വില്‍പ്പന സമ്മര്‍ദ്ദത്തിലും സൂചികകള്‍ക്ക് ഉയര്‍ച്ച, റിലയന്‍സ് പവറും സീയും കുതിക്കുന്നു

വിപണി ഇന്നു ചെറിയ ഉയര്‍ച്ചയോടെ വ്യാപാരം തുടങ്ങിയിട്ട് കുറേക്കൂടി ഉയര്‍ന്നു. പിന്നീട് വില്‍പന സമ്മര്‍ദത്തില്‍ അല്‍പം താഴ്ന്നു. നിഫ്റ്റി 25,907.60 വരെയും സെന്‍സെക്‌സ് 84,648.40 വരെയും കയറിയിട്ടാണു താഴ്ന്നത്.

ബാങ്ക് നിഫ്റ്റി ഇന്നു ചാഞ്ചാട്ടത്തിലാണ്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ചെറിയ നേട്ടത്തിലായി.
ബ്രോക്കറേജുകള്‍ നല്ല റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ടെക് മഹീന്ദ്ര ഓഹരി നാലു ശതമാനം കയറി. ഐടി മേഖലയും കയറ്റത്തിലാണ്.
സ്വര്‍ണപ്പണയ വായ്പകള്‍ നല്‍കുന്ന കമ്പനികള്‍ ആര്‍ബിഐ മാര്‍ഗരേഖ കൃത്യമായി പാലിക്കുന്നില്ല എന്ന റിസര്‍വ് ബാങ്കിന്റെ വിമര്‍ശനത്തെ തുടര്‍ന്ന് മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയവ മൂന്നര ശതമാനം വരെ താഴ്ന്നു. എന്നാല്‍ ഐഐഎഫ്എല്‍ ഫിനാന്‍സ് നാലു ശതമാനത്തിലധികം ഉയര്‍ന്നു.
ബജാജ് ഓട്ടോയുടെ സെപ്റ്റംബറിലെ ടൂ വീലര്‍ വില്‍പന 22 ശതമാനം വര്‍ധിച്ചു. മൊത്തം വാഹന വില്‍പന 20 ശതമാനം കൂടി. പക്ഷേ ഓഹരി ഒരു ശതമാനം താഴ്ന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വില്‍പന 16 ശതമാനം കൂടി. ഓഹരി ഒരു ശതമാനം ഉയര്‍ന്നു.
വ്യോമ ഇന്ധനവില ആറു ശതമാനം കുറച്ചതിനെ തുടര്‍ന്ന് ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് ഓഹരികള്‍ ഉയര്‍ന്നു. സ്‌പൈസ് ജെറ്റ് ഓഹരികള്‍ മൂന്നര ശതമാനം ഉയര്‍ന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ നേട്ടം കാണിച്ച സീ മീഡിയ ഇന്നു രാവിലെ എട്ടര ശതമാനം ഉയര്‍ന്നു.
റിലയന്‍സ് പവര്‍ ഇന്നും അഞ്ചു ശതമാനം കയറ്റത്തിലാണ്. ഓഹരി ഒരു മാസം കൊണ്ട് 70 ശതമാനം ഉയര്‍ന്ന് 51 രൂപയിലെത്തി.
ആഗോള വിപണിയില്‍ വില കുറഞ്ഞതിനെ തുടര്‍ന്ന് സ്റ്റീല്‍, അലൂമിനിയം, ചെമ്പ് കമ്പനികളുടെ ഓഹരികള്‍ താഴ്ന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഉയരുകയായിരുന്ന പിസി ജ്വല്ലേഴ്‌സ് ഇന്നും അഞ്ചു ശതമാനം നേട്ടം ഉണ്ടാക്കി.
ശക്തി പംപ്‌സ് ഇന്നും അഞ്ചു ശതമാനം കയറി. എഴാം തീയതി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ബോണസ് ഇഷ്യു പ്രഖ്യാപിക്കും. ഒരോഹരിക്ക് അഞ്ച് ഓഹരി വീതം നല്‍കും.

രൂപ, സ്വര്‍ണം, ക്രൂഡ്

രൂപ ഇന്നും ദുര്‍ബലമായി. ഡോളര്‍ രണ്ടു പൈസ കൂടി 83.81 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2639 ഡോളറിലേക്കു കയറി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 240 രൂപ കുറഞ്ഞ് 60,400 രൂപയായി.
ക്രൂഡ് ഓയില്‍ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെന്റ് ഇനം 71.84 ഡോളറിലാണ്.
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it