വിപണി നഷ്ടത്തിൽ; ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ഓഹരി ആറു ശതമാനം താഴ്ന്നു
മുൻ ദിവസങ്ങളിലെ ആവേശം തുടരാനുള്ള താൽപര്യത്തോടെ വിപണി ഇന്നു രാവിലെ ഓപ്പൺ ചെയ്തു. 300 പോയിന്റ് കയറി വ്യാപാരം ആരംഭിച്ച സെൻസെക്സ് 65,586.60 വരെ കയറിയിട്ടു കുത്തനെ താണു. നിഫ്റ്റി 19,413.5 വരെ ഉയർന്നിട്ടു തിരിച്ചിറങ്ങി. പിന്നീടു രണ്ടു സൂചികകളും നഷ്ടത്തിലായി. വിപണി നഷ്ടത്തിലേക്കു നീങ്ങുമെന്ന ധാരണ വന്നതോടെ വിൽപന സമ്മർദം കൂടി.
ബാങ്ക് നിഫ്റ്റി ആദ്യ കുതിപ്പിനു ശേഷം നഷ്ടത്തിലേക്കു മാറി. വാഹന, മെറ്റൽ, ഓയിൽ - ഗ്യാസ്, റിയൽറ്റി, എഫ്എംസിജി മേഖലകളും നഷ്ടത്തിലായി. മിഡ് ക്യാപ് സൂചികയും നഷ്ടത്തിലാണ്.
റിലയൻസ് ജിയോ
റിലയൻസ് ജിയോയുടെ 999 രൂപയുടെ 4ജി ഫീച്ചർ ഫോൺ മറ്റു ഫോൺ സേവന കമ്പനികൾക്കു വലിയ ഭീഷണിയാകുമെന്നു വിലയിരുത്തൽ. 25 കോടി ഫീച്ചർ ഫോൺ ഉപയോക്‌താക്കളിൽ 40 ശതമാനത്തെ ജിയോ ഭാരത് ആകർഷിച്ചാൽ എയർ ടെലിനും വോഡഫോൺ ഐഡിയയ്ക്കും വരുമാനം കുത്തനേ ഇടിയും.ജിയോ പ്രഖ്യാപിച്ച വില ആകർഷമാണെന്നു വിവിധ ബ്രാേക്കറേജുകൾ വിലയിരുത്തി. എയർടെൽ ഓഹരി രാവിലെ മൂന്നു ശതമാനത്താേളം താണു.
സുസ്ലോൺ എനർജി ഓഹരി രാവിലെ ഒൻപതു ശതമാനം ഉയർന്നു 18 രൂപയ്ക്കു മുകളിലായി. വരുമാനവും ലാഭവും വർധിച്ചതിനെ തുടർന്ന് റീട്ടെയിൽ ശൃംഖലകളായ വി മാർട്ടിന്റെയും ഡി മാർട്ടിന്റെയും ഓഹരികൾ രാവിലെ ഉയർന്നു. പിന്നീടു താഴ്ചയിലായി.
വായ്പാ വിതരണത്തിൽ നല്ല കുതിപ്പ് ഉണ്ടായത് ബജാജ് ഫിനാൻസ് ഓഹരി എട്ടു ശതമാനം ഉയരാൻ സഹായിച്ചു. ബജാജ് ഫിനാൻഷ്യൽ സർവീസസിന്റെ ഓഹരി അഞ്ചു ശതമാനം കയറി.
ഹീറോ മോട്ടോ കോർപ്
ഹീറോ മോട്ടോ കോർപ് ഹാർലി ഡേവിഡ്സൺ ഇനത്തിലെ ഒരു മോട്ടോർ സൈക്കിൾ വിപണിയിലിറക്കുന്നു. 2.3 ലക്ഷം രൂപ വിലയ്ക്കാണ് 440 സിസിയുടെ ബൈക്ക് വിൽക്കുന്നത്. ഹീറോ ഓഹരി ഉയർന്നു. ഐഷർ ഓഹരി നഷ്ടത്തിലാണ്.
ഐ.ഡി.എഫ്.സി - ഐ.ഡി.എഫ്.സിഫസ്റ്റ് ബാങ്ക് ലയനത്തിന് അംഗീകരിച്ച ഫോർമുല ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിനു നഷ്ടമാണെന്നു വിലയിരുത്തൽ. ബാങ്കിന്റെ ഓഹരി ആറു ശതമാനം താണു. ഐഡിഎഫ്സിയും താഴ്ചയിലാണ്.
രൂപ ഇന്നും നേട്ടത്തിലാണ് തുടങ്ങിയത്. ഡോളർ നാലു പൈസ കുറഞ്ഞ് 81.92 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 81.86 രൂപയായി. സ്വർണം ലോക വിപണിയിൽ 1923 ഡോളറിലായി. കേരളത്തിൽ സ്വർണം പവന് 80 രൂപ കൂടി 43,320 രൂപയായി.