ഓഹരി വിപണി ഇന്ന് രാവിലെ കയറ്റത്തില്‍
വിപണി നേട്ടത്തോടെ പുതിയ ആഴ്ചയ്ക്കു തുടക്കമിട്ടു. സെന്‍സെക്‌സ് 65,931.68 വരെയും നിഫ്റ്റി 19,583.10 വരെയും കയറിയിട്ട് അല്‍പം താഴ്ന്നു വ്യാപാരം നടക്കുന്നു.
ജൂലൈയില്‍ രാജ്യത്തു വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പന 10 ശതമാനം വര്‍ധിച്ചതായി ഫാഡ (ഫെഡറേഷന്‍ ഓഫ് ഓട്ടാേമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ്) അറിയിച്ചു. 16.09 ലക്ഷത്തില്‍ നിന്ന് 17.70 ലക്ഷത്തിലേക്കാണു വര്‍ധന.
അദാനി ഗ്രീനിന്റെ മൂന്നു ശതമാനം ഓഹരി പ്രാെമാേട്ടര്‍മാര്‍ വിറ്റതിനെ തുടര്‍ന്ന് ഓഹരി എട്ടു ശതമാനം ഇടിഞ്ഞു. 4352 കോടി രൂപയ്ക്കാണു കൈമാറ്റം.
സൊമാറ്റോയ്ക്കും മറ്റ് ചില ഓഹരികള്‍ക്കും നല്ലകാലം
ലാഭത്തിലായതിനെ തുടര്‍ന്നു വലിയ നേട്ടം ഉണ്ടായ സൊമാറ്റോ ഓഹരി ഇന്ന് നാലു ശതമാനത്തോളം ഉയര്‍ന്നു. പി. ജി ഇലക്ട്രോ പ്ലാസ്റ്റ് ലിമിറ്റഡ് ലാപ്‌ടോപ് നിര്‍മാണത്തിലേക്കു കടക്കാന്‍ ഉദ്ദേശിക്കുന്നതായി മാനേജ്‌മെന്റ് അറിയിച്ചു. ഒന്നാം പാദത്തില്‍ വരുമാനവും ലാഭവും ഗണ്യമായി വര്‍ധിപ്പിച്ച കമ്പനിയുടെ ഓഹരിവില എട്ടു ശതമാനത്തോളം കയറി.
ഓഹരി തിരിച്ചു വാങ്ങല്‍ പ്രഖ്യാപിക്കുമെന്ന സൂചനയെ തുടര്‍ന്ന് കെ.ആര്‍.ബി.എല്‍ ഓഹരി മൂന്നു ശതമാനം ഉയര്‍ന്നു. പത്താം തീയതിയാണു ബോര്‍ഡ് യോഗം.
മികച്ച ഒന്നാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് മിസിസ് ബെക്ടേഴ്‌സ് ഫുഡ് സ്‌പെഷാലിറ്റീസ് ഓഹരി അഞ്ചു ശതമാനത്തിലധികം കയറി. രണ്ടു ദിവസം കൊണ്ട് ഓഹരി എട്ടു ശതമാനം ഉയര്‍ന്നു.
പേടിഎമ്മില്‍ പ്രൊമോട്ടര്‍ വിജയ് ശേഖര്‍ ശര്‍മ ഓഹരി 19 ശതമാനമായി വര്‍ധിപ്പിക്കുമെന്ന സൂചനയെ തുടര്‍ന്ന് കമ്പനി ഓഹരി 11 ശതമാനം കുതിച്ചു. ആന്റ് ഫിനില്‍ നിന്നാണു ശര്‍മ 10 ശതമാനത്തിലധികം ഓഹരി വാങ്ങുക.
രൂപ, ഡോളര്‍, സ്വര്‍ണം
രൂപ ഇന്നു നേട്ടത്തിലാണ്. ഡോളര്‍ രാവിലെ 11 പൈസ താഴ്ന്ന് 82.73 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 82.71 രൂപയിലേക്കു താണിട്ട് 82.75 രൂപയിലേക്കു കയറി. ലോക വിപണിയില്‍ സ്വര്‍ണം 1939.6 ഡോളറിലേക്കു താഴ്ന്നു. കേരളതില്‍ പവന്‍ വില 44,120 രൂപയില്‍ തുടരുന്നു.