ഏഷ്യന്‍ പെയിന്റ്‌സിന് വന്‍ ഇടിവ്, താഴ്ന്ന് ഉയര്‍ന്ന് ടാറ്റ മോട്ടോഴ്‌സ്; വിപണിയില്‍ ചാഞ്ചാട്ടം

താഴ്ന്നു വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി പിന്നീടു നേട്ടത്തിലേക്കു മാറി. എങ്കിലും ചാഞ്ചാട്ടം തുടര്‍ന്നു. നിഫ്റ്റി 24,004 വരെയും സെന്‍സെക്‌സ് 79,001 വരെയും താഴ്ന്ന ശേഷം ചെറിയ നേട്ടത്തിലേക്കു കയറി. താഴ്ചയിലായിരുന്ന ബാങ്ക് നിഫ്റ്റിയും ഉയര്‍ന്നു. മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ താഴ്ചയില്‍ തുടരുന്നു.
രണ്ടാം പാദത്തിലെ വില്‍പനയും ലാഭവും കുറഞ്ഞത് ഏഷ്യന്‍ പെയിന്റ്‌സില്‍ വില്‍പന സമ്മര്‍ദം കൂട്ടി. ഓഹരി രാവിലെ പത്തു ശതമാനം വരെ ഇടിഞ്ഞു. ബെര്‍ജര്‍ പെയിന്റ്‌സ് അഞ്ചു ശതമാനവും ആക്‌സോ നൊബേല്‍ മൂന്നു ശതമാനവും താഴ്ന്നു.
പ്രതീക്ഷയിലും മോശമായ രണ്ടാം പാദ റിസല്‍ട്ടില്‍ ടാറ്റാ മോട്ടോഴ്‌സ് രാവിലെ താഴ്‌ന്നെങ്കിലും പിന്നീടു മൂന്നു ശതമാനം നേട്ടത്തിലായി.. മൂന്നാം പാദത്തെപ്പറ്റി ടാറ്റാ മോട്ടോഴ്‌സും ജെഎല്‍ആറും നല്ല പ്രതീക്ഷ പ്രകടിപ്പിച്ചു. വാണിജ്യവാഹന വില്‍പന 10 ശതമാനം വരെ കൂടാം.
രണ്ടാം പാദവും മോശമായതിനെ തുടര്‍ന്ന് ഇക്വിറ്റാസ് എസ്എഫ്ബി നാലു ശതമാനത്തിലധികം ഇടിഞ്ഞു. രണ്ടാം പാദ റിസല്‍ട്ട് മോശമായതോടെ വെല്‍സ്പണ്‍ കോര്‍പറേഷന്‍, ജൂപ്പിറ്റര്‍ വാഗണ്‍സ്, ആരതി ഇന്‍ഡസ്ട്രീസ്, പ്രീമിയര്‍ എനര്‍ജീസ് എന്നിവ അഞ്ചു ശതമാനത്തിലധികം താഴ്ചയിലായി. ഒല ഇലക്ട്രിക് മൂന്നു ശതമാനം താഴ്ന്നു.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി രാവിലെ നാലു ശതമാനം ഇടിഞ്ഞു. റെയില്‍വേ ഓഹരികള്‍ രാവിലെ നാലു ശതമാനം വരെ താഴ്ചയിലായി. രണ്ടാം പാദ റിസല്‍ട്ട് മികച്ചതായതിനെ തുടര്‍ന്ന് എല്‍.ഐ.സി ഓഹരി രണ്ടു ശതമാനത്തിലധികം ഉയര്‍ന്നു.
രൂപ ഇന്നു രാവിലെ മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ 84.38 രൂപയില്‍ ഓപ്പണ്‍ ചെയ്തു. സ്വര്‍ണം ലോകവിപണിയില്‍ 2670 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 440 രൂപ കുറഞ്ഞ് 57,760 രൂപയായി. ക്രൂഡ് ഓയില്‍ വില താഴ്ന്നു നില്‍ക്കുന്നു. ബ്രെന്റ് ഇനം 73.57 ഡോളറിലാണ്.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it