ഫിച്ച് ആഘാതത്തില്‍ ഇന്ത്യന്‍ വിപണി; സാംഘിയെ പിടിക്കാന്‍ അദാനി

യുഎസ് റേറ്റിംഗ് താഴ്ത്തിയത് ഏഷ്യന്‍ വിപണികളെ വീഴ്ത്തിയതു പോലെ ഇന്ത്യന്‍ വിപണിയെയും ഉലച്ചു. സെന്‍സെക്‌സും നിഫ്റ്റിയും ഗണ്യമായ താഴ്ചയിലാണ് ഓപ്പണ്‍ ചെയ്തത്. പിന്നീടു കൂടുതല്‍ താഴ്ന്നു. എല്ലാ വ്യവസായ മേഖലകളും ഇടിവിലായി.

വ്യാപാരം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ നിഫ്റ്റി 19,600 നടുത്തായി. സെന്‍സെക്‌സ് 66,050 നു തൊട്ടടുത്തെത്തി. അദാനി ഗ്രൂപ്പിലെ അംബുജ സിമന്റ് സാംഘി ഇന്‍ഡസ്ട്രീസിനെ വാങ്ങും എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 61 ലക്ഷം ടണ്‍ സിമന്റ് ഉല്‍പാദന ശേഷി ഉള്ള കമ്പനിയാണ് സാംഘി. ഗുജറാത്തിലാണ് കമ്പനി.

650 ലക്ഷം ടണ്‍ സിമന്റ് ശേഷിയുള്ള അദാനി ഗ്രൂപ്പ് സിമന്റ് മേഖലയില്‍ രണ്ടാം സ്ഥാനത്താണ്. ഒന്നാമത് ആദിത്യ ബിര്‍ല ഗ്രൂപ്പിലെ അള്‍ട്രാ ടെക്. 6000 കോടി രൂപ വില കണക്കാക്കിയാണ് അംബുജ സാംഘിയെ വാങ്ങുക. ഒന്നാം പാദ ലാഭം 38 ശതമാനം കുറഞ്ഞ അംബുജ സിമന്റ്‌സ് ഓഹരി ഇന്ന് ഒന്നര ശതമാനം കയറി. സാംഘി ഓഹരി ഇന്ന് അഞ്ചു ശതമാനം ഉയര്‍ന്ന് 100 രൂപയായി. മൂന്നു ദിവസത്തിനകം ഓഹരി 10 ശതമാനം കയറിയതാണ്.

ഇന്ത്യാ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ഓഹരി താഴ്ന്നു

ഇ.ഡിയുടെ പരിശോധനയും ചോദ്യം ചെയ്യലും ഹീറോ മോട്ടോകോര്‍പ് ഓഹരിയെ ഇന്നു രാവിലെ രണ്ടു ശതമാനത്തോളം താഴ്ത്തി. ഇന്ത്യാ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ഓഹരി ഇന്ന് ഏഴു ശതമാനം ഉയര്‍ന്നു. ലാഭവീതം വര്‍ധിപ്പിക്കുകയും 35,000 കോടി രൂപയുടെ നോണ്‍ കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചര്‍ ഇറക്കാന്‍ തീരുമാനിക്കുകയും ചെയ്ത ബോര്‍ഡ് യോഗത്തിനു ശേഷം ഓഹരിവില 17 ശതമാനം വര്‍ധിച്ചിരുന്നു.

പലിശ മാര്‍ജിനും അറ്റാദായവും കുറഞ്ഞതിനെ തുടര്‍ന്ന് ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ്‌സ് ഓഹരി ഇന്നു മൂന്നു ശതമാനത്തിലധികം താണു. കിട്ടാക്കടങ്ങള്‍ക്കുള്ള വകയിരുത്തല്‍ വര്‍ധിച്ചു. ടി.വി.എസ് മോട്ടാേറുമായി വാഹന വായ്പയ്ക്കു കരാര്‍ ഉണ്ടാക്കിയ പൈസാലോ ഡിജിറ്റല്‍ കമ്പനിയുടെ ഓഹരി വില ഏഴു ശതമാനത്തോളം കൂടി. ടൂ വീലര്‍ വില്‍പന വര്‍ധിച്ചതിനെ തുടര്‍ന്ന് ടിവിഎസ് മോട്ടാേര്‍ ഓഹരി രണ്ടു ശതമാനത്തോളം കയറി.

രൂപ, ഡോളർ, സ്വർണം

രൂപ ഇന്നു താഴ്ചയിലാണ്. ഡോളര്‍ 13 പൈസ കയറി 82.38 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 82.45 ഡോളറിലേക്കു കയറി. സ്വര്‍ണം ലോക വിപണിയില്‍ 1949 ഡോളറിലാണ്. കേരളത്തില്‍ പവന് 240 രൂപ കുറഞ്ഞ് 44,080 രൂപയായി.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it