വിപണിയിൽ ചാഞ്ചാട്ടം; റെയിൽവേ ഓഹരികൾക്ക് ഇടിവ്, സ്റ്റീല്‍ വിലയില്‍ തട്ടി സെയില്‍

താഴ്ന്നു വ്യാപാരം തുടങ്ങിയ ഇന്നു രാവിലെ വിപണി കൂടുതല്‍ താഴ്ന്നിട്ടു തിരിച്ചുകയറി. മുഖ്യസൂചികകള്‍ പല തവണ നേരിയ നേട്ടത്തില്‍ ആയെങ്കിലും അധികം പിടിച്ചു നിന്നില്ല. പിന്നീടു വിപണി കുറേ സമയം ചെറിയചാഞ്ചാട്ടത്തിലേക്കു മാറി. അതിനു ശേഷം വീണ്ടും വലിയ കയറ്റവും ഇറക്കവും നടന്നു.

രാവിലെ നിഫ്റ്റി 24,066 വരെയും സെന്‍സെക്‌സ് 79,117 വരെയും താഴ്ന്നിട്ടാണു കയറാന്‍ ശ്രമിച്ചത്. കയറ്റം നിഫ്റ്റിയെ 24,276 ഉം സെന്‍സെക്‌സിനെ 79,807 ഉം വരെ എത്തിച്ചു.
ഐടി ഓഹരികള്‍ മാത്രമാണ് ഇന്നു ഗണ്യമായ നേട്ടം ഉണ്ടാക്കുന്നത്.
മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനത്തോളം ഇടിഞ്ഞ ശേഷം നേട്ടത്തിലേക്കു വന്നിട്ടു തിരിച്ചിറങ്ങി.
ജി.ഇ ഷിപ്പിംഗ് രണ്ടാം പാദത്തില്‍ ലാഭമാര്‍ജിന്‍ കുറഞ്ഞു. ഓഹരി ഏഴു ശതമാനം ഇടിഞ്ഞു. യുക്രെയ്ന്‍ യുദ്ധത്തിനു താമസിയാതെ പരിഹാരം ഉണ്ടായാല്‍ കപ്പല്‍ വാടക ഇനിയും കുറയും എന്നതു കമ്പനിയുടെ ലാഭത്തെ ബാധിക്കും.
ഇന്ത്യന്‍ ഹോട്ടല്‍സ് പ്രതീക്ഷയിലും മികച്ച റിസല്‍ട്ട് പുറത്തുവിട്ടു. ഓഹരി മൂന്നു ശതമാനത്തിലധികം കയറി.
റിസല്‍ട്ട് പ്രതീക്ഷയോളം വരാത്തതിനെ തുടര്‍ന്ന് സെയില്‍ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. സ്റ്റീല്‍ വിലയിടിവാണു ലാഭം ഇടിയാന്‍ കാരണം.
രണ്ടാം പാദ ഫലങ്ങള്‍ നിരാശപ്പെടുത്തിയതിനെ തുടര്‍ന്ന് ആര്‍.വി.എന്‍.എലും ഇര്‍കോണും അഞ്ചു ശതമാനത്തിലധികം താഴ്ചയിലായി. ഐ.ആര്‍.എഫ്.സിയും ഐ.ആര്‍.സി.ടി.സിയും അല്‍പം താഴ്ന്നു.
ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ്, ടെക്‌സ്മാകോ റെയില്‍ എന്നിവയും താഴ്ന്നു വ്യാപാരം നടത്തുന്നു.
ലാഭവും ലാഭമാര്‍ജിനും കുറഞ്ഞ ഇന്‍ഡിഗോ പെയിന്റ്‌സ് ഓഹരി നാലു ശതമാനം ഇടിഞ്ഞു.
രൂപ രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളര്‍ നാലു പൈസ കുറഞ്ഞ് 84.33 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 84.37 രൂപയായി.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2695 ഡോളറിലേക്കു താഴ്ന്നു. ഇന്നലെ 2707 ഡോളറില്‍ ക്ലോസ് ചെയ്തതാണ്. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 680 രൂപ വര്‍ധിച്ച് 58,280 രൂപയായി.
ക്രൂഡ് ഓയില്‍ വില രാവിലെ കുറയുകയാണ്. ബ്രെന്റ് ഇനം 75.13 ഡോളര്‍ ആയി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it