Begin typing your search above and press return to search.
പലിശയില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക്, ആവേശം കൈവിട്ട് ഓഹരി വിപണി, വീണ്ടും ഇടിഞ്ഞ് പേയ്ടിഎം
നിരക്കുകളിലോ സമീപനത്തിലോ മാറ്റമില്ലാതെ റിസർവ് ബാങ്ക് പണനയം. മൂന്നു ദിവസത്തെ പണനയ കമ്മിറ്റിയുടെ തീരുമാനം ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. നയത്തിൽ ആവേശകരമായ ഒന്നും വിപണി കണ്ടില്ല. അതിനാൽ പ്രഖ്യാപനം തുടങ്ങും മുൻപത്തെ നിലയിലും താഴെയാണ് പ്രഖ്യാപനം കഴിഞ്ഞപ്പാേൾ സൂചികകൾ.
തീരുമാനത്തെ കമ്മിറ്റിയിലെ അഞ്ചുപേർ പിന്താങ്ങി. ഒരാൾ വിയോജിച്ചു.
ബാങ്കുകൾ അടിയന്തരഘട്ടങ്ങളിൽ റിസർവ് ബാങ്കിൽ നിന്ന് എടുക്കുന്ന ഏകദിന വായ്പയുടെ പലിശയായ റീപോ റേറ്റ് 6.5 ശതമാനമായി തുടരും. മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റിയും ബാങ്ക് റേറ്റും 6.75 ശതമാനവും സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫസിലിറ്റി നിരക്ക് 6.25 ശതമാനവുമായി തുടരും.
പണലഭ്യതയിൽ നിലവിലുള്ള 'ഉദാരലഭ്യത പിൻവലിക്കൽ' സമീപനം തുടരും.
വിലക്കയറ്റം കുറഞ്ഞു വരുന്നതായി ബാങ്ക് വിലയിരുത്തി. ഇപ്പോഴത്തെ പാദത്തിൽ വിലക്കയറ്റം അഞ്ചു ശതമാനമാകും. 5.2 ശതമാനമാണു നേരത്തേ പ്രതീക്ഷിച്ചിരുന്നത്.
വളർച്ച പ്രതീക്ഷ
ഈ ധനകാര്യ വർഷം വളർച്ച പ്രതീക്ഷ 7.3 ശതമാനമായി ഉയർത്തി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ നിഗമനം റിസർവ് ബാങ്ക് സ്വീകരിക്കുകയാണു ചെയ്തത്.
2024-25 ലെ വളർച്ച എഴു ശതമാനം ആകുമെന്നു റിസർവ് ബാങ്ക് വിലയിരുത്തി. നേരത്തേ പ്രതീക്ഷിച്ചതിലും കൂടുതലാണിത്. ഒന്നാം പാദത്തിൽ 7.2 ശതമാനം (മുൻ പ്രതീക്ഷ 6.7), രണ്ടാം പാദത്തിൽ 6.8 ശതമാനം (6.5), മൂന്നാം പാദത്തിൽ ഏഴു ശതമാനം (6.4) നാലാംപാദത്തിൽ 6.9 ശതമാനം എന്നിങ്ങനെയാണ് നിഗമനം.
അടുത്ത ധനകാര്യ വർഷം ചില്ലറ വിലക്കയറ്റം 4.5 ശതമാനം ആകുമെന്ന് റിസർവ് ബാങ്ക് കണക്കാക്കുന്നു. നാലു ശതമാനം എന്ന ലക്ഷ്യത്തിൽ അടുത്ത വർഷവും എത്തുകയില്ല എന്നു ഗവർണർ പറഞ്ഞു.
സൂചികകൾ താഴ്ചയിൽ
രാവിലെ 72,473 വരെ കയറിയ സെൻസെക്സ് ഗവർണർ പ്രഖ്യാപനം തുടങ്ങുമ്പാേൾ 72,285 ലായിരുന്നു. നിഫ്റ്റി 22,011ൽ നിന്ന് 21,980ൽ എത്തിയിരുന്നു. ബാങ്ക് നിഫ്റ്റി 46,040 ൽ ആയിരുന്നു. ഗവർണറുടെ പ്രഖ്യാപനത്തിനിടയിൽ സൂചിക ഗണ്യമായി താഴ്‌ന്നെങ്കിലും പിന്നീടു തിരിച്ചു കയറി. സെൻസെക്സ് 71,983 വരെയും നിഫ്റ്റി 21,882 വരെയും ഇടിഞ്ഞ ശേഷമാണു തിരിച്ചു കയറ്റം തുടങ്ങിയത്. എങ്കിലും പ്രഖ്യാപനത്തിനു മുമ്പുള്ളതിലും താഴെയാണു സൂചികകൾ.
പേയ്ടിഎം ഓഹരി ഇന്നു രാവിലെ ആറു ശതമാനം താഴ്ന്നു. കമ്പനി ചെയർമാൻ വിജയ് ശേഖർ ശർമ ഇന്നു റിസർവ് ബാങ്കിലെ ഉന്നതരെ സന്ദർശിച്ചു ചർച്ച നടത്തി.
റിസൽട്ട് പ്രതീക്ഷയിലും മോശമായതിനെ തുടർന്ന് ശോഭ ഡവലപ്പേഴ്സ് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
മികച്ച റിസൽട്ടിനെ തുടർന്ന് പവർ ഗ്രിഡ് ഓഹരി എട്ടു ശതമാനം കയറി
രൂപ ഇന്നും നേട്ടത്തിലാണ്. ഡോളർ നാലു പൈസ കുറഞ്ഞ് 82.93 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 82.90 രൂപ ആയി
സ്വർണം ലോകവിപണിയിൽ 2033 ഡോളറിലാണ്. കേരളത്തിൽ സ്വർണ വില മാറ്റമില്ലാതെ പവന് 46,400 രൂപയിൽ തുടരുന്നു.
Next Story
Videos