Begin typing your search above and press return to search.
വിപണി കിതയ്ക്കുന്നു; ഇന്‍ഫിക്കു നേട്ടം, ടയര്‍ കമ്പനികള്‍ക്ക് നഷ്ടം
വ്യാഴാഴ്ചത്തെ കുതിപ്പിന്റെ ആവേശം നഷ്ടപ്പെടുത്തിയ ചിത്രമാണ് ഇന്നു രാവിലെ വിപണി നല്‍കുന്നത്. റെക്കോര്‍ഡ് ഉയരത്തില്‍ വ്യാപാരം തുടങ്ങി ഉടന്‍ തന്നെ സൂചികകള്‍ നഷ്ടത്തിലേക്കു വീണു. ഒരു മണിക്കൂറിനകം നിഫ്റ്റി 24,700 നും സെന്‍സെക്‌സ് 81,100 നും താഴെ എത്തി. ബാങ്ക് നിഫ്റ്റിയും താഴ്ചയിലാണ്.
മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ രാവിലെ ഒന്നര ശതമാനം വരെ താഴ്ചയിലായി.
മികച്ച ഒന്നാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് ബ്രോക്കറേജുകള്‍ ഇന്‍ഫോസിസ് ഓഹരിയുടെ ലക്ഷ്യവില 1950 രൂപയിലേക്ക് ഉയര്‍ത്തി. ഓഹരി നാലു ശതമാനം വരെ ഉയര്‍ന്നിട്ട് നേട്ടം കുറച്ചു. മിഡ് ക്യാപ് ഐടി കമ്പനികള്‍ പലതും ഇന്ന് താഴോട്ടു നീങ്ങി. റിസല്‍ട്ട് വരാനിരിക്കെ വിപ്രോ ഓഹരി ഒന്നേകാല്‍ ശതമാനം താഴ്ന്നു.
ഓഹരി ഒന്നിന് 55 രൂപ വീതമുള്ള ലാഭവീതത്തിനു റെക്കോര്‍ഡ് തീയതി കഴിഞ്ഞതോടെ ചെന്നൈ പെട്രോ ഓഹരി 10 ശതമാനം ഇടിഞ്ഞു.
ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ തുടങ്ങിയ എണ്ണ കമ്പനികള്‍ ഒന്നര മുതല്‍ മൂന്നര വരെ ശതമാനം ഇടിവിലാണ്.
ലാഭവും ലാഭമാര്‍ജിനും കുറഞ്ഞത് ജെഎസ്ഡബ്ല്യു ഇന്‍ഫ്രാ ഓഹരിയെ ആറു ശതമാനം താഴ്ത്തി.
സിയറ്റിന്റെ ലാഭമാര്‍ജിന്‍ ഇടിഞ്ഞത് എല്ലാ ടയര്‍ കമ്പനികളുടെയും ഓഹരികളെ വലിച്ചു താഴ്ത്തി. അപ്പോളോ ടയേഴ്‌സ് ഏഴും എംആര്‍എഫ് 2.2ഉം ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ് രണ്ടും സിയറ്റ് മൂന്നും ജെകെ 1.9ഉം ശതമാനം താഴ്ന്നു. റബറിന്റെയും മറ്റു ഘടകങ്ങളുടെയും വിലവര്‍ധനയാണു ലാഭമാര്‍ജിന്‍ കുറച്ചത്.
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒന്നാം പാദ അറ്റാദായം 45 ശതമാനം വര്‍ധിച്ചതും അറ്റ പലിശ വരുമാനത്തില്‍ കുതിപ്പ് ഉണ്ടായതും ഓഹരിയെ ആറു ശതമാനം ഉയര്‍ത്തി. ഫെഡറല്‍ ബാങ്ക് ഓഹരി ഒരു ശതമാനത്തിലധികം താഴ്ചയിലാണ്.
റിസല്‍ട്ട് പ്രതീക്ഷിക്കുന്ന അള്‍ട്രാ ടെക് സിമന്റ് ഒന്നര ശതമാനം താഴ്ന്നു.
ലോഹങ്ങളുടെ വില ഇടിയുന്നതു ഹിന്‍ഡാല്‍കോ ഓഹരിയെ രണ്ടര ശതമാനം താഴ്ത്തി.
രൂപ ഇന്ന് നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ രണ്ടു പൈസ കുറഞ്ഞ് 83.63 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്. പിന്നീട് 83.64 രൂപയായി.
സ്വര്‍ണം ലോകവിപണിയില്‍ 2428 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 360 രൂപ കുറഞ്ഞ് 54,520 രൂപ ആയി.
ക്രൂഡ് ഓയില്‍ വില വീണ്ടും കുറഞ്ഞു. ബ്രെന്റ് ഇനം 84.73 ഡോളറില്‍
Next Story
Videos