Begin typing your search above and press return to search.
വിപണിയില്‍ ചാഞ്ചാട്ടം; റബർ വില കുറയുമെന്ന പ്രതീക്ഷയില്‍ ടയര്‍ കമ്പനികള്‍ക്ക് നേട്ടം, റിലയന്‍സ് ഓഹരികളും ഉയര്‍ന്നു
വിപണി വീണ്ടും ചാഞ്ചാട്ടത്തിലായി. വില്‍പന സമ്മര്‍ദം ശക്തമായതാണു കാരണം. രാവിലെ മികച്ച ഉയരത്തില്‍ വ്യാപാരം തുടങ്ങിയ വിപണി പിന്നീട് നേട്ടം നാമമാത്രമാക്കി. ഒരവസരത്തില്‍ സെന്‍സെക്‌സ് നഷ്ടത്തിലേക്കും മാറി.
ജനുവരിയോടെ റബര്‍ വില കുറയുമെന്ന പ്രവചനവും അടുത്ത ആഴ്ചകളില്‍ ടയര്‍ വില കൂട്ടുമെന്ന സൂചനയും ടയര്‍ കമ്പനി ഓഹരികളെ ഉയര്‍ത്തി. സിയറ്റ് നാലു ശതമാനത്തോളം കയറി.
പത്തു ജിഗാവാട്ട് അവര്‍ ഇലക്ട്രിക് ബാറ്ററി നിര്‍മാണ പ്ലാന്റിനുള്ള ടെന്‍ഡര്‍ റിലയന്‍സിനു ലഭിച്ചു. 3,620 കോടി രൂപ കേന്ദ്ര ബജറ്റില്‍ നീക്കി വച്ചിട്ടുള്ള പദ്ധതിയില്‍ പെട്ടതാണിത്. റിലയന്‍സ് ഓഹരി രാവിലെ ഉയര്‍ന്നു. റിലയന്‍സിന്റെ 1:1 ബോണസ് ഇഷ്യുവിന് ഇന്നു ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കും.
സൊമാറ്റോ ഓഹരി 40 ശതമാനം ഉയരാം എന്ന് ജെപി മോര്‍ഗന്‍ വിലയിരുത്തി. ഓഹരി രാവിലെ ആറു ശതമാനം ഉയര്‍ന്നു.
സൊമാറ്റോയും മറ്റും സ്വീകരിക്കുന്ന നവീന വിതരണ ശൃംഖലകള്‍ വലിയ എഫ്എംസിജി കമ്പനികളുടെ ശൃംഖലകളേക്കാള്‍ കാര്യക്ഷമമാണെന്നും ഇത്തരം റീട്ടെയില്‍ വളരുന്നത് ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, മാരികോ, ബ്രിട്ടാനിയ, ഡാബര്‍, ഗോദ്‌റെജ് തുടങ്ങിയവയ്ക്കു ഭീഷണി ആകുമെന്നും സിഎല്‍എസ്എ വിശകലനത്തില്‍ പറയുന്നു.
ചൈനയില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതിക്ക് അധികച്ചുങ്കം ചുമത്തുമെന്നു കേന്ദ്ര മന്ത്രി എച്ച്. ഡി. കുമാരസ്വാമി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്റ്റീല്‍ ഓഹരികള്‍ ഉയര്‍ന്നു.
രൂപ ഇന്നു തുടക്കത്തില്‍ താഴ്ന്നു. ഡോളര്‍ 83.97 രൂപയില്‍ ഓപ്പണ്‍ ചെയ്തിട്ട് 83.98 രൂപയിലേക്കു കയറി.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2496 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 53,360 രൂപയില്‍ തുടര്‍ന്നു.
ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് തുടരുകയാണ്. ബ്രെന്റ് ഇനം ബാരലിന് 72.80 ഡോളര്‍ ആയി കുറഞ്ഞു.
Next Story