ഫെഡ് ഉത്തേജനത്തിൽ കുതിച്ച് ഓഹരി വിപണി

യു.എസ് ഫെഡ് നൽകിയ ഉത്തേജനത്തിൽ ഇന്ത്യൻ വിപണിയും കുതിച്ചു കയറി. രാവിലെ നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങിയ മുഖ്യ സൂചികകൾ ഒരു ശതമാനത്തോളം കയറിയിട്ട് അൽപം താണു. കയറ്റത്തിൽ വിൽക്കുക എന്ന തന്ത്രം പലരും പ്രയോഗിക്കുന്നതായി കാണാം.

ബാങ്ക് നിഫ്റ്റിയും ഐടിയും അടക്കം പല മേഖലാ സൂചികകളും ഒരു ശതമാനത്തിലധികം കയറി.

ബാങ്ക് ഓഹരികൾ ഇന്നു തുടക്കം മുതലേ ഉയർന്നു നീങ്ങി. ഫെഡറൽ ബാങ്ക് രണ്ടു ശതമാനം കയറി 143.25 രൂപയിലെത്തി. മറ്റു കേരള ബാങ്കുകൾ ഒന്നു മുതൽ രണ്ടര വരെ ശതമാനം കയറ്റത്തിലാണ്. പൊതുമേഖലാ ബാങ്ക് സൂചിക രണ്ടു ശതമാനവും സ്വകാര്യ ബാങ്ക് സൂചിക ഒന്നും ശതമാനം ഉയർന്നു.

ലാഭ മാർജിനിൽ 7.2 ശതമാനം വർധന കാണിച്ച ജെകെ ടയർ ഓഹരി 12 ശതമാനം ഉയർന്നു.

ലിഗ്നൈറ്റ് ഉൽപാദനം 20 ശത മാനം ഇടിഞ്ഞത് ജിഎംഡിസി ഓഹരി ഒൻപതു ശതമാനം താണു.

ഫൈബർ സിമന്റ് ഉൽപന്നങ്ങൾ നിർമിക്കുന്ന എച്ച്ഐഎൽ റിസൽട്ട് മോശമായതിനെ തുടർന്ന് ഏഴു ശതമാനം ഇടിഞ്ഞു.

സൺ ഫാർമയിൽ നിന്നു വേർപെടുത്തിയ സ്പാർക് (സൺ ഫാർമ അഡ്വാൻസ്ഡ് റിസർച്ച് കമ്പനി) കണ്ടെത്തിയ ചില സംയുക്തങ്ങൾക്ക് രാജ്യാന്തര വിപണന കരാർ ഉണ്ടാക്കിയത് ഓഹരി വില ഏഴു ശതമാനം ഉയർത്തി.

കൊട്ടക് മഹീന്ദ്ര ഓഹരി രണ്ടു ശതമാനം കയറി

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഉപകമ്പനിയായ കൊട്ടക് ജനറൽ ഇൻഷ്വറൻസ് കമ്പനിയിൽ ഭൂരിപക്ഷ ഓഹരി വാങ്ങാൻ സൂറിച്ച് ഇൻഷ്വറൻസ് കമ്പനി കരാർ ഉണ്ടാക്കി. കൊട്ടക് മഹീന്ദ്ര ഓഹരി രണ്ടു ശതമാനം കയറി.

തങ്കമയിൽ ജ്വല്ലറി മികച്ച ലാഭവും വിറ്റുവരവും നേടിയെങ്കിലും രണ്ടു ദിവസം കാെണ്ട് ഓഹരി14 ശതമാനം ഇടിഞ്ഞു.

രൂപ ഇന്നു ഗണ്യമായ നേട്ടം ഉണ്ടാക്കി. യുഎസ് ഡോളർ സൂചിക താഴ്ന്നതാണു കാരണം. ഡോളർ ഏഴു പൈസ താണ് 83.21 രൂപയിൽ ഓപ്പൺ ചെയ്തു. 83.18 രൂപയിലേക്കു താഴ്ന്ന ഡോളർ പിന്നിട് 83.22 രൂപയിലായി.

സ്വർണം ലോകവിപണിയിൽ 1985 ഡോളറിലായി. കേരളത്തിൽ സ്വർണം പവന് 80 രൂപ കൂടി 45,200 രൂപയായി.

ക്രൂഡ് ഓയിൽ രാവിലെ അൽപം ഉയർന്നു. ബ്രെന്റ് ഇനം 85.56 ഡോളറിലെത്തി.

Read Morning Business News & Stock Market Below :

ഫെഡ് വിപണികളെ ഉയർത്തി; ഇനി പലിശ കൂട്ടാനിടയില്ലെന്ന് പവൽ; സാമ്പത്തിക സൂചകങ്ങളിൽ നിക്ഷേപകർക്ക് ആവേശം

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it