിപ്രായങ്ങള്‍ ആഗോളതലത്തില്‍ ഓഹരി വിപണികള്‍ക്ക് തിരിച്ചടിയായി.
അമേരിക്കയുടെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്കും ഇന്ത്യയുടെ കഴിഞ്ഞവര്‍ഷത്തെയും മാര്‍ച്ചുപാദത്തിലെയും ജി.ഡി.പിക്കണക്കും നാളെ അറിയാമെന്നതും വിപണിയെ ടെന്‍ഷനടിപ്പിക്കുന്നു. അമേരിക്കന്‍ ഓഹരി വിപണികള്‍ അര ശതമാനം മുതല്‍ 1.06 ശതമാനം വരെയും ഏഷ്യന്‍ വിപണികള്‍ ഒരു ശതമാനത്തിലധികവും ഇടിഞ്ഞത് ഇന്ത്യന്‍ ഓഹരികളിലും വന്‍ സ്വാധീനം ചെലുത്തി.
ഉലയുന്ന ഇന്ത്യന്‍ വിപണി
നഷ്ടത്തില്‍ നിന്ന് കൂടുതല്‍ നഷ്ടത്തിലേക്ക് വീഴുകയാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍. നിക്ഷേപകര്‍ ലാഭമെടുത്ത് പിന്മാറുന്നതാണ് പ്രതിസന്ധി. തിരഞ്ഞെടുപ്പ് ഫലം വന്നശേഷമേ ഈ മനോഭാവം മാറാനിടയുള്ളൂ എന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
സെന്‍സെക്‌സ് ഇന്ന് 617.30 പോയിന്റ് (-0.83%) താഴ്ന്ന് 73,885.60ലും നിഫ്റ്റി 216.05 പോയിന്റിടിഞ്ഞ് (-0.95%) 22,488.65ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി50ല്‍ 10 ഓഹരികളെ പച്ചതൊട്ടുള്ളൂ. 40 എണ്ണം ചുവന്നു. ഐ.സി.ഐ.സി.ഐ ബാങ്കാണ് 1.45 ശതമാനം ഉയര്‍ന്ന് നേട്ടത്തില്‍ മുന്നില്‍. ടാറ്റാ സ്റ്റീല്‍ 5.19 ശതമാനം ഇടിഞ്ഞ് നഷ്ടത്തിലും മുന്നിലെത്തി. മാര്‍ച്ചുപാദത്തില്‍ ലാഭം 64 ശതമാനം കുറഞ്ഞത് ടാറ്റാ സ്റ്റീലിന് തിരിച്ചടിയായി. നിഫ്റ്റി മെറ്റല്‍ സൂചികയുടെ ഇന്നത്തെ 3.01 ശതമാനം വീഴ്ചയില്‍ വലിയ പങ്കുവഹിച്ചതും ടാറ്റാ സ്റ്റീലാണ്.
10 ലക്ഷം കോടിയുടെ നഷ്ടം
ബി.എസ്.ഇയില്‍ ഇന്ന് 1,098 ഓഹരികള്‍ നേട്ടത്തിലും 2,733 എണ്ണം നഷ്ടത്തിലുമായിരുന്നു. 86 ഓഹരികളുടെ വില മാറിയില്ല.
126 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 55 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍, ലോവര്‍-സര്‍ക്യൂട്ടുകള്‍ ഇന്നും കാലിയായി കിടന്നു.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് 4.73 ലക്ഷം കോടി രൂപ താഴ്ന്ന് 410.36 ലക്ഷം കോടി രൂപയായി. 415.09 ലക്ഷം കോടി രൂപയില്‍ നിന്നാണ് വീഴ്ച. കഴിഞ്ഞ 5 ദിവസത്തിനിടെ നിക്ഷേപകരുടെ കീശയില്‍ നിന്ന് ചേര്‍ന്നത് 9.86 ലക്ഷം കോടി രൂപയാണ്.
വിശാല വിപണിയുടെ ട്രെന്‍ഡ്
വിശാലവിപണിയില്‍ ഇന്ന് നിഫ്റ്റി മീഡിയ (+0.48%), സ്വകാര്യബാങ്ക് (+0.32%) എന്നിവയാണ് പച്ചതൊട്ടത്. ബാങ്ക് നിഫ്റ്റിയും 0.37 ശതമാനം ഉയര്‍ന്നു. ടാറ്റാ സ്റ്റീല്‍ സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്നും കനത്ത വില്‍പനസമ്മര്‍ദ്ദത്താലും നിഫ്റ്റി മെറ്റല്‍ 3.01 ശതമാനം താഴേക്കുപോയി.
അമേരിക്കന്‍ ഓഹരികളുടെ വീഴ്ചയുടെ ചുവടുപിടിച്ച്, നിഫ്റ്റി ഐ.ടി ഇന്ന് 2.19 ശതമാനം ഇടിഞ്ഞു. ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ മുഖ്യവരുമാന സ്രോതസ്സാണ് അമേരിക്ക. നിഫ്റ്റി ഓട്ടോ, എഫ്.എം.സി.ജി., ഓയില്‍ ആന്‍ഡ് ഗ്യാസ്, ഹെല്‍ത്ത്‌കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയും 1.8 ശതമാനം വരെ നഷ്ടത്തിലേറി. നിഫ്റ്റി മിഡ്ക്യാപ്പ് സൂചിക 1.34 ശതമാനവും സ്‌മോള്‍ക്യാപ്പ് സൂചിക 1.62 ശതമാനവും താഴ്ന്നു.
നഷ്ടത്തിലേറിയവര്‍
ടാറ്റാ സ്റ്റീല്‍, ടെക് മഹീന്ദ്ര, ടൈറ്റന്‍, പവര്‍ഗ്രിഡ്, ബജാജ് ഫിന്‍സെര്‍വ്, വിപ്രോ, നെസ്‌ലെ, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടി.സി.എസ്., ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്, ഐ.ടി.സി., സണ്‍ ഫാര്‍മ, എച്ച്.സി.എല്‍ ടെക്, എന്‍.ടി.പി.സി., അള്‍ട്രാടെക് എന്നിവ 1.5 മുതല്‍ 5.75 ശതനമാനം വരെ ഇടിഞ്ഞത് സെന്‍സെക്‌സിന് ക്ഷീണമായി.
ഇന്ന് കൂടുതൽ നഷ്ടം കുറിച്ചവർ

കഴിഞ്ഞ 7 മാസത്തിനിടെ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഏറ്റവുമധികം നഷ്ടംകുറിക്കുന്ന ആഴ്ചയായും ഇത് മാറിയിട്ടുണ്ട്.
ജി.എം.ആര്‍ എയര്‍പോര്‍ട്‌സ്, കമിന്‍സ് ഇന്ത്യ, ആല്‍കെം ലാബ്, ടാറ്റാ സ്റ്റീല്‍, മാക്‌സ് ഫിനാന്‍ഷ്യല്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ 4.8 മുതല്‍ 6.38 ശതമാനം വരെ ഇടിഞ്ഞ് നഷ്ടത്തില്‍ മുന്നില്‍. മാര്‍ച്ചുപാദ പ്രവര്‍ത്തനഫലം പുറത്തുവരാനിരിക്കേയായിരുന്നു ജി.എം.ആര്‍ എയര്‍പോര്‍ട്‌സിന്റെ വീഴ്ച. കമ്പനിയുടെ നഷ്ടം 639 കോടി രൂപയില്‍ നിന്ന് 168 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.
ഡീസല്‍, പ്രകൃതിവാതക എന്‍ജിനുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ കമ്മിന്‍സിന് തിരിച്ചടിയായത് മെറ്റീരിയല്‍ മാര്‍ജിന്‍ കുറഞ്ഞേക്കുമെന്ന സ്വന്തം അഭിപ്രായമാണ്. ബ്രോക്കറേജുകള്‍ ലക്ഷ്യവില കുറച്ചതാണ് ആല്‍കെം ലാബ് ഓഹരികളെ തളര്‍ത്തിയത്.
മോശം മാര്‍ച്ചുപാദത്തെ തുടര്‍ന്ന് മാര്‍ക്‌സന്‍സ് ഫാര്‍മ 14 ശതമാനം ഇടിഞ്ഞു. രണ്ട് ഉപകമ്പനികള്‍ക്കെതിരെ റിസര്‍വ് ബാങ്ക് നടപടി എടുത്ത പശ്ചാത്തലത്തില്‍ ഈഡല്‍വീസ് ഓഹരി 12 ശതമാനവും കൂപ്പകുത്തി.
പിടിച്ചുനിന്നവര്‍
പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്) ഓഹരി ഇന്നും 5 ശതമാനം ഉയര്‍ന്ന് അപ്പര്‍-സര്‍ക്യൂട്ടിലെത്തി. കമ്പനിയുടെ ഓഹരികളില്‍ അദാനി കണ്ണുവയ്ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രണ്ടാംനാളിലും ഓഹരി കുതിച്ചു. എന്നാല്‍, ഓഹരി വില്‍പന നീക്കമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഊഹാപോഹം മാത്രമാണെന്ന് അദാനി ഗ്രൂപ്പും പേയ്ടിഎമ്മും വ്യക്തമാക്കിയിരുന്നു.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

പേജ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡിഗോ, സംവര്‍ധന മദേഴ്‌സണ്‍, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് എന്നിവയാണ് ഇന്ന് 2.9 മുതല്‍ 4.42 ശതമാനം വരെ ഉയര്‍ന്ന് നിഫ്റ്റി 200ലെ നേട്ടത്തില്‍ ആദ്യ 5ലുള്ള മറ്റ് ഓഹരികള്‍. നോമുറയും ജെഫറീസും 'വാങ്ങല്‍' (buy) റേറ്റിംഗ് നല്‍കിയ കരുത്തിലാണ് സംവര്‍ധന ഓഹരികള്‍ ഉയരുന്നത്.
തളര്‍ച്ചയുടെ ട്രാക്കില്‍ കേരള ഓഹരികളും
ലാഭമെടുപ്പിന്റെ സമ്മര്‍ദ്ദപ്പേമാരിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ന് കേരള ഓഹരികള്‍ക്കും കഴിഞ്ഞില്ല. കഴിഞ്ഞദിവസങ്ങളില്‍ വലിയ കുതിപ്പ് നടത്തിയ കൊച്ചി കപ്പല്‍ശാല ഓഹരി ഇന്ന് 3.16 ശതമാനം താഴ്ന്നു.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

'മാസപ്പടി' കേസില്‍ അകപ്പെട്ട സി.എം.ആര്‍.എല്‍ കമ്പനിയുടെ ഓഹരി ഇന്ന് 7 ശതമാനത്തോളം ഇടിഞ്ഞു. ഇന്നലെ കമ്പനി മാര്‍ച്ചുപാദ പ്രവര്‍ത്തനഫലം പുറത്തുവിട്ടിരുന്നു. 7 കോടിയോളം രൂപയുടെ നഷ്ടമാണ് കുറിച്ചത്.
മോശം മാര്‍ച്ചുപാദ പ്രവര്‍ത്തനഫലത്തിന്റെ പശ്ചാത്തലത്തില്‍ ആസ്റ്റര്‍ ഓഹരി 2.59 ശതമാനം താഴ്ന്നു. ഇന്‍ഡിട്രേഡ് ഇന്ന് 13 ശതമാനം താഴേക്കിറങ്ങി.
കേരള ആയുര്‍വേദ, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, കല്യാണ്‍ ജുവലേഴ്‌സ്, ഇന്ന് പ്രവര്‍ത്തനഫലം പുറത്തുവിടുന്ന മുത്തൂറ്റ് ഫിനാന്‍സ്, സ്‌കൂബിഡേ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫാക്ട്, സി.എസ്.ബി ബാങ്ക്, ഇസാഫ് എന്നിവ 1.4 മുതല്‍ 5.36 ശതമാനം വരെ താഴ്ന്നു.
ഭേദപ്പെട്ട മാര്‍ച്ചുപാദ പ്രവര്‍ത്തനഫലം പുറത്തുവിട്ട ആസ്പിന്‍വോള്‍ ഓഹരി ഇന്ന് 1.08 ശതമാനം കയറി. സെല്ല സ്പസ് 4.94 ശതമാനം, നിറ്റ ജെലാറ്റിന്‍ 2.45 ശതമാനം, സ്റ്റെല്‍ 2.41 ശതമാനം എന്നിങ്ങനെയും നേട്ടമുണ്ടാക്കി.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it