കറുത്ത തിങ്കള്‍! നിഫ്റ്റിക്കും സെന്‍സെക്‌സിനും വന്‍ വീഴ്ച; അപ്പര്‍ സര്‍ക്യൂട്ടടിച്ച് കിറ്റെക്‌സും സ്‌കൂബിയും

പുതിയ വാരത്തിന് ചോരപ്പുഴയോടെ തുടക്കമിട്ട് ഇന്ത്യന്‍ ഓഹരി വിപണി. എല്ലാ മേഖലകളിലും വില്‍പ്പന സമ്മര്‍ദ്ദം പിടിമുറിക്കിയത് സൂചികകളെ വന്‍ തകര്‍ച്ചയിലേക്ക് നയിച്ചു. സെന്‍സെക്‌സ് 1,272.07 പോയിന്റ് (1.49 ശതമാനം) ഇടിഞ്ഞ് 84,299.78ലെത്തി. നിഫ്റ്റി 368.10 പോയിന്റ് (1.41 ശതമാനം) ഇടിഞ്ഞ് 25,810.85ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള വിപണികളിലെ പ്രശ്‌നങ്ങളാണ് ഇന്ത്യന്‍ വിപണിയെയും കുഴപ്പത്തിലാക്കിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായത് ചൈനയുടെ ഉത്തേജക പാക്കേജുകള്‍ക്കിടയിലും ഏഷ്യന്‍ വിപണികളെ ഉലച്ചു. യെമനിലേക്കും ലബനനിലെ ബെയ്‌റൂട്ടിലേക്കും വ്യോമാക്രമണം ബാധിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഘഭരിതമാക്കുന്നുണ്ട്. ഇറാന്‍ ആക്രമണത്തിന് ഇറങ്ങിയാല്‍ ഇസ്രായേലിനൊപ്പം യു.എസും ചേരും എന്നതും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
അതേ സമയം ജപ്പാന്റെ പുതിയ പ്രധാനമന്ത്രി പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്കകള്‍ നിക്കീ(Nikkei) സൂചികയെയും താഴ്ത്തി.
ആഗോള വിപണികളുടെ ചുവടുപിടിച്ച് രാവിലെ ചാഞ്ചാട്ടത്തില്‍ തുടങ്ങിയ വിപണി ദിവസം മുഴുവന്‍ ആ ട്രെന്‍ഡ് പിന്തുടരുകയായിരുന്നു. ചൈനീസ് ഗവണ്‍മെന്റ് വിവിധ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ അവതരിപ്പിച്ചത് വിദേശ നിക്ഷേപക സ്ഥാപങ്ങളുടെ (FIIs) ശ്രദ്ധ ചൈനീസ് വിപണിയിലേക്ക് തിരിച്ചിട്ടുണ്ട്.
ഇതുകൂടാതെ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസംഗം ഇന്നാണ്. മോണിറ്ററി പോളിസിയുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നാണ് നിരീക്ഷകര്‍ നോക്കുന്നത്. ഈ ആഴ്ച യു.എസില്‍ നിന്നുള്ള തൊഴില്‍ കണക്കുകളും മാനുഫാക്ചറിംഗ് ആന്‍ഡ് സര്‍വീസ് മേഖലകളിലെ സര്‍വേ, സ്വകാര്യമേഖലയിലെ തൊഴില്‍ കണക്കുകള്‍ എന്നിവയും പുറത്തു വരാനിരിക്കുന്നുണ്ട്.
ഇന്ത്യന്‍ രൂപ ഇന്ന് 11 പൈസ ഇടിഞ്ഞ് 83.80 രൂപയിലെത്തി.

വിവിധ സൂചികകളുടെ പ്രകടനം

വിശാല വിപണിയിൽ നിഫ്റ്റി മിഡ്ക്യാപ്, സ്മാൾ ക്യാപ് സൂചികകൾ 0.38 ശതമാനം, 0.32 ശതമാനം എന്നിങ്ങനെ ഇടിവിലായി
വിവിധ സൂചികകളെടുത്താൽ മെറ്റലും മീഡിയയും മാത്രമാണ് ഇന്ന് നേട്ടത്തില്‍ പിടിച്ചു നിന്നത്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫാര്‍മ, പി.എസ്.യു ബാങ്ക് എന്നിവ ഒന്നു മുതല്‍ രണ്ട് ശതമാനം വരെ ഇടിഞ്ഞു. .

വിവിധ സൂചികകളുടെ പ്രകടനം

ചൈനയുടെ സാമ്പത്തിക രംഗം മെച്ചപ്പെടുത്താന്‍ നടപടികള്‍ പ്രഖ്യാപിച്ചതാണ് നിഫ്റ്റി മെറ്റല്‍ ഓഹരികളെ 1.3 ശതമാനം വരെ ഉയര്‍ത്തിയത്. മീഡിയ 1.12 ശതമാനം മുന്നേറി.
ഇന്ത്യന്‍ ഓഹരി വിപണികളുടെ ചാഞ്ചാട്ടത്തിന്റെ ആക്കം സൂചിപ്പിക്കുന്ന ഇന്ത്യ വിക്‌സ് (India VIX) ഇന്ന് ഏഴ് ശതമാനമുയര്‍ന്നു.
ബി.എസ്.ഇയില്‍ ഇന്ന് 4,193 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 1,819 ഓഹരികള്‍ നേട്ടത്തിലും 2,223 ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. 151 ഓഹരികളുടെ വില മാറിയില്ല,
302ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 58 ഓഹരികള്‍ താഴ്ന്ന വിലയിലാണ്. എട്ട് ഓഹരികളാണ് വ്യാപാരാന്ത്യം അപ്പര്‍ സര്‍ക്യൂട്ടിലുള്ളത്. മൂന്ന് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമുണ്ട്.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇന്ന് 3.55 ലക്ഷം കോടിയുടെ ഇടിവുണ്ടായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസിനൊപ്പം ഐ.ടി, ബാങ്കിംഗ് ഓഹരികളുമാണ് ഇന്ന് വിപണിയെ പ്രധാനമായും നഷ്ടത്തിലാക്കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ ചേർന്ന് 730 പോയിന്റ് നഷ്ടപ്പെടുത്തി. ഇന്‍ഫോസിസ്, മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, എസ്.ബി.ഐ, ഐ.ടി.സി എന്നിവയും ഇതില്‍ പങ്ക് ചേര്‍ന്നു.

നേട്ടത്തില്‍ ഇവര്‍

മിക്ക വാഹന കമ്പനി ഓഹരികളും താഴ്ചയിലാണ്. ഹീറോ മോട്ടോ കോര്‍പ് നാലു ശതമാനത്തോളം താഴ്ന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2.16 ശതമാനവും ബജാജ് ഓട്ടാേ 2.46 ശതമാനവും ഇടിവിലാണ്. മാരുതിയുടെ നഷ്ടം 1.84 ശതമാനമാണ്.

ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സാണ് ഇന്ന് 4.05 ശതമാനം നേട്ടവുമായി നിഫ്റ്റി 200ല്‍ മികച്ച് നിന്നത്. ഇരുമ്പയിര് വില ഉയര്‍ന്നത് എന്‍.എം.ഡി.സി ഓഹരികളെ 4.03 ശതമാനം വരെ ഉയര്‍ത്തി. എ.പി.എല്‍ അപ്പോളോ ട്യൂബ്‌സ് തുടര്‍ച്ചയായ നാലാം വ്യാപാര ദിനത്തിലും മുന്നേറ്റം കാഴ്ചവച്ചു. ഇന്ന് ഓഹരി വില 3.363 ശതമാനം ഉയര്‍ന്നു.

നേട്ടത്തിലായവര്‍

കല്യാണ്‍ ജുവലറി ഓഹരികള്‍ ഇന്ന് 3.30 ശതമാനം ഉയര്‍ന്ന് നിഫ്റ്റി 50യുടെ നേട്ടപ്പട്ടികയില്‍ ഇടം പിടിച്ചു. കുറച്ചു ദിവസങ്ങളായി നിരന്തരം ഉയരുന്ന പിസി ജൂവലേഴ്സ് ഇന്നും അഞ്ചു ശതമാനം ഉയർന്നു.
ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ ഇന്ന് 2.93 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം സെഷനിലാണ് ഓഹരി മുന്നേറ്റം നടത്തിയത്. ഇന്ന് 1.67 ലക്ഷം ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ടു.

നഷ്ടത്തിലായവര്‍

മാക്രോ ടെക് ഓഹരികളാണ് ഇന്ന് 4.98 ശതമാനം താഴ്ന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടത്. ഭാരതി ഹെക്‌സാകോം (4.15 ശതമാനം) അദാനി ഗ്രീന്‍ എനര്‍ജി (4.09 ശതമാനം), ഹീറോമോട്ടോകോര്‍പ്പ് (4.03 ശതമാനം), ഇന്ത്യന്‍ ഹോട്ടല്‍സ് ( 3.40 ശതമാനം) എന്നിവ ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തി മുന്നിലെത്തി.

റിലയന്‍സ് ഗ്രൂപ്പിന്റെ വാര്‍ത്താ ഇതര ചാനലുകള്‍ സ്റ്റാര്‍ നെറ്റ്‌വര്‍ക്കുമായി യോജിപ്പിക്കാന്‍ കേന്ദ്ര വാര്‍ത്ത-വിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചെങ്കിലും റിലയന്‍സ് ഓഹരി വില 3.09 ശതമാനം ഇടിഞ്ഞു. ലാഭമെടുപ്പാണ് ഓഹരിയെ തളര്‍ത്തിയത്.

കേരളം ഓഹരികളുടെ പ്രകടനം

കേരള ഓഹരികളില്‍ ഇന്ന് സ്‌കൂബി ഡേ ഹോളിഡേയ്‌സ് ഇന്ന് ഒരു വേള 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടടിച്ചു. ഓഹരി വില 114.12 രൂപയെന്ന ഒരു വര്‍ഷത്തെ ഉയര്‍ന്ന വിലയും തൊട്ടു.
കിറ്റെക്സ് ഓഹരികളും ഇന്ന് അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയിരുന്നു. ഓഹരി വില 515.65 രൂപയെന്ന 52 ആഴ്ചയിലെ ഉയര്‍ന്ന വിലയും തൊട്ടു. കമ്പനിയുടെ വിപണി മൂല്യം 3,429.07 കോടിയായി. കയറ്റുമതി ഓര്‍ഡറുകള്‍ കൂടാനുള്ള സാധ്യതയാണ് ടെക്‌സ്‌റ്റൈല്‍ ഓഹരികള്‍ക്ക് ഇന്ന് ഗുണമായത്.
ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍ ( 4.78 ശതമാനം), പാറ്റ്‌സ്പിന്‍ (5.19 ശതമാനം), യൂണിറോയല്‍ (4.95 ശതമാനം), സെല്ല സ്‌പേസ് (4.97 ശതമാനം) എന്നിവയാണ് ഇന്ന് കൂടുതല്‍ നേട്ടം കൈവരിച്ച കേരള ഓഹരികള്‍.

കേരള ഓഹരികളുടെ പ്രകടനം

ഫെഡറല്‍ ബാങ്ക് ഓഹരിയുടെ ലക്ഷ്യവില ജാപ്പനീസ് ബ്രോക്കറേജ് നോമുറ 240 രൂപയായി ഉയര്‍ത്തി. ഓഹരി വില ഇന്ന് 1.54 ശതമാനം ഉയര്‍ന്ന് 196.69 രൂപയായി. സി.എസ്.ബി ബാങ്കും ഒരു ശതമാനത്തിലധികം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വെള്ളിയാഴ്ച മികച്ച നേട്ടം കാഴ്ചവച്ച കൊച്ചിൻ ഷിപ്പ്യാര്‍ഡ് ഓഹരി ഇന്ന് 0.39 ശതമാനത്തിന്റെ നേരിയ ഉയര്‍ച്ച നേടി. ഫാക്ടും നേരിയ നേട്ടത്തിലാണ്.
മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ഇന്ന് 5.23 ശതമാനം ഇടിഞ്ഞ് 368 രൂപയിലെത്തി.കേരളം ആസ്ഥാനമായ എന്‍.ബി.എഫ്.സികളും ഇന്ന് നഷ്ടം രേഖപ്പെടുത്തി. ടോളിന്‍സ് ടയേഴ്‌സ് 3.79 ശതമാനം താഴ്ചയിലാണ്.

Related Articles

Next Story

Videos

Share it