Begin typing your search above and press return to search.
റിലയന്‍സും ബാങ്കുകളും തുണച്ചു; നഷ്ടത്തില്‍ നിന്ന് കരകയറി ഓഹരികള്‍; പവര്‍ ഫിനാന്‍സും ആര്‍.വി.എന്‍.എല്ലും ഇടിഞ്ഞു
ദിവസം മുഴുവന്‍ നീണ്ട കനത്ത ചാഞ്ചാട്ടത്തിനും സമ്മര്‍ദ്ദത്തിനുമൊടുവില്‍ നേട്ടത്തിലേറി വ്യാപാരം അവസാനിപ്പിച്ച് സെന്‍സെക്‌സും നിഫ്റ്റിയും. ആഗോള തലത്തില്‍ നിന്നുള്ള വെല്ലുവിളികള്‍, കോര്‍പ്പറേറ്റ് കമ്പനികളുടെ സമ്മിശ്രമായ മൂന്നാംപാദ പ്രവര്‍ത്തനഫലം തുടങ്ങിയ കാരണങ്ങളാലാണ് ഓഹരി സൂചികകള്‍ ചാഞ്ചാട്ടത്തിലേക്ക് വീണത്. എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും ബാങ്കിംഗ്, ധനകാര്യ ഓഹരികളും സ്വന്തമാക്കിയ മികച്ച വാങ്ങല്‍ താത്പര്യത്തിന്റെ കരുത്തില്‍ വൈകിട്ടോടെ ഓഹരി സൂചികകള്‍ കരകയറുകയായിരുന്നു.
ഇന്ത്യക്ക് പുറമേ അമേരിക്ക, ബ്രിട്ടന്‍ എന്നിവയുടെ പണപ്പെരുപ്പ കണക്കുകള്‍ അടുത്തയാഴ്ച പുറത്തുവരും. അടിസ്ഥാന പലിശനിരക്ക് അതിവേഗം കുറയണമെങ്കില്‍ പണപ്പെരുപ്പം താഴേണ്ടത് ഏറെ അനിവാര്യമാണ്. അമേരിക്കന്‍, ജാപ്പനീസ് ഓഹരി വിപണികള്‍ മികച്ച നേട്ടത്തിലാണുള്ളത്. അതേസമയം, അവധിയുടെ ആലസ്യത്തിലാണ് ചൈനീസ്, ഹോങ്കോംഗ് വിപണികള്‍.
സെന്‍സെക്‌സ് ഇന്ന് 71,410ല്‍ തുടങ്ങി 71,200 വരെ താഴുകയും 71,676 വരെ ഉയരുകയും ചെയ്തിരുന്നു. വ്യാപാരാന്ത്യത്തിലുള്ളത് 167 പോയിന്റ് (0.23%) നേട്ടവുമായി 71,595ലാണ്. നിഫ്റ്റി 64 പോയിന്റ് (0.3%) നേട്ടവുമായി 21,782ലും വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി 50ല്‍ ഇന്ന് 27 ഓഹരികള്‍ നേട്ടത്തിലും 23 എണ്ണം നഷ്ടത്തിലുമായിരുന്നു. ഗ്രാസിം ഇന്‍ഡസ്ട്രീസ്, എസ്.ബി.ഐ., അപ്പോളോ ഹോസ്പിറ്റല്‍, സണ്‍ ഫാര്‍മ, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ നിഫ്റ്റി 50യുടെ നേട്ടത്തിന് ചുക്കാന്‍ പിടിച്ചു. എച്ച്.ഡി.എഫ്.സി ബാങ്കും എസ്.ബി.ഐയും റിലയന്‍സുമാണ് നിഫ്റ്റി 50ല്‍ ഇന്ന് പക്ഷേ, ഏറ്റവും സജീവമായി വ്യാപാരം ചെയ്യപ്പെട്ടത്.
ബി.എസ്.ഇയില്‍ 1,270 ഓഹരികളേ ഇന്ന് നേട്ടത്തിലേറിയുള്ളൂ. 2,573 ഓഹരികള്‍ ചുവപ്പണിഞ്ഞു. 89 ഓഹരികളുടെ വില മാറിയില്ല. 357 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 35 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍, ലോവര്‍-സര്‍കീട്ടുകള്‍ ഇന്നും കാലിയായിരുന്നു.
അതേസമയം, ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപക സമ്പത്ത് ഇന്ന് 1.84 ലക്ഷം കോടി രൂപ ഇടിഞ്ഞ് 386.36 ലക്ഷം കോടി രൂപയായി. കഴിഞ്ഞ രണ്ടുദിവസത്തിനിടെ കൊഴിഞ്ഞത് മൂന്ന് ലക്ഷം കോടിയോളം രൂപയാണ്.
നേട്ടത്തിലേറിയവര്‍
എസ്.ബി.ഐ., സണ്‍ഫാര്‍മ, ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ടൈറ്റന്‍, ഏഷ്യന്‍ പെയിന്റ്‌സ്, നെസ്‌ലെ എന്നിവ ഇന്ന് സെന്‍സെക്‌സിനെ നേട്ടത്തിലേറ്റുന്നതില്‍ മികച്ച പിന്തുണയേകി.
കേന്ദ്രം വീണ്ടും 5ജി സ്‌പെക്ട്രം ലേലത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ റിലയന്‍സ് ജിയോയുടെ മാതൃസ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഊര്‍ജമായിട്ടുണ്ട്. വോഡഫോണ്‍ ഐഡിയ ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി.
സീ എന്റര്‍ടെയ്ന്‍മെന്റ്, ഗ്രാസിം ഇന്‍സ്ട്രീസ്, വോഡഫോണ്‍ ഐഡിയ, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക് എന്നിവയാണ് നിഫ്റ്റി 20ല്‍ ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയവ. ലയനം പൊളിഞ്ഞ സംഭവത്തില്‍ സോണിക്കെതിരെ നിയമനടപടി കടുപ്പിക്കാനുള്ള സീയുടെ നീക്കം ഓഹരികള്‍ക്ക് കരുത്താവുന്നുണ്ട്.
ഡിസംബര്‍പാദ ലാഭം 48 ശതമാനം കുതിച്ച പശ്ചാത്തലത്തിലാണ് ഗ്രാസിം ഓഹരികള്‍ ഇന്ന് തിളങ്ങിയത്. എച്ച്.ഡി.എഫ്.സി ബാങ്കിന് യെസ് ബാങ്കില്‍ ഓഹരി പങ്കാളിത്തം 9.50 ശതമാനം വരെ ഉയര്‍ത്താമെന്ന് റിസര്‍വ് ബാങ്ക് അനുവാദം നല്‍കിയിരുന്നു. 2,500 കോടി രൂപ ഉന്നമിട്ടുള്ള കടപ്പത്രങ്ങള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ബാങ്ക് ഓഫ് ബറോഡ.
ഡിസംബര്‍ പാദത്തില്‍ ലാഭം പാദാടിസ്ഥാനത്തില്‍ നാല് മടങ്ങ് വര്‍ധിച്ചതിനെ തുടര്‍ന്ന് സൊമാറ്റോ ഓഹരി ഇന്ന് 4 ശതമാനം കയറി.
നിരാശപ്പെടുത്തിയവര്‍
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, എന്‍.ടി.പി.സി., ടാറ്റാ സ്റ്റീല്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് സെന്‍സെക്‌സില്‍ കൂടുതല്‍ നഷ്ടം നേരിട്ടത്. ക്രൂഡോയില്‍ വില വീണ്ടും നേട്ടത്തിന്റെ ട്രാക്കിലായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍., എച്ച്.പി.സി.എല്‍ ഓഹരികളും ഇന്ന് വില്‍പന സമ്മര്‍ദ്ദത്തില്‍ മുങ്ങി. 6 ശതമാനം വരെയാണ് ഇവയുടെ നഷ്ടം.
പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, റെയില്‍വേ ഓഹരിയായ ആര്‍.വി.എന്‍.എല്‍., രാംകോ സിമന്റ്‌സ്, പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്), അപ്പോളോ ടയേഴ്‌സ് എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ ഇടിവ് നേരിട്ടത്. മൂന്നാംപാദ ഫലം മികച്ചതാവുകയും സി.എല്‍.എസ്.എയില്‍ നിന്ന് മികച്ച 'വാങ്ങല്‍' റേറ്റിംഗ് കിട്ടുകയും ചെയ്തിട്ടും പവര്‍ ഫിനാന്‍സ് ഓഹരി ഇന്ന് 8 ശതമാനത്തിലധികം കൂപ്പകുത്തി. ലിക്വിഡിറ്റി കവറേജ് റേഷ്യോ പാലിക്കാത്തതിന് റിസര്‍വ് ബാങ്ക് കഴിഞ്ഞദിവസം കമ്പനിക്കെതിരെ നടപടിയെടുത്തിരുന്നു.
മൂന്നാംപാദത്തില്‍ ലാഭവും വരുമാനവും ഇടിഞ്ഞ പശ്ചാത്തലത്തിലാണ് ആര്‍.വി.എന്‍.എല്‍ ഓഹരികളുടെ തളര്‍ച്ച. ലാഭം 6.4 ശതമാനവും വരുമാനം 6 ശതമാനവുമാണ് കുറഞ്ഞത്. ലാഭക്ഷമതയുടെ അളവുകോലായ എബിറ്റ്ഡ മാര്‍ജിന്‍ 9 ശതമാനത്തിലധികം കുറഞ്ഞതും ഓഹരികളെ സമ്മര്‍ദ്ദത്തില്‍ മുക്കി.
വിശാല വിപണിയില്‍ ഇന്ന് 1.01 ശതമാനം നേട്ടവുമായി നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചികയാണ് കൂടുതല്‍ തിളങ്ങിയത്. നിഫ്റ്റി മെറ്റല്‍ 1.54 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് 1.39 ശതമാനവും ഇടിഞ്ഞു. സ്‌മോള്‍, മിഡ്ക്യാപ്പ് ഓഹരികളിലും വില്‍പന സമ്മര്‍ദ്ദം കനത്തു. നിഫ്റ്റി മിഡ്ക്യാപ്പ് 0.89 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.40 ശതമാനവും നഷ്ടത്തിലേക്ക് വീണു. ബാങ്കിംഗ്, ധനകാര്യ ഓഹരികളുടെ പ്രകടന മികവിന്റെ കരുത്തില്‍ ബാങ്ക് നിഫ്റ്റി ഇന്ന് 1.38 ശതമാനം നേട്ടമുണ്ടാക്കി.
ഇസാഫ് ബാങ്കിന്റെ വീഴ്ച
ഇസാഫ് ബാങ്ക് ഓഹരി ഇന്ന് 16.34 ശതമാനം നഷ്ടം നേരിട്ടു. ഡിസംബര്‍പാദ ലാഭം പാദാടിസ്ഥാനത്തില്‍ കുറഞ്ഞിരുന്നു. ലാഭം 27 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്ന് നിറ്റ ജെലാറ്റിന്‍ ഓഹരി 10 ശതമാനം താഴ്ന്നു. ലാഭം 78 ശതമാനം കൂടിയെങ്കിലും ലാഭമെടുപ്പ് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇന്ന് അപ്പോളോ ടയേഴ്‌സ് ഓഹരി 5.3 ശതമാനം താഴ്ന്നത്.
സൗത്ത് ഇന്ത്യന്‍ ബാങ്ക്, സി.എം.ആര്‍.എല്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, ഇന്‍ഡിട്രേഡ്, കെ.എസ്.ഇ എന്നിവയും ഇന്ന് മൂന്ന് ശതമാനത്തിലേറെ താഴ്ന്നു.
കല്യാണ്‍ ജുവലേഴ്‌സ് 3.61 ശതമാനം നേട്ടത്തിലേറി. ഫെഡറല്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ്, ടി.സി.എം., യൂണിറോയല്‍, വി-ഗാര്‍ഡ്, വണ്ടര്‍ല എന്നിവയും ഇന്ന് നേട്ടത്തിലാണുള്ളത്.
Next Story
Videos