Begin typing your search above and press return to search.
തുടക്കം നേട്ടം, പിന്നെ നഷ്ടം, അനിശ്ചിതത്വത്തില്‍ വിപണി, ഒല ഓഹരികള്‍ക്ക് നേട്ടം
നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി കൂടുതല്‍ ഉയര്‍ന്ന ശേഷം നേട്ടങ്ങള്‍ മിക്കവാറും നഷ്ടപ്പെടുത്തി. വിപണിയില്‍ അനിശ്ചിതത്വം തുടരുകയാണ്. നിഫ്റ്റി 23,775.80 ല്‍ വ്യാപാരം തുടങ്ങി 23,854.50വരെ കയറിയ ശേഷം 23,729 വരെ താഴ്ന്നു. വീണ്ടും കയറി. വീണ്ടും താഴ്ന്ന് നഷ്ടത്തിലായി. പിന്നീടു ചാഞ്ചാട്ടമായി. സെന്‍സെക്‌സും ഇതേ വഴി സഞ്ചരിച്ചു നഷ്ടത്തിലേക്കു മാറി.
മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ അര ശതമാനത്തിലധികം താഴ്ന്നു. സാമ്പത്തിക വളര്‍ച്ചയും വിലക്കയറ്റവും സംബന്ധിച്ച ആശങ്കകള്‍ വിപണിയെ വലിച്ചു താഴ്ത്തുന്നുണ്ട്. വളര്‍ച്ച തിരിച്ചു കയറും എന്ന പ്രഖ്യാപനങ്ങള്‍ പ്രഖ്യാപനങ്ങളായി ശേഷിക്കുകയാണെന്ന് വിപണി കരുതുന്നു.
981 കോടി രൂപയുടെ ദേശീയപാതാ കരാര്‍ ലഭിച്ച കൈഗല്‍ ഇന്ത്യ ഓഹരി രാവിലെ അഞ്ചര ശതമാനം ഉയര്‍ന്നു. യുനിസെഫില്‍ നിന്നു പോളിയോ വാക്‌സിന്‍ ഓര്‍ഡര്‍ ലഭിച്ച പാനേഷ്യ ബയോടെക് ഓഹരി അഞ്ചു ശതമാനം കുതിച്ചു.
സ്റ്റോറുകളുടെ എണ്ണം 4000 നു മുകളിലേക്കു കയറ്റിയ ഒല ഇലക്ട്രിക് ഓഹരി നാലര ശതമാനം നേട്ടത്തിലായി. ചൈനീസ് കമ്പനിക്ക് 26 ശതമാനം ഓഹരി നല്‍കാന്‍ ചര്‍ച്ച തുടങ്ങിയ ഇ പായ്ക്ക് ഡ്യുറബിള്‍സ് ഓഹരി ഇന്നും അഞ്ചു ശതമാനം കയറി. ചൈനീസ് കമ്പനി ആന്ധ്രപ്രദേശില്‍ ടെലിവിഷന്‍ അടക്കം ഗാര്‍ഹികോപകരണ നിര്‍മാണ പ്ലാന്റ് തുടങ്ങാനാണ് ഒരുങ്ങുന്നത്.
രൂപ ഇന്നു ദുര്‍ബല നിലയില്‍ വ്യാപാരം ആരംഭിച്ചു. ഡോളര്‍ രണ്ടു പൈസ കയറി 82.22 രൂപ എന്ന റെക്കോര്‍ഡ് വിലയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 82.25 രൂപയില്‍ എത്തി.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2,627 ഡോളറിലാണ്. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 200 രൂപ കൂടി 57,000 രൂപയായി. ക്രൂഡ് ഓയില്‍ ഉയരുകയാണ്. ബ്രെന്റ് ഇനം വീപ്പയ്ക്ക് 73.90 ഡോളര്‍ വരെ കയറി.
Next Story
Videos