ഉയര്‍ന്ന തുടക്കത്തോടെ വിപണി; നിഖില്‍ കാമത്തിന്റെ നിക്ഷേപവാര്‍ത്തയോടെ 8% കയറി നസാറ ടെക്നോളജീസ്
വിപണി നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി; പിന്നീട് ആവേശത്തോടെ കൂടുതല്‍ ഉയര്‍ന്നു. പക്ഷേ താമസിയാതെ നേട്ടങ്ങള്‍ കുറച്ചു. 19,525 ല്‍ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് 19,500 നു താഴെയായി. സെന്‍സെക്‌സ് 65,631 വരെ കയറിയിട്ട് 65,500 നടുത്തേക്കു താണു. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഇന്നും നല്ല നേട്ടത്തിലാണ്.
പാര്‍പ്പിട മേഖലയ്ക്കു ചൈന കൂടുതല്‍ ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്‍ വ്യാവസായിക ലോഹങ്ങള്‍ കയറ്റം തുടരുകയാണ്. ലോഹ കമ്പനികളുടെ ഓഹരികള്‍ ഇന്നും കയറി. ടാറ്റാ സ്റ്റീല്‍ നാലു ശതമാനം ഉയര്‍ന്നു. നാല്‍കോ ആറു ശതമാനം കയറി. ഹിന്‍ഡാല്‍കാേ നാലു ശതമാനം ഉയര്‍ന്നു.
ചൈന പാര്‍പ്പിട മേഖലയില്‍ പലിശ കുറച്ചും വായ്പാ കാലാവധി നീട്ടിക്കൊടുത്തും കമ്പനികളെ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചു. ഇതേ തുടര്‍ന്ന് ഹോങ് കോങ്ങില്‍ ലിസ്റ്റ് ചെയ്ത ചൈനീസ് പാര്‍പ്പിട കമ്പനികളുടെ ഓഹരികള്‍ ഇന്നു രാവിലെ ഒന്‍പതു ശതമാനം കുതിച്ചു. പാപ്പര്‍ നടപടികളിലേക്കു നീങ്ങിയ കണ്‍ട്രി ഗാര്‍ഡന്‍ 15 ശതമാനം ഉയര്‍ന്നു.
നസാറയിൽ നിഖില്‍ കാമത്തിന്റെ 100 കോടി
സീറോധയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്ത് 100 കോടി രൂപ നിക്ഷേപിക്കും. ഒന്നിന് 714 രൂപ വച്ച് 14 ലക്ഷം ഓഹരികള്‍ കമ്പനി നല്‍കും. ഇതു വഴി കാമത്തിനു കമ്പനിയിലെ നിക്ഷേപം 3.5 ശതമാനമാകും. ഇനിയും ഈ കമ്പനിയില്‍ നിക്ഷേപം നടത്തുമെന്ന് കാമത്ത് പറഞ്ഞു. നസാറയുടെ ഓഹരി 8 ശതമാനം ഉയര്‍ന്ന് 820 രൂപയിൽ എത്തി.
ജി.എം.ആര്‍ പവര്‍ കമ്പനിയുടെ ഓഹരി 20 ശതമാനം ഉയര്‍ന്ന് 35 രൂപയില്‍ എത്തി.
പ്രതിരോധ നിര്‍മാണ കമ്പനി എന്ന അംഗീകാരം ലഭിച്ച എംടാര്‍ ടെക്‌നോളജീസ് ഓഹരി നാലു ശതമാനം ഉയര്‍ന്നു. കഴിഞ്ഞയാഴ്ച കമ്പനി 23 ശതമാനം കുതിച്ചതാണ്.
ക്രൂഡ് ഓയില്‍, രൂപ, ഡോളര്‍, സ്വര്‍ണം
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു പോകുന്ന പശ്ചാത്തലത്തില്‍ ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ, ഐഒസി, ചെന്നൈ പെട്രാേ തുടങ്ങിയവ ഉയര്‍ന്നു. എംആര്‍പിഎല്‍ താഴ്ചയിലാണ്.
രൂപ ഇന്നു നേട്ടത്തോടെ തുടങ്ങിയിട്ടു താഴ്ന്നു. ഡോളര്‍ നാലു പൈസ താഴ്ന്ന് 82.68 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്. പിന്നീടു ഡോളര്‍ 82.76 രൂപയിലേക്കു കയറി.
സ്വര്‍ണം ലോകവിപണിയില്‍ 1945 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ കൂടി 44,240 രൂപയായി.
കൂടുതൽ വായനയ്ക്ക് :
മോണിംഗ് ബിസിനസ് ന്യൂസ്& സ്‌റ്റോക്ക് മാര്‍ക്കറ്റ് അപ്‌ഡേറ്റ് മിസ് ആയെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കൂ
ഓഹരി വിപണിയുടെ സാങ്കേതിക വിശകലനം