Begin typing your search above and press return to search.
ബജറ്റില്‍ പ്രതീക്ഷ, ഓഹരികളില്‍ കുതിപ്പ്; ഐ.പി.ഒ വിലയെ കടത്തിവെട്ടി പോളിസിബസാര്‍, തിളങ്ങി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ (ഫെബ്രുവരി 1) ഇടക്കാല ബജറ്റ് അവതരിപ്പിക്കാനിരിക്കേ, ഇന്നത്തെ ദിനം ആഘോഷമാക്കി ഇന്ത്യന്‍ ഓഹരി സൂചികകള്‍. 2024-25 വര്‍ഷത്തേക്കുള്ള സര്‍ക്കാരിന്റെ സാമ്പത്തിക ദിശാബോധത്തിന് അടിത്തറയിടുന്നതാകും ഈ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു.
ഇടക്കാല ബജറ്റായതിനാല്‍ വലിയ പ്രഖ്യാപനങ്ങളോ നികുതി നിരക്കിലും മറ്റും കാതലായ മാറ്റങ്ങളോ ഉണ്ടാകാനിടയില്ല. എങ്കിലും, വോട്ട് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. ജനങ്ങളെയും നിക്ഷേപക ലോകത്തെയും നിര്‍മ്മല നിരാശപ്പെടുത്തിയേക്കില്ലെന്ന വിലയിരുത്തലുകളും ഇന്ന് ഓഹരി വിപണിയുടെ കുതിപ്പിന് വളമായി.
തുടക്കം മുതല്‍ നേട്ടത്തിലായിരുന്ന സെന്‍സെക്‌സ് ഒരുവേള ചാഞ്ചാട്ടത്തിലേക്ക് കടന്നെങ്കിലും പിന്നീട് നേട്ടം നിലനിറുത്തി മുന്നേറി. വ്യാപാരാന്ത്യത്തില്‍ സെന്‍സെക്‌സ് 612 പോയിന്റ് (0.86%) ഉയര്‍ന്ന് 71,752.11ലും നിഫ്റ്റി 203 പോയിന്റ് (0.95%) നേട്ടവുമായി 21,725.70 പോയിന്റിലുമാണുള്ളത്.
നിഫ്റ്റി 50ല്‍ ഇന്ന് 46 ഓഹരികളും നേട്ടം കൊയ്തപ്പോള്‍ 4 എണ്ണം മാത്രമേ നഷ്ടം രുചിച്ചുള്ളൂ. ബി.എസ്.ഇയില്‍ 2,411 ഓഹരികള്‍ നേട്ടത്തിലും 1,411 എണ്ണം നഷ്ടത്തിലുമായിരുന്നു. 92 ഓഹരികളുടെ വില മാറിയില്ല.
440 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 24 ഓഹരികള്‍ താഴ്ചയിലുമായിരുന്നു. അപ്പര്‍-സര്‍കീട്ടിലും ലോവര്‍-സര്‍കീട്ടിലും കമ്പനികളൊന്നുമുണ്ടായില്ല. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപകമൂല്യം ഇന്ന് 4.58 ലക്ഷം കോടി രൂപ വര്‍ധിച്ച് 379.78 ലക്ഷം കോടി രൂപയുമായി.
കുതിപ്പിന് നിരവധി കാരണങ്ങളും
ബജറ്റ് പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന വിലയിരുത്തലുകളാണ് ഇന്ന് ഓഹരി വിപണിക്ക് പ്രധാന ഊര്‍ജമായത്. ഇന്ന് ഇന്ത്യന്‍ സമയം രാത്രിവൈകി പുറത്തുവരുന്ന അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ധനനയം അനുകൂലമാകുമെന്ന വിലയിരുത്തലുകളും ശക്തമാണ്. അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള നീക്കങ്ങള്‍ക്ക് യു.എസ് ഫെഡ് വേഗം കൂട്ടുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപക ലോകം.
അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ യു.എസ് ട്രഷറി ബോണ്ട് യീല്‍ഡ് വീണ്ടും 4 ശതമാനത്തിന് താഴേക്ക് നീങ്ങുകയാണ്. ബോണ്ട് യീല്‍ഡ് അനാകര്‍ഷകമായാല്‍ ഇന്ത്യയില്‍ നിന്നും മറ്റും പിന്മാറുന്ന പ്രവണത വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (FIIs) താത്കാലികമായെങ്കിലും ഒഴിവാക്കും. ഇത് ഓഹരി വിപണിക്ക് നേട്ടമാകും. ഈ മാസം ഇതിനകം 25,000 കോടിയോളം രൂപ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.
ബാങ്കിംഗ് ഓഹരികളിലുണ്ടായ മികച്ച വാങ്ങല്‍ താത്പര്യവും ഓഹരി സൂചികകള്‍ക്ക് ഇന്ന് കരുത്തായി. കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തിരിച്ചടി നേരിട്ട എച്ച്.ഡി.എഫ്.സി ബാങ്ക് ഇപ്പോള്‍ നേട്ടത്തിന്റെ ട്രാക്കിലാണ്. ഓഹരി പങ്കാളിത്തം ഉയര്‍ത്തി എല്‍.ഐ.സി രക്ഷകനായി എത്തിയത് എച്ച്.ഡി.എഫ്.സിക്ക് കരുത്തായി. ബാങ്ക് ഓഫ് ബറോഡ, എസ്.ബി.ഐ തുടങ്ങിയ പൊതുമേഖലാ ബാങ്കോഹരികളുടെ ഓഹരികളുടെ മികച്ച പ്രകടനവും ഇന്ന് സൂചികകള്‍ക്ക് ഉന്മേഷം പകര്‍ന്നു. ബാങ്ക് ഓഫ് ബറോഡയുടെ മൂന്നാംപാദ ലാഭം 19 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
പച്ചതൊട്ട് വിശാല വിപണി
വിശാല വിപണിയില്‍ ഇന്ന് എല്ലാ വിഭാഗങ്ങളും പച്ചതൊട്ടത് ആശ്വാസകരമാണ്. നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക 2.27 ശതമാനവും സ്വകാര്യ ബാങ്ക് 1.16 ശതമാനവും നേട്ടമുണ്ടാക്കി. 1.39 ശതമാനമാണ് ബാങ്ക് നിഫ്റ്റിയുടെ കുതിപ്പ്.
നിഫ്റ്റി ഫാര്‍മ 2.68 ശതമാനം, ഹെല്‍ത്ത്‌കെയര്‍ 2.85 ശതമാനം, മെറ്റല്‍ 1.39 ശതമാനം, ഓട്ടോ 1.85 ശതമാനം എന്നിങ്ങനെയും നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ്ക്യാപ്പ് 1.63 ശതമാനവും സ്‌മോള്‍ക്യാപ്പ് 2.25 ശതമാനവും നേട്ടത്തിലാണ്.
പോളിസിബസാറിന്റെ മുന്നേറ്റം
പ്രമുഖ ധനകാര്യ സേവന കമ്പനിയായ പോളിസിബസാര്‍ (PB Fintech) ഇന്ന് 10.20 ശതമാനം നേട്ടം കൊയ്തു. നഷ്ടത്തിന്റെ ട്രാക്കില്‍ നിന്ന് മൂന്നാംപാദത്തില്‍ ലാഭത്തിലേക്ക് ആദ്യമായി കയറിയതും പോളിസി വരുമാനത്തിലും എബിറ്റ്ഡയിലും മികച്ച നേട്ടമുണ്ടാക്കിയതും പോളിസിബസാറിന്റെ ഓഹരികള്‍ക്ക് ആഘോഷമായി. 2021ല്‍ ലിസ്റ്റ് ചെയ്ത പോളിസിബസാറിന്റെ ഐ.പി.ഒ വില 980 രൂപയായിരുന്നു. ഇത് പിന്നീട് 356 രൂപയിലേക്ക് കൂപ്പുകുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് ഐ.പി.ഒ വിലയെ മറികടന്ന ഓഹരിവില, ആയിരം രൂപയ്ക്കുമേല്‍ എത്തുകയും ചെയ്തു.
മൂന്നാംപാദ പ്രവര്‍ത്തനഫലം സമ്മിശ്രമായിരുന്നെങ്കിലും നോമുറയില്‍ നിന്ന് 'വാങ്ങല്‍' (buy) സ്റ്റാറ്റസ് കിട്ടിയ പശ്ചാത്തലത്തില്‍ വോള്‍ട്ടാസ് ഇന്ന് 7 ശതമാനത്തിലധികം കുതിച്ചു.
മാക്‌സ് ഹെല്‍ത്ത്‌കെയര്‍, കെ.പി.ഐ.ടി ടെക്‌നോളജീസ്, ഡെല്‍ഹിവെറി എന്നിയുമാണ് ഇന്ന് 6-7 ശതമാനം നേട്ടവുമായി നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ടോപ് 5 കമ്പനികളുടെ പട്ടികയിലുള്ളത്.
ഡോ. റെഡ്ഡീസ്, ഐഷര്‍ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, ഡിവീസ് ലാബ്, ടാറ്റാ മോട്ടോഴ്‌സ്, സിപ്ല, ബജാജ് ഫിന്‍സെര്‍വ്, മാരുതി സുസുക്കി എന്നിവയും ഇന്ന് നേട്ടത്തിലേറിയ പ്രമുഖരാണ്. മാരുതിയുടെ മൂന്നാംപാദ ലാഭം 33 ശതമാനവും സണ്‍ ഫാര്‍മയുടേത് 15 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.
എല്‍ ആന്‍ഡ് ടി., ഇന്‍ഡസ് ടവേഴ്‌സ്, മാന്‍കൈന്‍ഡ് ഫാര്‍മ, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്, ആസ്ട്രല്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ടവ. മൂന്നാംപാദത്തില്‍ ലാഭം ഉയര്‍ന്നെങ്കിലും ഇ.പി.എസില്‍ ഉള്‍പ്പെടെ നിരാശപ്പെടുത്തിയതാണ് എല്‍ ആന്‍ഡ് ടിക്ക് ക്ഷീണമായത്.
മികച്ച പാദഫലങ്ങളില്‍ തിളങ്ങി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും കിറ്റെക്‌സും
കേരളത്തില്‍ നിന്നുള്ള കമ്പനികളില്‍ ഇന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 4 ശതമാനവും ഇന്‍ഡിട്രേഡ് 4.05 ശതമാനവും കിറ്റെക്‌സ് 3.64 ശതമാനവും നേട്ടമുണ്ടാക്കി. മികച്ച ഡിസംബര്‍പാദ ഫലത്തിന്റെ പിന്‍ബലത്തിലാണ് ഇവയുടെ കുതിപ്പ്.
120 ശതമാനത്തിലധികം ലാഭവളര്‍ച്ച കുറിച്ച കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. കിറ്റെക്‌സിന്റെ ലാഭത്തിലും വരുമാനത്തിലും മികച്ച വര്‍ധനയുണ്ട്.
കല്യാണ്‍ ജുവലേഴ്‌സിന്റെ ഡിസംബര്‍പാദ പ്രവര്‍ത്തനഫലവും ഇന്ന് പുറത്തുവന്നു. ലാഭം 22 ശതമാനവും വരുമാനം 34 ശതമാനവും ഉയര്‍ന്നെങ്കിലും ഓഹരി പക്ഷേ, 4.9 ശതമാനം താഴ്ന്നു. ഇന്ന് പ്രവര്‍ത്തനഫലം പുറത്തുവിട്ട ജിയോജിത്തിന്റെ ഓഹരിവില 0.37 ശതമാനം താഴ്ന്നു. ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ ലാഭവും വരുമാനവും മെച്ചപ്പെട്ടിട്ടുണ്ട്.
ഗള്‍ഫില്‍ ഇരട്ട ഐ.പി.ഒയ്ക്ക് സജ്ജമാകുന്ന ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഇന്ന് 2.86 ശതമാനം നേട്ടമുണ്ടാക്കി. കേരള ആയുര്‍വേദ, വണ്ടര്‍ല, ഫാക്ട്, ഫെഡറല്‍ ബാങ്ക് എന്നിവയും ഭേദപ്പെട്ട നേട്ടം കുറിച്ചു.
ധനലക്ഷ്മി ബാങ്ക്, ഹാരിസണ്‍സ് മലയാളം, കിംഗ്‌സ് ഇന്‍ഫ്ര, മുത്തൂറ്റ് മൈക്രോഫിന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ നഷ്ടത്തിലാണുള്ളത്.
Next Story
Videos