പുതിയ ഉയരത്തിലും ഉഷാറില്ലാതെ വിപണി; മിന്നിത്തിളങ്ങി ടാറ്റാ ഓഹരികള്‍, ബാങ്ക് നിഫ്റ്റിയില്‍ വില്‍പന സമ്മര്‍ദ്ദം

റെക്കോഡ് തിരുത്തി പുതിയ ഉയരംതൊട്ടിട്ടും ഇന്ത്യന്‍ ഓഹരി സൂചികകളില്‍ ഇന്നും അലയടിച്ചത് ആലസ്യം. സെന്‍സെക്‌സ് 33.40 പോയിന്റ് (0.05%) ഉയര്‍ന്ന് 74,119.39ലും നിഫ്റ്റി 19.50 പോയിന്റ് (0.09%) നേട്ടവുമായി 22,493.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നൊരുവേള നിഫ്റ്റി 22,525.65 പോയിന്റും സെന്‍സെക്‌സ് 74,245.17 പോയിന്റും വരെ ഉയര്‍ന്നിരുന്നു. രണ്ടും എക്കാലത്തെയും ഉയരമാണ്. സ്വകാര്യ ബാങ്കുകള്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയില്‍ നിഴലിച്ച വില്‍പനസമ്മര്‍ദ്ദമാണ് ഇന്ന് സൂചികകളുടെ കുതിപ്പിന് തടയിട്ടത്.
വിപണിയുടെ ട്രെന്‍ഡ്
ബി.എസ്.ഇയില്‍ 2,077 ഓഹരികള്‍ നേട്ടത്തിലും 1,732 എണ്ണം നഷ്ടത്തിലുമായിരുന്നു. 113 ഓഹരികളുടെ വില മാറിയില്ല. 169 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 61 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍കീട്ട് ഇന്നും ഒഴിഞ്ഞുകിടന്നു. ലോവര്‍-സര്‍കീട്ടില്‍ ഒരു ഓഹരിയുണ്ടായിരുന്നു.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

സൂചികകള്‍ നിര്‍ജീവമായിരുന്നെങ്കിലും ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപക സമ്പത്ത് ഇന്ന് 1.51 ലക്ഷം കോടി രൂപ വര്‍ധിച്ച് 392.81 ലക്ഷം കോടി രൂപയിലെത്തി.
നിഫ്റ്റി 50ല്‍ ഇന്ന് 30 ഓഹരികള്‍ നേട്ടത്തിലും 20 എണ്ണം നഷ്ടത്തിലുമായിരുന്നു. ടാറ്റാ കണ്‍സ്യൂമര്‍, ടാറ്റാ സ്റ്റീല്‍, ബജാജ് ഓട്ടോ എന്നിവ മൂന്ന് ശതമാനത്തിലധികം ഉയര്‍ന്ന് നേട്ടത്തില്‍ മുന്നിലെത്തിയപ്പോള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബി.പി.സി.എല്‍., റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ 1.6-4 ശതമാനം ഇടിഞ്ഞ് നഷ്ടത്തില്‍ മുന്നിലെത്തി.
നിരാശപ്പെടുത്തിയവര്‍
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് നിരാശപ്പെടുത്തിയ പ്രമുഖര്‍. മഹീന്ദ്രയിലെ പ്രൊമോട്ടര്‍മാരിലൊന്നായ പ്രുഡന്‍ഷ്യല്‍ മാനേജ്‌മെന്റ് ആന്‍ഡ് സര്‍വീസസ് 0.8 ശതമാനം ഓഹരി വിറ്റൊഴിഞ്ഞെന്ന വാര്‍ത്തകളാണ് ഓഹരികളെ തളര്‍ത്തിയത്.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മദേഴ്‌സണ്‍ സുമി, അപ്പോളോ ടയേഴ്‌സ്, സിജി പവര്‍, ബി.പി.സി.എല്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടവ. സിറ്റി ഗ്യാസ് പദ്ധതിക്കുള്ള ചെലവ് ചുരുക്കാന്‍ സംസ്ഥാനങ്ങളുമായി പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് (PNGRB) ചര്‍ച്ച ചെയ്യുന്നു എന്ന വാര്‍ത്തകളാണ് ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹിരികളെ വലച്ചത്.
നേട്ടത്തിലേറിയവര്‍
ജുനിപ്പെര്‍ ഗ്രീന്‍ എനര്‍ജിയില്‍ നിന്ന് 72.5 മെഗാവാട്ടിന്റെ ഊര്‍ജ കരാര്‍ ലഭിച്ച പശ്ചാത്തലത്തില്‍ സുസ്‌ലോണ്‍ എനര്‍ജി ഇന്ന് 5 ശതമാനം അപ്പര്‍-സര്‍കീട്ടിലെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ഇടിവ് നേരിട്ടശേഷമാണ് കരാറിന്റെ പിന്‍ബലത്തില്‍ ഇന്ന് കരകയറ്റം.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

ടാറ്റാ ഓഹരികളാണ് ഇന്നത്തെ പ്രധാന താരങ്ങള്‍. മാതൃകമ്പനിയായ ടാറ്റാ സണ്‍സ് ഐ.പി.ഒയ്ക്ക് സജ്ജമാകുന്നുവെന്ന വാര്‍ത്തകളും ഇത് മൂല്യം മെച്ചപ്പെടാന്‍ സഹായിക്കുമെന്ന വിലയിരുത്തലുകളും ടാറ്റാ ഓഹരികള്‍ ആഘോഷമാക്കി.
ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐ.ടി.സി, നെസ്‌ലെ, ടി.സി.എസ് എന്നിവ സെന്‍സെക്‌സില്‍ ഇന്ന് നേട്ടത്തില്‍ മുന്നിലെത്തിയ പ്രമുഖരാണ്.
ടാറ്റാ കെമിക്കല്‍സ് 11.30 ശതമാനവും ടാറ്റാ പവര്‍ 8.48 ശതമാനവും ഉയര്‍ന്ന് നിഫ്റ്റി 200ല്‍ നേട്ടത്തില്‍ മുന്നിലെത്തി. ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ എന്നിവയാണ് നേട്ടത്തില്‍ ഇവയ്ക്ക് തൊട്ടുപിന്നാലെയുള്ളവ. ബിസിനസ് ഹെഡ്ഡായി പങ്കജ് റായിയെ സീ മീഡിയ കോര്‍പ്പറേഷന്‍ നിയമിച്ചിട്ടുണ്ട്.
വിശാലവിപണിയില്‍ മീഡിയ മിന്നിച്ചു
വിശാല വിപണിയില്‍ നിഫ്റ്റി മീഡിയ ഇന്ന് 2.54 ശതമാനം ഉയര്‍ന്നു. സീ, ഡി.ബി കോര്‍പ്പറേഷന്‍, നെറ്റ്‌വര്‍ക്ക് 18 എന്നിവയുടെ തിളക്കമാണ് ഗുണം ചെയ്തത്.
മെറ്റല്‍ 1.38 ശതമാനവും എഫ്.എം.സി.ജി 0.98 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് 1.20 ശതമാനവും പ്രൈവറ്റ് ബാങ്ക് 0.38 ശതമാനവും ഓട്ടോ 0.26 ശതമാനവും ഇടിഞ്ഞു. ബാങ്ക് നിഫ്റ്റി 0.27 ശതമാനം താഴ്ന്നു.
നിഫ്റ്റി മിഡ്ക്യാപ്പ് ഇന്ന് 0.22 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.85 ശതമാനവും കരകയറിയത് ആശ്വാസമാണ്. ഊതിവീര്‍പ്പിച്ച വാല്യൂവേഷന്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ അലയടിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഇവ രണ്ടും താഴ്ചയിലേക്ക് വീണിരുന്നു.
തിളങ്ങി ധനലക്ഷ്മി ബാങ്കും കേരള ആയുര്‍വേദയും
കേരള ഓഹരികളില്‍ ഇന്ന് അപ്പോളോ ടയേഴ്‌സ് 3.45 ശതമാനം ഇടിഞ്ഞു. ഈസ്‌റ്റേണ്‍ 2.37 ശതമാനവും താഴ്ന്നു. ഹാരിസണ്‍സ് മലയാളം, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, നിറ്റ ജെലാറ്റിന്‍, പ്രൈമ അഗ്രോ, സഫ സിസ്റ്റംസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സ്‌കൂബിഡേ, ടി.സി.എം., വെര്‍ട്ടെക്‌സ്, വണ്ടര്‍ല എന്നിവയും നഷ്ടം രുചിച്ചു.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

അതേസമയം കേരള ആയുര്‍വേദ 5 ശതമാനം ഉയര്‍ന്നു. ധനലക്ഷ്മി ബാങ്ക് 3.12 ശതമാനവും കൊച്ചി കപ്പല്‍ശാല 1.40 ശതമാനവും സെല്ല സ്‌പേസ് 4.92 ശതമാനവും സി.എം.ആര്‍.എല്‍ 2.96 ശതമാനവും കിംഗ്‌സ് ഇന്‍ഫ്ര രണ്ട് ശതമാനവും പ്രൈമ ഇന്‍ഡസ്ട്രീസ് 4 ശതമാനവും ഉയര്‍ന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it