വിപണി തകർച്ച തുടരുന്നു, ബാറ്ററി, ടയർ കമ്പനികളുടെ ഓഹരികളിൽ ഇടിവ്

വിപണി ആഗോള തകർച്ചയുടെ പിന്നാലെ കൂടുതൽ താഴേക്കു വീഴുകയാണ്. താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു കൂടുതൽ ഇടിഞ്ഞു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ മുഖ്യ സൂചികകളും ബാങ്ക് നിഫ്റ്റിയും 1.75 ശതമാനം വരെ താഴ്ചയിലാണ്.
24,302.85 ൽ ഓപ്പൺ ചെയ്ത നിഫ്റ്റി 24,192.50 വരെ വീണിട്ടു കുറച്ചു കയറി. സെൻസെക്സ് 78,580 വരെ താഴ്ന്നിട്ട് 79,500 ലേക്കു കയറി. മിഡ് ക്യാപ് സൂചിക 2.1ഉം സ്മോൾ ക്യാപ് സൂചിക 2.35ഉം ശതമാനം താഴ്ന്നു.
റിയൽറ്റി സൂചിക നാലും മെറ്റൽ സൂചിക 2.85 ഉം ഓട്ടോ സൂചിക 2.75 ഉം ഐടി സൂചിക 1.96 ഉം ശതമാനം ഇടിഞ്ഞു. എഫ്എംസിജി കമ്പനികളുടെ വിൽപന കൂടുന്നു എന്ന റിപ്പോർട്ടിനെ തുടർന്ന് എച്ച് യു എൽ, നെസ്ലെ, ഐടിസി, ഡാബർ, മാരികോ, ബ്രിട്ടാനിയ, ടാറ്റാ കൺസ്യൂമർ തുടങ്ങിയവ ഉയർന്നു.
വായ്പാവിതരണം കഴിഞ്ഞ പാദത്തിൽ 30 ശതമാനത്തോളം കുറഞ്ഞത് എൽഐസി ഹൗസിംഗ് ഫിനാൻസ് ഓഹരിയെ10 ശതമാനം വരെ താഴ്ത്തി. പിന്നീട് നഷ്ടം കുറച്ചു
ബാറ്ററി കമ്പനികളുടെ ഒന്നാം പാദം പ്രതീക്ഷയിലും മോശമായി. എക്സൈഡും അമര രാജായും മൂന്നു ശതമാനത്തോളം താഴ്ന്നു.
ജെകെ ടയേഴ്സിൻ്റെ അറ്റാദായം 37 ശതമാനം കുതിച്ചെങ്കിലും ടയർ കമ്പനികളുടെ ലാഭമാർജിൻ കുറയുകയാണെന്ന വിലയിരുത്തലിൽ എല്ലാ ടയർ കമ്പനികളുടെയും ഓഹരികൾ ഇടിഞ്ഞു.
രൂപ ഇന്നും ഇടിഞ്ഞു. വെള്ളിയാഴ്ച 83.75 രൂപയിൽ ക്ലോസ് ചെയ്ത ഡോളർ 83.79 രൂപയിൽ ഓപ്പൺ ചെയ്തു. വിദേശ നിക്ഷേപകർ പിൻവാങ്ങാൻ സാധ്യത ഉണ്ടെന്ന നിഗമനത്തിലാണു രൂപ ഇടിയുന്നത്.
സ്വർണം ലോകവിപണിയിൽ വീണ്ടും കയറ്റത്തിലായി. രാവിലെ ഔൺസിന് 2434 ഡോളർ വരെ താണ സ്വർണം 2455 ഡോളറിലേക്കു കുതിച്ചു. കേരളത്തിൽ സ്വർണം പവന് 51,760 രൂപയിൽ തുടരുന്നു.
ക്രൂഡ് ഓയിൽ താഴ്ന്ന നിലയിൽ തുടരുന്നു. ബ്രെൻ്റ് ഇനം 77.10 ഡോളറിലാണ്.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it