Begin typing your search above and press return to search.
റെക്കോഡിലേക്ക് 'മാര്‍ച്ച്' ചെയ്ത് ഓഹരി വിപണി; നിക്ഷേപകര്‍ക്ക് നേട്ടം ₹4.29 ലക്ഷം കോടി, എണ്ണയും മെറ്റലും തുണച്ചു, സെയില്‍ 10% കുതിച്ചു
പ്രതീക്ഷകളെയും പ്രവചനങ്ങളെയും കടത്തിവെട്ടി 'അവിശ്വസനീയ' ജി.ഡി.പി വളര്‍ച്ച കുറിച്ച ഇന്ത്യയുടെ മുന്നേറ്റവും ആശ്വാസനിരക്കിലേക്ക് താഴ്ന്ന അമേരിക്കന്‍ പണപ്പെരുപ്പവും സമ്മാനിച്ച ആവേശത്തിന്റെ കരുത്തുമായി വന്‍ മുന്നേറ്റത്തോടെ പുതിയ ഉയരത്തിലേക്ക് ഇരച്ചുകയറി ഇന്ത്യന്‍ ഓഹരി വിപണി.
വ്യാപാര സെഷനിലൂടനീളം നേട്ടത്തിന്റെ ട്രാക്കിലായിരുന്നു ഇന്ന് സെന്‍സെക്‌സും നിഫ്റ്റിയും. നേട്ടത്തോടെ 72,606ല്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് ഇന്നൊരുവേള സര്‍വകാല റെക്കോഡ് ഉയരമായ 73,819 വരെ മുന്നേറി. വ്യാപാരാന്ത്യത്തിലുള്ളത് 1,245.05 പോയിന്റ് (+1.72%) നേട്ടവുമായി എക്കാലത്തെയും ഉയര്‍ന്ന ക്ലോസിംഗ് പോയിന്റായ 73,745.35ലാണ്.
മികച്ച മുന്നേറ്റം നടത്തിയ നിഫ്റ്റി 355.95 പോയിന്റ് (+1.62%) നേട്ടവുമായി റെക്കോഡ് 22,338.75ലും വ്യാപാരം അവസാനിപ്പിച്ചു. ഇന്നൊരുവേള നിഫ്റ്റിയും 22,353.30 എന്ന സര്‍വകാല ഉയരം തൊട്ടിരുന്നു. അമേരിക്കന്‍ പണപ്പെരുപ്പം 2.4 ശതമാനമെന്ന ആശ്വാസ നിരക്കിലേക്ക് താഴ്ന്നത് ആഗോള ഓഹരികള്‍ക്കാകെ ഉണര്‍വായിട്ടുണ്ട്. അടിസ്ഥാന പലിശനിരക്കുകള്‍ വൈകാതെ താഴാന്‍ ഇത് സഹായിക്കുമെന്ന വിലയിരുത്തലാണ് ആവേശമാകുന്നത്.
ഇന്ത്യയുടെ ഡിസംബര്‍പാദ ജി.ഡി.പി വളര്‍ച്ച റിസര്‍വ് ബാങ്കുള്‍പ്പെടെ പ്രതീക്ഷിച്ച 6.5-6.9 ശതമാനമെന്ന അനുമാനത്തേക്കാള്‍ ബഹുദൂരം കടന്ന് 8.4 ശതമാനമായെന്ന കേന്ദ്രസര്‍ക്കാരിന്റെ കണക്കും ആവേശം വിതറി. പുറമേ, വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (FII) വീണ്ടും ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതും ഓഹരികളെ നേട്ടത്തിലേക്ക് നയിച്ചു.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി 50ല്‍ ഇന്ന് 37 ഓഹരികള്‍ നേട്ടത്തിലും 13 എണ്ണം നഷ്ടത്തിലുമായിരുന്നു. 6.89 ശതമാനവും കുതിച്ച് ടാറ്റാ സ്റ്റീലും 4.35 ശതമാനം മുന്നേറി എല്‍ ആന്‍ഡ് ടിയും നേട്ടത്തില്‍ മുന്നിലെത്തി. 3.65 ശതമാനം താഴ്ന്ന് ഡോ. റെഡ്ഡീസ് ലാബാണ് നഷ്ടത്തില്‍ മുന്നില്‍.
ബി.എസ്.ഇയില്‍ 2,366 ഓഹരികള്‍ നേട്ടത്തിലും 1,489 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 92 ഓഹരികളുടെ വില മാറിയില്ല. 242 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 33 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍കീട്ട് കാലിയായിരുന്നു. ലോവര്‍-സര്‍കീട്ടില്‍ ഒരു കമ്പനിയുണ്ടായിരുന്നു.
ബി.എസ്.ഇയിലെ മൊത്തം ലിസ്റ്റഡ് കമ്പനികളുടെ സംയുക്ത നിക്ഷേപക സമ്പത്തും ഇന്ന് പുതിയ ഉയരം താണ്ടി. 4.29 ലക്ഷം കോടി രൂപയുടെ വര്‍ധനയുമായി 392.25 ലക്ഷം കോടി രൂപയായാണ് നിക്ഷേപക സമ്പത്ത് ഉയര്‍ന്നത്.
വിശാല വിപണിയില്‍ നേട്ടത്തിന്റെ കാഹളം
ഇന്ത്യയുടെ ജി.ഡി.പി മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് മാനുഫാക്ചറിംഗ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളാണെന്നതും നടപ്പുവര്‍ഷം ഇന്ത്യ 7.6 ശതമാനമെന്ന മികച്ച വളര്‍ച്ച കുറിക്കുമെന്നുമുള്ള വിലയിരുത്തല്‍ സ്റ്റീല്‍, മെറ്റല്‍ ഓഹരികളെ ഇന്ന് ആഘോഷത്തിമിര്‍പ്പിലാക്കി.
നിഫ്റ്റി മെറ്റല്‍ 3.62 ശതമാനം മുന്നേറി. ഫെബ്രുവരിയിലെ മികച്ച വാഹന വില്‍പനക്കണക്കിന്റെ കരുത്തില്‍ നിഫ്റ്റി ഓട്ടോ സൂചിക 2.25 ശതമാനം ഉയര്‍ന്നു. എച്ച്.എസ്.ബി.സി പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി., എച്ച്.പി.സി.എല്‍., ബി.പി.സി.എല്‍ എന്നിവയ്ക്ക് 'വാങ്ങല്‍' (BUY) റേറ്റിംഗ് നല്‍കിയതും കേന്ദ്രം ഡീസല്‍ കയറ്റുമതിക്കുള്ള വിന്‍ഡ്‌ഫോള്‍ ടാക്‌സ് പൂജ്യമാക്കിയതും ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികയെ 2.25 ശതമാനം ഉയര്‍ത്തി.
നിഫ്റ്റി ധനകാര്യം, പി.എസ്.യു ബാങ്ക്, പ്രൈവറ്റ് ബാങ്ക് എന്നിവയും രണ്ട് ശതമാനത്തിലധികം കുതിച്ചു. ബാങ്ക് നിഫ്റ്റി 2.53 ശതമാനമാണ് മുന്നേറിയത്.
കഴിഞ്ഞദിവസങ്ങളിലെ നിരാശകള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് മിഡ്, സ്‌മോള്‍ക്യാപ്പ് ഓഹരികളും തിളങ്ങി. നിഫ്റ്റി മിഡ്ക്യാപ്പ് 0.94 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.52 ശതമാനവും നേട്ടത്തിലേറി.
നേട്ടത്തിലേറിയവരും കിതച്ചവരും
വമ്പന്മാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്‍ഡ് ടി., ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റാ സ്റ്റീല്‍, എസ്.ബി.ഐ എന്നിവയിലുണ്ടായ മികച്ച താത്പര്യം ഇന്ന് സെന്‍സെക്‌സിന്റെ മുന്നേറ്റത്തിന് അടിത്തറയിട്ടു.
ടാറ്റാ മോട്ടോഴ്‌സ്, എന്‍.ടി.പി.സി., ആക്‌സിസ് ബാങ്ക്, ടൈറ്റന്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അള്‍ട്രാടെക് സിമന്റ്, മാരുതി സുസുക്കി എന്നിവയും തിളങ്ങി.
ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ വിപണിമൂല്യം രണ്ടുലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് മറികടന്നു. സൊമാറ്റോയുടെ വിപണിമൂല്യവും 1.5 ലക്ഷം കോടി കടന്നിട്ടുണ്ട്.
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (SAIL) 10 ശതമാനത്തിലേറെ ഉയര്‍ന്ന് നിഫ്റ്റി 200ല്‍ നേട്ടത്തില്‍ മുന്നിലെത്തി. ഓയില്‍ ഇന്ത്യ 7.86 ശതമാനവും ടാറ്റാ സ്റ്റീല്‍ 6.89 ശതമാനവും കുതിച്ചു. ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ടി.വി.എസ് മോട്ടോര്‍ എന്നിവയാണ് 6.6 ശതമാനം വരെ നേട്ടവുമായി തൊട്ടുപിന്നാലെയുള്ളത്.
ആശുപത്രി ഫീസുകളിലെ വൈരുദ്ധ്യം പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയിലെ ഓഹരികള്‍ നേരിടുന്ന നഷ്ടം ഇന്നും തുടര്‍ന്നു. മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഇന്ന് 7 ശതമാനം ഇടിഞ്ഞ് നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ മുന്നിലെത്തി.
പോളിസിബസാറിന്റെ മാതൃകമ്പനിയായ പി.ബി ഫിന്‍ടെക്കിന്റെ ഓഹരിവില 5 ശതമാനം താഴ്ന്നു. കഴിഞ്ഞദിവസമാണ് പോളിസിബസാറിന് ഐ.ആര്‍.ഡി.എ.ഐയില്‍ നിന്ന് കോമ്പസിറ്റ് ഇന്‍ഷ്വറന്‍സ് ബ്രോക്കര്‍ ലൈസന്‍സ് അപ്‌ഗ്രേഡ് ലഭിച്ചത്. ഐ.സി.ഐ.സി.ഐ ലൊമ്പാര്‍ഡ് ഇന്‍ഷ്വറന്‍സ്, ഡോ.റെഡ്ഡീസ്, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ ടോപ് 5ലുള്ള മറ്റ് ഓഹരികള്‍.
കരകയറി ധനലക്ഷ്മി ബാങ്ക്, കിതച്ച് ആസ്റ്റര്‍
ഏതാനും ദിവസങ്ങളായി നഷ്ടത്തിലായിരുന്ന ശേഷം ഇന്നലെ നേട്ടത്തിലേറിയ ധനലക്ഷ്മി ബാങ്ക് ഇന്നും തിളങ്ങി. 4.53 ശതമാനമാണ് ഇന്നത്തെ മുന്നേറ്റം. വി-ഗാര്‍ഡ് 4.19 ശതമാനം നേട്ടത്തിലേറി.
അതേസമയം, ഫീസ് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ആസ്റ്റര്‍ ഓഹരി വിലയും ഇന്ന് താഴേക്കുപോയി; 1.96 ശതമാനമാണ് ഇന്നത്തെ നഷ്ടം.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കേരള ആയുര്‍വേദ, കെ.എസ്.ഇ., വണ്ടര്‍ല എന്നിവയാണ് നഷ്ടത്തിലേക്ക് ഇന്നുവീണ പ്രധാന കേരള ഓഹരികള്‍. 0.08 മുതല്‍ 2.6 ശതമാനം വരെയാണ് ഇവയുടെ നഷ്ടം.
Next Story
Videos