റെക്കോഡ് പുതുക്കി നിഫ്റ്റിയും സെന്‍സെക്‌സും; കുതിച്ച് വോഡഫോണും സ്‌പൈസ് ജെറ്റും, കല്യാണിനും മുന്നേറ്റം

അമേരിക്കന്‍ പലിശ നിരക്ക് ഉയര്‍ത്തിവിട്ട ആവേശത്തിരയിളക്കം പുതിയ വാരത്തിലും തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി. നിഫ്റ്റിയും സെന്‍സെക്‌സും ഇന്ന് പുതിയ ഉയരങ്ങള്‍ തൊട്ടു. 384.30 പോയിന്റ് ഉയര്‍ന്ന് 84,928.61ല്‍ വ്യാപാരം അവസാനിപ്പിച്ച സെന്‍സെക്‌സ് ഒരുവേള 84,980 വരെ കുതിച്ചുയര്‍ന്നിരുന്നു. നിഫ്റ്റിയാകട്ടെ 25,956 പോയിന്റ് വരെ ഉയര്‍ന്ന ശേഷം 148 പോയിന്റ് നേട്ടത്തോടെ 25,939.05ല്‍ വ്യാപാരം അവസാനിപ്പിച്ചു.

പലിശ നിരക്ക് കുറച്ചതോടെ ഇന്ത്യന്‍ വിപണിയിലേക്ക് വിദേശ നിക്ഷേപകര്‍ പണം ഒഴുക്കുന്നതാണ് സൂചികകളെ മുന്നേറ്റത്തിലാക്കുന്നത്. ഈ
വര്‍ഷം
അവസാനത്തോടെ വീണ്ടും നിരക്കില്‍ കാല്‍ ശതമാനം കുറവു വരുത്തിയേക്കുമെന്ന പ്രതീക്ഷകളും വിപണിക്ക് കരുത്തു പകരുന്നു.

വിവിധ മേഖലകളുടെ പ്രകടനം

സ്‌മോള്‍ക്യാപ് സൂചികകളിന്ന് 1.12 ശതമാനം മുന്നേറ്റം കാഴ്ചവച്ചപ്പോള്‍ മിഡ് ക്യാപ് സൂചിക 0.84 ശതമാനം മുന്നേറി. ഐ.ടി ഒഴികെയുള്ള എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നേട്ടത്തിലേറി. പി.എസ്.യു ബാങ്ക് സൂചിക 3.41 ശതമാനം നേട്ടവുമായി മുന്നില്‍ നിന്നപ്പോള്‍ 2.23 ശതമാനം നേട്ടത്തോടെ തൊട്ടു പിന്നിലുണ്ട് റിയല്‍റ്റി.

വിവിധ മേഖലകളുടെ ഇന്നത്തെ പ്രകടനം

നിഫ്റ്റി ഓട്ടോ, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഒരു ശതമാനത്തിലധികം നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ബി.എസ്.ഇയില്‍ ഇന്ന് 4,233 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 2,382 ഓഹരികള്‍ നേട്ടത്തിലും 1,731 ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. 345 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയരം തൊട്ടു. 40 ഓഹരികള്‍ താഴേക്ക് പോയി. 10 ഓഹരികളാണ് ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തിയത്. ലോവര്‍ സര്‍ക്യൂട്ടില്‍ ഒറ്റ ഓഹരി മാത്രം.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യം ഇന്ന് 472 ലക്ഷം കോടി രൂപയില്‍ നിന്ന് 476 ലക്ഷം കോടി രൂപയായി. ഇതോടെ നിക്ഷേപകരുടെ ആസ്തിയില്‍ 4.29 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി.

ഓഹരികളുടെ പ്രകടനം

ബജാജ് ഓട്ടോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഒ.എന്‍.ജി.സി, ഹീറോ മോട്ടോകോര്‍പ്, എസ്.ബി.ഐ ലൈഫ് എന്നിവയാണ് സെന്‍സെക്‌സിനെ ഇന്ന് റെക്കോഡിലെത്തിച്ചത്. അതേസമയം ഐഷര്‍ മോട്ടോഴ്‌സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഡിവിസ് ലാബ്, വിപ്രോ, ഇന്‍ഡസ് ബാങ്ക് എന്നിവ നഷ്ടം കുറിച്ചു.

നേട്ടത്തിലേറിയവര്‍

ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് ഇന്ന് നിഫ്റ്റി 200ലെ വലിയ മുന്നേറ്റക്കാര്‍. ഓഹരി വില 8.18 ശതമാനം ഉയര്‍ന്ന് 63.20 രൂപയായി. ഗോദ്‌റേജ് പ്രോപ്പര്‍ട്ട്‌സീന് ഇന്ന് 7.10 ശതമാനം കയറ്റമുണ്ടായി.
കല്യാണ്‍ ജുവലേഴ്‌സ് ഓഹരിയാണ് നിഫ്റ്റി 200ല്‍ 5.41 ശതമാനം നേട്ടവുമായി മൂന്നാം സ്ഥാനത്തെത്തിയത്. പി.സി ജുവലേഴ്‌സ് ഓഹരിയും 5 ശതമാനത്തിലധികം ഉയര്‍ന്നു. സ്വര്‍ണ വില റെക്കോഡിലെത്തിയതാണ് ജുവലറി ഓഹരികളെ ഉയര്‍ത്തിയത്.
ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീറ്റെയ്ല്‍ ഓഹരി 5.29 ശതമാനം ഉയര്‍ന്ന് 345.10 രൂപയിലെത്തി.

ആദാനി ടോട്ടല്‍ ഗ്യാസ് ആഗോള വായാപാദാതാക്കളില്‍ നിന്ന് 375 മില്യണ്‍ ഡോളറിന്റെ ഫണ്ടിംഗ് നേടിയത് ഓഹരികളെ ഉയര്‍ത്തി. കമ്പനിയുടെ വിപുലീകരണത്തിനായാണ് പണം സമാഹരിച്ചത്. ഓഹരി 8.37 ശതമാനം വരെ ഉയര്‍ന്ന് 854.65 രൂപയിലെത്തിയിരുന്നു. വ്യാപാരാന്ത്യത്തില്‍ നേട്ടം 5.20 ശതമാനമായി കുറഞ്ഞു.

മുന്നേറ്റത്തില്‍ വോഡ ഐഡിയയും സ്‌പൈസ്‌ജെറ്റും

ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയയുടെ ഓഹരി വില ഇന്ന് 10 ശതമാനം ഉയര്‍ന്നു. 4 ജി ശൃംഖല വിപുലീകരിക്കുന്നതിനും 5 ജി തുടങ്ങുന്നതിനും ടെലികോം ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുമായി നോക്കിയ, എറിക്‌സണ്‍, സാംസംഗ് എന്നീ കമ്പനികളുമായി 30,000 കോടി രൂപയുടെ കരാറില്‍ ഒപ്പുവച്ചതാണ് ഇന്ന് ഓഹരിയെ മുന്നേറ്റത്തിലാക്കിയത്.

ലെികോം കമ്പനികളുടെ ഗ്രോസ് അഡ്ജസ്റ്റ്ഡ് ഗ്രോസ് റവന്യു സംബന്ധിച്ച വിധിയില്‍ സുപ്രീം കോടതി ഉറച്ചു നിന്നതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയിലെ അവസാന രണ്ട് ദിവസം ഓഹരി വില 5 ശതമാനം ഇടിഞ്ഞിരുന്നു. 10 രൂപയില്‍ താഴെ വരെ ഒരു ഘട്ടത്തില്‍ വിലയെത്തിയിരുന്നു. ഈ തിരുത്തലിനു ശേഷമാണ് ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചത്.

ആഭ്യന്തര വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റ് ഓഹരികളും ഇന്ന് 10 ശതമാനം ഉയര്‍ന്നു. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് ഓഹരി നല്‍കി (qualified institutional placement/QIP) 3,000 കോടി സമാഹരിച്ചതാണ് ഓഹരിക്ക് ഗുണമായത്. സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ നടന്ന ക്യു.ഐ.പിക്ക് പ്രതീക്ഷിച്ചതിലും അധികം സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചത് കമ്പനിയുടെ വളര്‍ച്ചാ സാധ്യതയെ കുറിച്ചുള്ള വിശ്വാസമാണ് കാണിച്ചത്. ഓഹരി വില ഇന്ന് 72 രൂപ വരെയെത്തി.

ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ ഓഹരി മൂന്ന് ശതമാനം ഉയര്‍ന്നു. കമ്പനിയുടെ ഔറംഗാബാദിലെ മാനുഫാക്ചറിംഗി യൂണിറ്റില്‍ യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) അന്വേഷണം പൂര്‍ത്തിയാക്കിയതാണ് ഓഹരിയെ നേട്ടത്തിലാക്കിയത്.

അംബര്‍ എന്റര്‍പ്രൈസസ് 15 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന വിലയിലെത്തി. ബ്രോക്കറേജായ ജെഫ്രീസ് ബൈ റേറ്റിംഗ് നല്‍കിയതും ലക്ഷ്യ വില 5,200 രൂപ ആക്കിയതുമാണ് നേട്ടത്തിലാക്കിയത്.

നഷ്ടത്തിലായവര്‍

ടൊറന്റ് പവര്‍ (2.21 ശതമാനം), വോള്‍ട്ടാസ് (2.20 ശതമാനം), പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് (2.10 ശതമാനം), സിന്‍ജിന്‍ ഇന്റര്‍നാഷണല്‍ (1.86 ശതമാനം), ആല്‍കെം ലബോറട്ടറീസ് ( 1.82 ശതമാനം) എന്നിവയാണ് ഇന്ന് നിഫ്റ്റിയുടെ മുഖ്യ നഷ്ടക്കാര്‍.

മുന്നേറി കല്യാണും ആഡ്‌ടെക്കും എസ്.ഐ.ബിയും

കേരള കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ മുന്നേറ്റം കാഴ്ചവച്ചത് കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളാണ്. ഓഹരി വില 5.41 ശതമാനം ഉയര്‍ന്ന് 770 രൂപയിലെത്തി. കമ്പനിയുടെ വളര്‍ച്ചയെ കുറിച്ചുള്ള പ്രതീക്ഷകളും സ്വര്‍ണ വിലയിലെ മുന്നേറ്റവുമാണ് ഓഹരിക്ക് തിളക്കം നല്‍കിയത്.
ആഡ്‌ടെക് സിസ്റ്റംസ് ഇന്ന് 4.22 ശതമാനം ഉയര്‍ച്ചയോടെ മുന്നേറ്റം വീണ്ടെടുത്തു. ഓഹരിവില 86.98 രൂപയിലെത്തി.

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ ഇന്ന് മൂന്ന് ശതമാനത്തിലധികം ഉയര്‍ന്ന് 25.30 രൂപയിലെത്തി. ടോളിന്‍സ് ടയേഴ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയും ഇന്ന് മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നു.

പുതിയ എം.ഡിയും സി.ഇ.ഒയുമായി കെ.വി.എസ് മണിയന്‍ ചുമതലയേറ്റതിന് പിന്നാലെ ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഇന്ന് ഒരു ശതമാനത്തലധികം ഉയര്‍ന്നു.

കേരള കമ്പനി ഓഹരികളുടെ പ്രകടനം

വിപണിയുടെ മൊത്തത്തിലുള്ള മുന്നേറ്റത്തിനിടയിലും ഓഹരി കേരള ഓഹരികളില്‍ നല്ലൊരു ഭാഗവും ഇന്ന് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. കിറ്റെക്‌സാണ് നഷ്ടക്കാരുടെ പട്ടികയ്ക്ക് ചുക്കാന്‍ പിടിച്ചത്. തുടര്‍ച്ചയായ മുന്നേറ്റത്തിലായിരുന്ന ഓഹരി ഇന്ന് 3.24 ശതമാനം താഴ്ന്നു. 467.40 രൂപയിലാണ് ഓഹരി വിലയുള്ളത്.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഒറ്റ ദിവസത്തെ മുന്നേറ്റത്തിനു ശേഷം വീണ്ടും താഴേക്കുള്ള യാത്ര തുടര്‍ന്നു. ഇന്ന് ഓഹരി വില 3.09 ശതമാനം ഇടിവിലാണ്.
കെ.എസ്.ഇ മൂന്ന് ശതമാനത്തോളം ഇടിഞ്ഞു. സി.എസ്.ബി ബാങ്ക്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, പ്രൈമ അഗ്രോ, വി-ഗാര്‍ഡ് എന്നിവയാണ് ഇന്ന് നഷ്ടത്തിലായ മറ്റ് കേരള ഓഹരികള്‍.
Related Articles
Next Story
Videos
Share it