യുദ്ധഭീതിയില്‍ വിപണിയില്‍ ഇടിവ്; രൂപയും താഴ്ന്നു, ഏഞ്ചല്‍ വണ്‍, ജിയോജിത്ത് ഓഹരികള്‍ക്ക് നേട്ടം

യുദ്ധഭീതിയും മറ്റു പ്രശ്‌നങ്ങളും കാരണമാക്കി ഓഹരിവിപണി ഇന്നു വലിയ താഴ്ചയിലായി. നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും 20 ദിന മൂവിംഗ് ശരാശരിക്കു താഴെയാണു വ്യാപാരം ആരംഭിച്ചത്.
മുഖ്യ സൂചികകളും മെറ്റലും മീഡിയയും ഒഴികെയുള്ള മേഖലാ സൂചികകളും ഒരു ശതമാനത്തിലധികം താഴ്ന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയാണു കൂടുതല്‍ നഷ്ടത്തിലായത്. റിയല്‍റ്റി സൂചിക രണ്ടു ശതമാനത്തിലധികം താാഴ്ന്നു. വാഹന, ധനകാര്യ ഓഹരികളും വലിയ ഇടിവിലാണ്.
മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും വലിയ നഷ്ടത്തിലാണ്.
സെന്‍സെക്‌സ് രാവിലെ 1,264 പോയിന്റ് നഷ്ടത്തില്‍ 83,002 വരെയും നിഫ്റ്റി 346 പോയിന്റ് താഴ്ന്ന് 25,451 വരെയും എത്തി. പിന്നീടു നഷ്ടം കുറച്ചു.
ചൈനീസ് സ്റ്റീല്‍ ഇറക്കുമതിക്കു പിഴച്ചുങ്കം ചുമത്താന്‍ ഗവണ്മെന്റ് ആലോചിക്കുന്നു എന്ന റിപ്പോര്‍ട്ട് സ്റ്റീല്‍ ഓഹരികളെ മൂന്നു ശതമാനം വരെ ഉയര്‍ത്തി.
ഡെറിവേറ്റീവ് വ്യാപാരത്തിനു വരുന്ന നിയന്ത്രണങ്ങള്‍ എക്‌സ്‌ചേഞ്ചുകളുടെ വരുമാനം കുറയ്ക്കും എന്നു വിപണി കരുതുന്നു. ബി.എസ്.ഇക്കു കാര്യമായ നഷ്ടം വരുമെന്ന വിലയിരുത്തല്‍ മൂലം ആദ്യം താഴ്ന്ന ബി.എസ്.ഇ ഓഹരി പിന്നീട് എട്ടു ശതമാനം ഉയര്‍ന്നു. എന്നാല്‍ എം.സി.എക്.സ്, ഐ.ഇ.എക്‌സ് എന്നീ എക്‌സ് ചേഞ്ചുകള്‍ ഇടിവിലായി. വ്യാപാര ഇടപാടുകളുടെ ഫീസ് ഘടന പരിഷ്‌കരിച്ചതിന്റെ പേരില്‍ ഏഞ്ചല്‍ വണ്‍, ജിയോജിത് തുടങ്ങിയ ബ്രോക്കറേജ് ഓഹരികള്‍ ഇന്നും നല്ല കയറ്റത്തിലാണ്.
ക്രൂഡ് ഓയില്‍ വില കൂടുന്ന സാഹചര്യത്തില്‍ ഒ.എന്‍.ജി.സി ഓഹരി രണ്ടു ശതമാനം ഉയര്‍ന്നു. എന്നാല്‍ ഓയില്‍ ഇന്ത്യ താഴ്ന്നു. ചെന്നൈ പെട്രോ താഴ്ചയിലായപ്പോള്‍ പെട്രോനെറ്റ് എല്‍.എന്‍.ജി രണ്ടു ശതമാനം കയറി. ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ - ഐ.ഒ.സി, എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍ - നാലു ശതമാനത്തോളം ഇടിവിലാണ്. റിഫൈനിംഗ് മാര്‍ജിന്‍ കുത്തനെ താഴ്ന്നതാണ് കാരണം.
സ്വര്‍ണപ്പണയ കമ്പനികള്‍ ഇന്നും താഴ്ന്നു.
രൂപ ഇന്നു കൂടുതല്‍ ദുര്‍ബലമായി. ഡോളര്‍ സൂചിക ഉയരുന്നതാണു കാരണം. ഡോളര്‍ എട്ടു പൈസ കൂടി 83.90 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.93 രൂപയായി.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2,656 ഡോളറിലാണ്. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 80 രൂപ വര്‍ധിച്ച് 56,880 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചു. ഡോളര്‍ നിരക്കു കൂടിയതാണ് സ്വര്‍ണവില കൂട്ടിയത്.
ക്രൂഡ് ഓയില്‍ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെന്റ് ഇനം 74.82 ഡോളറിലാണ്.
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it