നഷ്ടം കുറച്ച് വിപണി; ലാഭം കൂട്ടിയിട്ടും രക്ഷയില്ലാതെ ഇന്‍ഡിഗോ ഓഹരികൾ

വിപണി ഫിച്ച് ആഘാതത്തില്‍നിന്ന് പൂര്‍ണമായും മുക്തമായിട്ടില്ല. എങ്കിലും ഏഷ്യന്‍ വിപണികളെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് ഇന്ത്യന്‍ വിപണിയില്‍ ഇന്നുള്ളത്. രാവിലെ താഴന്ന് ഓപ്പണ്‍ ചെയ്ത വിപണി കുറേക്കൂടി താഴ്ന്ന ശേഷം നഷ്ടം കുറച്ചു. ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സെന്‍സെക്സ് 200 പോയിന്റും നിഫ്റ്റി 56 പോയിന്റും താഴ്ചയിലാണ്. ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹെല്‍ത്ത് കെയര്‍, മീഡിയ, ഓട്ടോ എന്നീ മഖലകളാണ് ഇന്നു രാവിലെ നേട്ടത്തിലുള്ളത്. മറ്റു മേഖലകളെല്ലാം നഷ്ടത്തിലാണ്.

സാംഘി ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കുതിന് അംബുജ സിമന്റ്സ് കരാറുണ്ടാക്കി. 5000 കോടി രൂപയ്ക്കാണ് സംഘിയുടെ 56.74 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കുക. ഒരോഹരിക്ക് 114.22 രൂപ നല്‍കും. രവി സാംഘിയും കുടുംബവുമാണ് തങ്ങളുടെ ഓഹരി അദാനിക്കു നല്‍കുന്നത്. ഇതോടൊപ്പം കൂടുതല്‍ ഓഹരികള്‍ വാങ്ങുതിന് ഓപ്പൺ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. സാംഘി ഓഹരി ഇന്ന് അഞ്ചു ശതമാനം ഉയര്‍ന്ന് 105.4 രൂപയിലേക്കെത്തി.

അംബുജ സിമന്റ്സ് ഓഹരി നേരിയ ഉയര്‍ച്ചയോടെ 464 രൂപയിലെത്തി. അദാനി ഗ്രൂപ്പിന്റെ സിമന്റ് ഉത്പാദനശേഷി ഈ ഏറ്റെടുക്കലോടെ 736 ലക്ഷം ടണ്ണായി വര്‍ധിക്കും.

ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍

ഇന്‍ഡിഗോ വിമാന സര്‍വീസ് നടത്തു ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ ഒന്നാം പാദത്തില്‍ 3,000 കോടിയില്‍പ്പരം രൂപയുടെ അറ്റാദായമുണ്ടാക്കി ലാഭത്തിലേക്കു പ്രവേശിച്ചു. പ്രതീക്ഷയേക്കാള്‍ 73 ശതമാനം അധികമാണിത്. എങ്കിലും ഓഹരിവില 3.5 ശതമാനം താഴ്ന്നു. വ്യോമയാന രംഗത്ത് നിക്ഷേപം നടത്തുതിന് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് ആരംഭിക്കാനും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാനും വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട് രൂപീകരിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

സണ്‍ ഫാര്‍മയും അദാനി എന്റര്‍പ്രൈസസും

ടൈറ്റന്‍, യുപിഎല്‍, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയവയൊക്കെ ഇന്നു താഴേക്കു നീങ്ങിയപ്പോള്‍ സണ്‍ ഫാര്‍മയും അദാനി എന്റര്‍പ്രൈസസും നേട്ടമുണ്ടാക്കി.

രൂപ, ഡോളർ, സ്വർണം

രൂപ ഇന്നും ദുര്‍ബലമായി. രാവിലെ 14 പൈസ ഉയന്ന് 82.72 രൂപയിലാണ് ഡോളര്‍ ഓപ്പണ്‍ ചെയ്തത്. സ്വര്‍ണം അന്താരാഷ്ട്ര വിപണിയില്‍ 1936 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 43,960 രൂപയിലായി.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it