Begin typing your search above and press return to search.
നിഫ്റ്റിക്ക് പുതിയ ഉയരം, എന്‍.ബി.സി.സിക്ക് 18% കുതിപ്പ്, അടിച്ചു കയറി കേരളത്തിന്റെ കിംഗ്‌സ് ഇന്‍ഫ്രാ
രാവിലെ ചാഞ്ചാട്ടത്തിലായിരുന്ന സൂചികകള്‍ ഇടയ്‌ക്കൊരുവേള ആവേശക്കുതിപ്പിലായതോടെ നിഫ്റ്റി 25,129.60 എന്ന റെക്കോഡ് ഉയരം തൊട്ടു. പക്ഷെ, റെക്കോഡ് നിലവാരത്തിലെ വില്‍പ്പന സമ്മര്‍ദ്ദം നിഫ്റ്റിയെ വ്യാപാരാന്ത്യത്തില്‍ 36.60 പോയിന്റ ഇടിവോടെ 25,052ലേക്ക് എത്തിച്ചു. തുടര്‍ച്ചയായ പത്താം വ്യാപാരദിനമാണ് നിഫ്റ്റി നേട്ടത്തില്‍ ക്ലോസ് ചെയ്യുന്നത്.
സെന്‍സെക്‌സും ഇന്ന് റെക്കോഡ് നിലവാരമായ 82,129.49 പോയിന്റില്‍ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ (82,039.26) എത്തിയശേഷം 73.80 പോയിന്റ് ഉയര്‍ന്ന് 81,785.56ല്‍ അവസാനിപ്പിച്ചു.
നിഫ്റ്റി 50യില്‍ 29 ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നിറുത്തിയത്. മാരുതി സുസുകി, അദാനി എന്റര്‍പ്രൈസസ്, ഏഷ്യന്‍ പെയിന്റ്‌സ്, ശ്രീറാം ഫിനാന്‍സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയവ 1.34 ശതമാനം വരെ നഷ്ടത്തിലായി.
സെന്‍സെക്‌സില്‍ 30ല്‍ 20 ഓഹരികളും നഷ്ടത്തിലാണ് അവസാനിപ്പിച്ചത്. ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, നെസ്‌ലെ ഇന്ത്യ, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് നഷ്ടത്തില്‍ മുന്നിലെത്തിയത്.
വിവിധ സൂചികകളുടെ പ്രകടനം
വിശാലവിപണിയില്‍ സ്‌മോള്‍ (0.07), മിഡ്ക്യാപ്പുകള്‍ (0.12%) നേരിയ നഷ്ടത്തിലായി.
വിവിധ ഓഹരി വിഭാഗങ്ങളെടുത്താല്‍ നിഫ്റ്റി ഐ.ടി (1.64 ശതമാനം), ഫാര്‍മ( 1.14 ശതമാനം), ഹെല്‍ത്ത്‌കെയര്‍ (1.20) എന്നിവ മാത്രമാണ് ഇന്ന് നേട്ടത്തിന്റെ പച്ചവെളിച്ചം കണ്ടത്. നിഫ്റ്റി മീഡിയ 1.41 ശതമാനം ഇടിവിലാണ്. എഫ്.എം.സി.ജി, പ്രൈവറ്റ് ബാങ്ക് സൂചികകളും 0.40 ശതമാനത്തോളം ഇടിഞ്ഞു.
നേട്ടം റിലയന്‍സ് എ.ജി.എമ്മിലേക്ക്
47-ാമത് വാര്‍ഷിക പൊതുയോഗം നാളെ നടക്കാനിരിക്കെ റിലയന്‍സ് ഓഹരികളിന്ന് ക്ഷീണത്തിലാണ്. അടുത്ത വര്‍ഷത്തേക്കുള്ള കമ്പനിയുടെ പുതിയ ബിസിനുകളെയും പദ്ധതികളെയും കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇതിലുണ്ടാകുമെന്നാണ് കരുതുന്നത്. അതേ പോലെ റിലയന്‍സ് റീറ്റെയ്ല്‍, ജിയോ പ്ലാറ്റ്‌ഫോംസ് എന്നിവയുടെ പ്രാരംഭ ഓഹരി വില്‍പ്പനകള്‍ എപ്പോഴുണ്ടാകുമെന്ന സൂചനയും വിപണി പ്രതീക്ഷിക്കുന്നുണ്ട്. ഇരു കമ്പനികളേയും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലിസ്റ്റ് ചെയ്യുമെന്നായിരുന്നു 2019ലെ വാര്‍ഷിക യോഗത്തില്‍ കമ്പനി പ്രഖ്യാപിച്ചത്. ന്യൂ എനര്‍ജി ബിസിനസുകളെ കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ടാകുമെന്ന് കരുതുന്നു. 2026ല്‍ ബാറ്ററി ഗിഗാ ഫാക്ടറി തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ഇന്ന് 0.063 ശതമാനത്തിന്റെ നേരിയ ഇടിവോടെ 2,999 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
കുതിപ്പിലിവര്‍
എല്‍.ടി.ഐ മൈന്‍ഡ്ട്രീയാണ് ഇന്ന് 6.31 ശതമാനം നേട്ടവുമായി നിഫ്റ്റി 200ല്‍ താരമായത്. നിഫ്റ്റി 50യില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന ഓഹരിയുടെ റേറ്റിംഗ് കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് ഉയര്‍ത്തിയതാണ് മുന്നേറ്റത്തിനിടയാക്കിയത്. നേരത്തെ ഓഹരി കുറയ്ക്കാന്‍ (reduce) ശിപാര്‍ശ നല്‍കിയിരുന്നത് ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കുക (Add) എന്നാക്കിയിട്ടുണ്ട്. ലക്ഷ്യ വില 5,500ല്‍ നിന്ന് 6,200 ആയും ഉയര്‍ക്കി. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഉയര്‍ച്ച ee ഐ.ടി ഓഹരിക്ക് ഗുണകരമാകുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്.
സൂഡിയോ, വെസ്റ്റ്‌സൈഡ് ബ്രാന്‍ഡുകളുടെ മാതൃകമ്പനിയായ ടാറ്റയുടെ ഉപകമ്പനിയായ ട്രെന്റ് ഓഹരികളാണ് ഇന്ന് നിഫ്റ്റിയില്‍ നേട്ടത്തില്‍ രണ്ടാമതെത്തിയത്. ഭാരതി ഇലക്ട്രോണിക്‌സിനെ ഒഴിവാക്കി സെപ്റ്റംബര്‍ 30 മുതല്‍ എന്‍.എസ്.ഇ സൂചികയിലേക്ക് കയറുന്ന ട്രെന്റ് ഓഹരികളിന്ന് ഏഴ് ശതമാനം വരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ 15 ദിവസത്തെ വ്യാപാരസെഷനില്‍ ഓഹരി 41 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. വിദേശ ബ്രോക്കറേജായ ബെന്‍സ്റ്റയിന്‍ ട്രെന്‌റിന് 'ഔട്ട്‌പെര്‍ഫോം' സ്റ്റാറ്റസ് നല്‍കിയിരുന്നു. 8,100 രൂപയാണ് ഓഹരിക്ക് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ ഓഹരി വില 7,215 രൂപയാണ്.
ഡെല്‍ ടെക്‌നോളജീസിന്റെ എ.ഐ ഫാക്ടറിയെ വിപ്രോയുടെ എന്റര്‍പ്രൈസ് എ.ഐ-റെഡി പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടു വരുന്നതിനായി പങ്കാളിത്തത്തിലേര്‍പ്പെട്ടെന്ന വാര്‍ത്തകള്‍ വിപ്രോ ഓഹരികളെ മൂന്ന് ശതമാനത്തിലധികം ഉയര്‍ത്തി.
വരുമാന നിരക്ക് 200 കോടി ഡോളറായിഉയര്‍ത്താനകുമെന്ന് മാനേജ്‌മെന്റ് പ്രതീക്ഷ പ്രകടിപ്പിച്ചത് എല്‍ ആന്‍ഡ് ടി ടെകനോളജീസ് ഓഹരികളെ മൂന്ന് ശതമാനം ഉയര്‍ത്തി. ഹ്രസ്വകാലത്തില്‍ എബിറ്റ് മാര്‍ജിന്‍ 17-18 ശതമാനമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇതേ തുടര്‍ന്ന് വിവിധ ബ്രോക്കറേജുകള്‍ ഓഹരിയുടെ ലക്ഷ്യവില ഉയര്‍ത്തിയിട്ടുമുണ്ട്.
ഇന്ത്യന്‍ ബാങ്ക് ഓഹരി വില ഇന്ന് 3.30 ശതമാനം ഉയര്‍ന്ന് 566.95 രൂപയിലെത്തി.
ബോണസ് ഓഹരി പ്രഖ്യാപനമുണ്ടായേക്കാമെന്ന വാര്‍ത്തകള്‍ ഇന്ന് പൊതുമേഖലാ സ്ഥാപനമായ എന്‍.ബി.സി.സി ഓഹരികളെ 18 ശതമാനം ഉയര്‍ത്തി. ഓഗസ്റ്റ് 31നാണ് ബോര്‍ഡ് ഈ നിര്‍ദേശം ചര്‍ച്ച ചെയ്യുന്നത്. 52 ആഴ്ചയിലെ ഉയര്‍ന്ന വിലയിലാണ് ഓഹരി.
ജെ.ബി.എം ഓട്ടോ ഓഹരി ഇന്ന് 6 ശതമാനം ഉയര്‍ന്നു. ഉപകമ്പനിയായ ജെ.ബി.എം ഇലക്ട്രിക് വെഹിക്കിള്‍സ് ലീഫിബസ് എന്ന കമ്പനിയുമായി 200 ഇ-ബസുകള്‍ക്ക് കരാര്‍ ഒപ്പിട്ടതാണ് ഓഹരി ഉയര്‍ത്തിയത്.
നഷ്ടത്തിലിവർ
ഇന്നലെ 16.49 ശതമാനം ഉയര്‍ന്ന ടാറ്റ എല്‍ക്‌സി ഓഹരികള്‍ ഇന്ന് 8.82 ശതമാനം ഇടിവിലാണ്. കഴിഞ്ഞ ഏഴ് ദിവസത്തെ നേട്ടകുതിപ്പിനാണ് ഓഹരി വിരാമമിട്ടത്. ഉയര്‍ന്ന വിലയില്‍ ഓഹരിയില്‍ ലാഭമെടുപ്പുണ്ടായതാണ് കാരണം. നിഫ്റ്റി 200 ലെ മുഖ്യ നഷ്ടക്കാരും ടാറ്റ എല്‍ക്‌സി തന്നെ.
ഫാഷന്‍ ബ്രാന്‍ഡായ നൈകയുടെ മാതൃകമ്പനിയായ എഫ്.എസ്.എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സാണ് ഇന്ന് ഇടിവില്‍ രണ്ടാമത്. ഓഹരി വില 3.13 ശതമാനം കുറഞ്ഞ് 218.50 രൂപയിലെത്തി.
സോണി പിക്‌ചേഴ്‌സുമായി ലയിച്ചതിനെ തുടര്‍ന്നുണ്ടായ എല്ലാ തര്‍ക്കങ്ങളും പരിഹരിച്ചതായി പ്രഖ്യാപിച്ച സീ എന്റര്‍ടെയിന്‍മെന്റിന്റെ ഓഹരികള്‍ ഇന്ന് 3 ശതമാനം ഇടിവിലാണ്. ഇന്നലെ 11 ശതമാനം ഉയര്‍ന്നശേഷമാണ് ഓഹരിയുടെ ഇടിവ്.
പോളിസി ബസാറിന്റെ മാതൃകമ്പനിയായ പി.ബി ഫിന്‍ടെക്, സി.ജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് എന്നിവയാണ് നിഫ്റ്റി 200ലെ മറ്റ് പ്രധാന നഷ്ടക്കാര്‍.
കേരള താരമായി കിംഗ്‌സ് ഇന്‍ഫ്രാ
കേരളത്തില്‍ ഇന്ന് വലിയ മുന്നേറ്റം നടത്തിയത് മത്സ്യകയറ്റുമതി കമ്പനിയായ കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സാണ്. ഓഹരി വില 10.81 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ജൂണ്‍ പാദത്തിലെ മികച്ച വില്‍പ്പന കണക്കുകളാണ് ഓഹരിക്ക് ഗുണമായത്.
പ്രൈമ അഗ്രോ ഓഹരികളാണ് ശതമാനക്കണക്കില്‍ നേട്ടത്തില്‍ രണ്ടാമതെത്തിയത്.
ജിയോജിത് ഓഹരികള്‍ ഇന്ന് 5.57 ശതമാനം ഉയര്‍ന്നു. സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് ഓഹരികളും 4.78 ശതമാനത്തിന്റെ മികച്ച മുന്നേറ്റം കാഴ്ചവച്ചു.
ആഡ് ടെക് സിസ്റ്റംസാണ് കേരള ഓഹരികളിലെ മുഖ്യ നഷ്ടക്കാര്‍. ഓഹരി വില 4.98 ശതമാനം താഴ്ന്നു. കെ.എസ്.ഇ ഓഹരി വിലയും 4.16 ശതമാനം താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഹാരിസണ്‍സ് മലയാളം, മുത്തൂറ്റ് ക്യാപിറ്റല്‍, വി-ഗാര്‍ഡ് തുടങ്ങിയവ രണ്ട് ശതമാനത്തിനു മേല്‍ നഷ്ടത്തിലാണ്. ഇന്നലെ വിപണി മൂല്യം 80,000 കോടി രൂപയെന്ന നാഴികക്കല്ല് തൊട്ട മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ ഇന്ന് ഒരു ശതമാനത്തിലധികം നഷ്ടത്തിലാണ്. കല്യാണ്‍ കേരള ആയുര്‍വേദ ഓഹരികളും ഇന്ന് നഷ്ടപ്പട്ടികയിലാണ് ഇടംപിടിച്ചത്.
Next Story
Videos