വിപണികള്‍ നേട്ടത്തില്‍, ആരോപണങ്ങള്‍ക്കിടയില്‍ ഇന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ കയറി

വിപണി നേട്ടത്തോടെ തുടങ്ങി. വീണ്ടും കയറി. സെന്‍സെക്‌സ് 65,062 വരെ കയറിയിട്ട് കുറേ താഴ്ന്നു. വീണ്ടും കയറി. 19,339 വരെ എത്തിയിട്ട് നിഫ്റ്റി താഴ്ന്നു നീങ്ങി. ചൈനയിലെ ഫാക്ടറി പ്രവര്‍ത്തനം അപ്രതീക്ഷിതമായി കുതിച്ചത് ലോഹ വിപണികളില്‍ ഉണര്‍വുണ്ടാക്കി. ചൈന ബാങ്കുകളുടെ വിദേശനാണ്യ റിസര്‍വ് അനുപാതം കുറച്ചതും സഹായകമായി. ഇന്ത്യന്‍ വിപണിയില്‍ ലോഹ കമ്പനികളുടെ സൂചിക രണ്ടു ശതമാനത്തിലധികം ഉയര്‍ന്നു. ടാറ്റാ സ്റ്റീലും ഹിന്‍ഡാല്‍കോയും കുതിച്ചു.

ഓട്ടോ, ഐടി, റിയല്‍റ്റി, ഓയില്‍ - ഗ്യാസ്, എഫ്.എം.സി.ജി തുടങ്ങിയ വ്യവസായ മേഖലകളും രാവിലെ നല്ല നേട്ടത്തിലായിരുന്നു. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്നും അഞ്ചു ശതമാനം കയറി.

ആരോപണ വിധേയമായ അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്ന് നേട്ടത്തിലാണ്. അദാനി കുടുംബാംഗങ്ങളുടെ പങ്കാളികള്‍ മൗറീഷ്യസ് ആസ്ഥാനമായുള്ള ഫണ്ടുകളിലൂടെ അദാനി ഗ്രൂപ്പ് കമ്പനികളില്‍ ഓഹരികള്‍ വാങ്ങിയും വിറ്റും വില കൃത്രിമമായി ഉയര്‍ത്തിയെന്നാണ് ആരോപണം. ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട് (ഒ.സി.സി.ആര്‍.പി) എന്ന സംഘടനയുടേതാണ് രേഖകള്‍ സഹിതമുള്ള ആരോപണം. ആരോപണങ്ങള്‍ പഴയതും അടിസ്ഥാനരഹിതവുമാണെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു.

ഈ ഓഹരികള്‍ കയറി

പ്രതിരോധ-ബഹിരാകാശ മേഖലകളില്‍ നിര്‍ണായക പങ്കു വഹിക്കുന്ന എംടാര്‍ ടെക് ഇന്നു രാവിലെ ഒന്‍പതു ശതമാനം ഉയര്‍ന്നു. ഇന്നലെ 10 ശതമാനം കയറിയതാണ്. ഭാരത് ഹെവി ഇലക്ട്രിക്കല്‍സും ഇന്ന് 10 ശതമാനത്തോളം കയറി.

രൂപ,ഡോളര്‍,സ്വര്‍ണം

രൂപ ഇന്നും നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ഡോളര്‍ എട്ടു പൈസ താഴ്ന്ന് 82.70 രൂപയായി. പിന്നീടു ഡോളര്‍ 82.66 രൂപയിലേക്കു താണു. ലോകവിപണിയില്‍ സ്വര്‍ണം 1940 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 44,080 രൂപയായി.


മോണിംഗ് ബിസിനസ് ന്യൂസ് & സ്റ്റോക്ക് മാർക്കറ്റ് അപ്ഡേറ്റ് വായിക്കാത്തവർക്ക് ഈ ലിങ്ക് പരിശോധിക്കാം

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it