വലച്ചില്ല അമേരിക്കന്‍ പലിശ; ഓഹരികളില്‍ മികച്ച നേട്ടം

ഇന്ത്യയിലെ നിക്ഷേപകരില്‍ ആശങ്കയ്ക്ക് ഇടനല്‍കാതെയുള്ള അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പുതിയ പണനയം ഓഹരി സൂചികകള്‍ക്ക് ഇന്ന് ആവേശമായി. അടിസ്ഥാന പലിശനിരക്ക് ഇന്നലെ ഫെഡ് 0.25 ശതമാനം കൂട്ടിയെങ്കിലും അടുത്ത യോഗങ്ങളില്‍ തത്കാലം പലിശനിരക്കുകള്‍ കൂട്ടിയേക്കില്ലെന്ന സൂചന നല്‍കിയതാണ് ഓഹരികള്‍ക്ക് ഗുണകരമായത്. അമേരിക്കയില്‍ വീണ്ടും ചില ബാങ്കുകള്‍ തകര്‍ച്ചാഭീഷണിയില്‍ ആണെങ്കിലും ഇന്ത്യയെ അത് സാരമായി ബാധിക്കില്ലെന്ന വിലയിരുത്തലുകളും നിക്ഷേപകരെ ഓഹരിവിപണിയില്‍ ഇന്ന് സജീവമായി നിലനിര്‍ത്തി.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം


555.95 പോയിന്റുയര്‍ന്ന് (0.91 ശതമാനം) 61,749.25ലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയുള്ളത് 165.95 പോയിന്റ് (0.92 ശതമാനം) നേട്ടവുമായി 18,255.80ലും. സെന്‍സെക്‌സിന്റെ മൂന്ന് മാസത്തെയും നിഫ്റ്റിയുടെ നാല് മാസത്തെയും ഉയരമാണിത്. ഇന്ത്യയിലെ കോര്‍പ്പറേറ്റ് കമ്പനികളുടെ മികച്ച താരതമ്യേന ഭേദപ്പെട്ട നാലാംപാദ പ്രവര്‍ത്തനഫലങ്ങളും ഓഹരിവിപണിക്ക് ഗുണകരമായിട്ടുണ്ട്. എഫ്.എം.സി.ജി ഒഴികെയുള്ള എല്ലാ ശ്രേണികളിലും ഇന്ന് മികച്ച വാങ്ങല്‍ താത്പര്യമുണ്ടായി. എഫ്.എം.സി.ജി നേരിട്ടതാകട്ടെ നേരിയ ഇടിവുമാണ്. അമേരിക്ക പലിശ ഉയര്‍ത്തിയെങ്കിലും ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന നടപടികളില്‍ നിന്ന് പിന്നാക്കോം പോകാത്ത വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ (എഫ്.ഐ.ഐ) നിലപാടും ഓഹരി സൂചികകള്‍ക്ക് കരുത്താകുന്നുണ്ട്.

മുന്നേറിയവര്‍ ഇവര്‍
പി.എസ്.യു ബാങ്ക്, ബാങ്കിംഗ്, ധനകാര്യ, ലോഹം ഓഹരികളാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. നിഫ്റ്റി ധനകാര്യ സേവന സൂചിക 1.55 ശതമാനം മുന്നേറി. ബജാജ് ഫിനാന്‍സ്, എച്ച്.ഡി.എഫ്.സി., എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയിന്റ്‌സ്, എസ്.ബി.ഐ., ടി.സി.എസ്., ഭാരതി എയര്‍ടെല്‍ എന്നിവയാണ് സൂചികകളുടെ മുന്നേറ്റത്തെ നയിച്ചത്.
ഇന്ന് കൂടുതൽ നേട്ടം കൈവരിച്ചവർ


ടാറ്റാ ടെലി (മഹാരാഷ്ട്ര), ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍സ്, എ.ബി.ബി ഇന്ത്യ, അദാനി എന്റര്‍പ്രൈസസ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഹിന്‍ഡന്‍ബര്‍ഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ക്കിടയിലും അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസസ് കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ കൈവരിച്ചത് ഇരട്ടിയിലേറെ ലാഭമാണ്. വ്യാപാരത്തിന്റെ മുന്തിയപങ്കും ചാഞ്ചാട്ടത്തിലായിരുന്ന കമ്പനിയുടെ ഓഹരികള്‍, പ്രവര്‍ത്തനഫലം പുറത്തുവന്ന ശേഷം അവസാന മണിക്കൂറിലാണ് നേട്ടത്തിലേക്ക് കുതിച്ചുകയറിയത്.
നഷ്ടത്തിലേക്ക് വീണവര്‍
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവ

ഓഹരി സൂചികകള്‍ മുന്നേറിയെങ്കിലും ചില ഓഹരികളില്‍ വില്‍പന സമ്മര്‍ദ്ദമുണ്ടായി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, നെസ്‌ലെ, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ഐ.ടി.സി, ടാറ്റാ മോട്ടോഴ്‌സ് എന്നിവയാണ് നഷ്ടം നേരിട്ട പ്രമുഖര്‍. പെട്രോനെറ്റ് എല്‍.എന്‍.ജി., ഐ.ആര്‍.എഫ്.സി., ഡാബര്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് എന്നിവയാണ് കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത്.
രൂപ മുന്നോട്ട്, ക്രൂഡോയിലില്‍ നഷ്ടം
ഓഹരികളില്‍ ദൃശ്യമായ നേട്ടവും വിദേശ നിക്ഷേപത്തിലെ വര്‍ദ്ധനയും രൂപയ്ക്കും ഇന്ന് നേട്ടമായി. ഡോളറിനെതിരെ 0.02 പൈസയുടെ നേട്ടവുമായി 81.79ലാണ് രൂപയുള്ളത്. ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങള്‍ ക്രൂഡോയില്‍ വിലയെ വേട്ടയാടുകയാണ്. ഒരാഴ്ചയ്ക്കിടെ വില 10 ശതമാനത്തോളം കുറഞ്ഞുകഴിഞ്ഞു. ഇന്നും ഡബ്‌ള്യു.ടി.ഐ ക്രൂഡ് വില ബാരലിന് 0.16 ശതമാനം നഷ്ടം കുറിച്ചു. 68.49 ഡോളറാണ് വില. ബ്രെന്റ് വില 0.21 ശതമാനം ഉയര്‍ന്ന് 72.48 ഡോളറായി. ഏപ്രില്‍ 28ന് ഡബ്ല്യു.ടി.ഐ വില 76.86 ഡോളറായിരുന്നു; അന്ന് ബ്രെന്റിന് 79.5 ഡോളറും.
നേട്ടത്തോടെ മണപ്പുറം, വണ്ടര്‍ല, റബ്ഫില
കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം

കേരളം ആസ്ഥാനമായുള്ള നിരവധി കമ്പനികളും ഇന്ന് മികച്ച നേട്ടത്തിലാണുള്ളത്. വണ്ടര്‍ല 5.50 ശതമാനം മുന്നേറിയപ്പോള്‍ മണപ്പുറം കുറിച്ച നേട്ടം 4.65 ശതമാനം. ഇന്‍ഡിട്രേഡ് 3.99 ശതമാനവും റബ്ഫില ഇന്റര്‍നാഷണല്‍ 3.97 ശതമാനവും ഉയര്‍ന്നു. എ.വി.ടി., കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കല്യാണ്‍ ജുവലേഴ്‌സ്, കിറ്റെക്‌സ്, കെ.എസ്.ഇ., പാറ്റ്‌സ്പിന്‍, സ്‌കൂബിഡേ എന്നിവയാണ് നഷ്ടത്തിലേക്ക് വീണ കേരള ഓഹരികള്‍. ചെന്നൈയില്‍ ഒരുക്കുന്ന തീം പാര്‍ക്കിന് തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി ലഭിച്ചതാണ് വണ്ടര്‍ല ഓഹരികളില്‍ കുതിപ്പുണ്ടാക്കിയത്.

Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it