ചാഞ്ചാട്ടം കഴിഞ്ഞു നേട്ടത്തിൽ വിപണി
അമേരിക്കൻ വിപണി താഴ്ചയിലായിരുന്നെങ്കിലും ഇന്ത്യൻ വിപണി ഇന്നു നേട്ടത്തിന്റെ വഴിയിലേക്കു നീങ്ങി. നഷ്ടത്തിൽ തുടങ്ങിയ ഏഷ്യൻ സൂചികകളും യുഎസ് ഫ്യൂച്ചേഴ്സും നേട്ടത്തിലേക്കു മാറിയതും ഇതിനു സഹായമായി.
ബാങ്ക്, ഐടി ഓഹരികൾ തുടക്കത്തിൽ ചാഞ്ചാട്ടത്തിലായിരുന്നു. പ്രതീക്ഷയേക്കാൾ മെച്ചപ്പെട്ട നാലാം പാദ റിസൽട്ട് ചോളമണ്ഡലം ഫിനാൻസ് ഓഹരിയെ 10 ശതമാനം കയറ്റി. ബ്രോക്കറേജുകൾ ഓഹരിയുടെ വിലപ്രതീക്ഷ 1000 രൂപയ്ക്കു മുകളിലേക്ക് ഉയർത്തി. പ്രാെമോട്ടർ കുടുംബത്തിലെ തർക്കങ്ങളാണ് ഓഹരിക്കു നല്ല കുതിപ്പു കിട്ടാൻ തടസമായത്.
റിസൽറ്റുകൾ പലരെയും തുണച്ചു
പെട്രോനെറ്റ് എൽഎൻജി നാലാം പാദത്തിൽ ലാഭമാർജിൻ താഴ്ന്നു. ഓഹരിവില അഞ്ചു ശതമാനം താണു.നാലാം പാദത്തിൽ അറ്റാദായം കുറഞ്ഞതിനെ തുടർന്ന് കെ ഇ സി ഇന്റർനാഷണൽ ഓഹരി നാലു ശതമാനം താണു.
പ്രതീക്ഷയിലും മികച്ച നാലാം പാദത്തെ തുടർന്ന് ടെെറ്റൻ ഓഹരി ഒന്നര ശതമാനത്തോളം ഉയർന്നു. ബ്രോക്കറേജുകൾ ഓഹരിയുടെ വിലപ്രതീക്ഷ 3000 രൂപയുടെ മുകളിലാക്കി. മികച്ച റിസൽട്ടിന്റെ ബലത്തിൽ ബജാജ് കൺസ്യൂമർ എട്ടു ശതമാനം നേട്ടത്തിലായി.
രൂപ ഇന്നും നേട്ടത്തിൽ ആരംഭിച്ചു. ഡോളർ 14 പൈസ താഴ്ന്ന് 81.67 രൂപയിലാണു വ്യാപാരം തുടങ്ങിയത്. ലോക വിപണിയിൽ സ്വർണം 2041 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 400 രൂപ വർധിച്ച് 45,600 രൂപയിലെത്തി. ഇതു റെക്കോഡ് വിലയാണ്.