ഒടുവില്‍ വിപണിയില്‍ സാന്താറാലി! മുഖ്യസൂചികകള്‍ നേട്ടത്തില്‍, ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഉയർന്നു

വിപണിയില്‍ വൈകി എത്തിയ സാന്താ റാലിയാണു രാവിലെ കണ്ടത്. അതു വേണ്ടത്ര കരുത്തുള്ളതാണോ, നീണ്ടു നില്‍ക്കുമോ എന്നൊക്കെ അറിയാനിരിക്കുന്നതേ ഉള്ളൂ. നിഫ്റ്റി രാവിലെ 23,806 വരെയും സെന്‍സെക്‌സ് 78,743 വരെയും ഉയര്‍ന്നു. പിന്നീട് അല്‍പം താഴ്ന്നു. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മുഖ്യ സൂചികകള്‍ 0.80 ശതമാനം നേട്ടത്തിലാണ്.
മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ രാവിലെ താഴ്ചയിലാണ്.
ഓട്ടോ, ഫാര്‍മ, ഹെല്‍ത്ത് കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഓഹരികള്‍ താഴ്ചയിലായി. റിയല്‍റ്റിയും ബാങ്കും ധനകാര്യ സേവനവും മെറ്റലും ഐടിയും എഫ്എംസിജിയും നേട്ടത്തിലാണ്.
ചൈനയില്‍ നിന്നുള്ള സ്റ്റീല്‍, അലൂമിനിയം ഇറക്കുമതികള്‍ക്ക് ആന്റിഡംപിംഗ് ഡ്യൂട്ടി ചുമത്താനുള്ള നടപടികള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രേഡ് റെസ്ട്രിക്ഷന്‍ ആരംഭിച്ചു. സ്റ്റീല്‍, അലൂമിനിയം കമ്പനികളുടെ ഓഹരിവില വര്‍ധിച്ചു. കര്‍ണാടകം ഇരുമ്പയിരിന് മുന്‍കാല പ്രാബല്യത്തോടെ കൂടുതല്‍ റോയല്‍റ്റി ഈടാക്കാന്‍ നീക്കം നടത്തുന്നുണ്ട്. കര്‍ണാടകത്തില്‍ നിന്ന് അയിര് വാങ്ങുന്ന കമ്പനികള്‍ക്കു ലാഭമാര്‍ജിന്‍ കുറയും.
ജനുവരിയില്‍ 298 കോടി രൂപയുടെ അവകാശ ഇഷ്യു നടത്തുന്ന ധനലക്ഷ്മി ബാങ്കിന്റെ ഓഹരി ഇന്ന് അര ശതമാനം താഴ്ന്നു. 21 രൂപ വിലയ്ക്കാണ് അവകാശ ഓഹരി നല്‍കുക. ഓഹരി ഇന്നു 41 രൂപയ്ക്കു മുകളിലാണ്.
ഫെഡറല്‍ ബാങ്ക് ഓഹരി ദിവസങ്ങള്‍ക്കു ശേഷം ഇന്നു രാവിലെ ഒരു ശതമാനം ഉയര്‍ന്നു 196 രൂപയ്ക്കു മുകളിലായി.
1200 കോടി രൂപയുടെ സോളര്‍ പ്രോജക്ട് കരാര്‍ ഗുജറാത്ത് സര്‍ക്കാരില്‍ നിന്നു ലഭിച്ച സ്റ്റെര്‍ലിംഗ് ആന്‍ഡ് വില്‍സണ്‍ കമ്പനിയുടെ ഓഹരി രാവിലെ 10 ശതമാനം വരെ ഉയര്‍ന്നു.
അള്‍ട്രാടെക്കുമായുള്ള ലയനത്തിന് കോംപറ്റീഷന്‍ കമ്മീഷന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യാ സിമന്റ്‌സ് ഓഹരി 10 ശതമാനം കയറി.
383 ഇലക്ട്രിക് ബസുകള്‍ക്കായി 1,800 കോടി രൂപയുടെ കരാര്‍ ലഭിച്ചതിനെ തുടര്‍ന്ന് ജെബിഎം ഓട്ടോ ഓഹരി പത്തു ശതമാനം കുതിച്ചു. പിന്നീടു നേട്ടം കുറഞ്ഞു.
ബിസിനസ് വളര്‍ച്ച മന്ദഗതിയിലാണെന്നു സൂചിപ്പിച്ച സീമെന്‍സ് കമ്പനിയുടെ ഓഹരി വെള്ളിയാഴ്ച 10 ശതമാനം ഇടിഞ്ഞിരുന്നു. ഇന്നു രാവിലെ ഓഹരി രണ്ടു ശതമാനത്തോളം താഴ്ന്നു.
രൂപ ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ രണ്ടു പൈസ കുറഞ്ഞ് 85 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 85.06 രൂപയായി.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2625 ഡോളറിലാണ്. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് വിലമാറ്റം ഇല്ലാതെ 56,800 രൂപ തുടര്‍ന്നു.
ക്രൂഡ് ഓയില്‍ സാവധാനം ഉയരുകയാണ്. ബ്രെന്റ് ഇനം 73.26 ഡോളര്‍ വരെ കയറി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it