തിരിച്ചു കയറി ഓഹരി സൂചികകള്‍; കല്യാണ്‍ ജൂവലേഴ്‌സ് ഏഴ് ശതമാനം കയറി
യുദ്ധ ഭീതി മാറ്റി വച്ച് ഇന്ത്യന്‍ വിപണി ഇന്നു മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങി. നിഫ്റ്റി 19,600ഉം സെന്‍സെക്‌സ് 65,800ഉം കടന്നു. റിയല്‍റ്റി, വാഹന, ബാങ്ക്, മീഡിയ മേഖലകള്‍ രാവിലെ നല്ല നേട്ടം ഉണ്ടാക്കി. ഫാര്‍മ, ഹെൽത്ത്കെയർ മേഖലകള്‍ ചെറിയ ഇടിവിലായി.
സ്മാര്‍ട്ട് മീറ്ററുകള്‍ക്കു 3550 കോടിയുടെ കരാര്‍ ലഭിച്ചതിനെ തുടര്‍ന്ന് ജെനുസ് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരി അഞ്ചു ശതമാനം ഉയര്‍ന്നു.
ഒരു ഓഹരിക്ക് രണ്ട് എന്ന അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ച അവാന്‍ടെല്‍ ഓഹരി രാവിലെ 20 ശതമാനം കുതിച്ച് 321 രൂപയിലെത്തി. ടെലികോം മേഖലയിലാണ് ഈ കമ്പനി.
അദാനി ഓഹരികൾ കയറി
ഇന്നലെ വലിയ ഇടിവ് നേരിട്ട അദാനി ഗ്രൂപ്പ് കമ്പനികള്‍ ഇന്നു നേട്ടത്തിലായി. തിങ്കളാഴ്ച താഴ്ന്ന കല്യാണ്‍ ജൂവലേഴ്‌സ് ഓഹരി ഇന്നു രാവിലെ ഏഴു ശതമാനം കുതിച്ചു. മിക്ക ജൂവൽറി കമ്പനി ഓഹരികളും മൂന്നു ശതമാനത്തിലധികം ഉയര്‍ന്നു.
ഒരു യൂറോപ്യന്‍ കമ്പനിയുടെ കപ്പല്‍ നിര്‍മാണത്തിനു കരാര്‍ ലഭിച്ചത് മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ഓഹരിയെ ആറു ശതമാനത്തിലധികം ഉയര്‍ത്തി.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും ഗാര്‍ഡന്‍ റീച്ചും മൂന്നു ശതമാനം വീതം നേട്ടത്തിലാണ്.
ബാങ്ക് ഓഹരികൾ
ഫെഡറല്‍ ബാങ്ക് ഓഹരി രണ്ടു ശതമാനം ഉയര്‍ന്ന് 148 രൂപയ്ക്കു മുകളില്‍ എത്തി. ധനലക്ഷ്മി ബാങ്ക് ഓഹരി നാലു ശതമാനം ഉയര്‍ന്ന് 30.95 രൂപ വരെ എത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി രണ്ടു ശതമാനം ഉയര്‍ന്നു.
രൂപ, ഡോളർ, ക്രൂഡ് ഓയിൽ, സ്വർണം
രൂപ ഇന്ന് ചെറിയ നേട്ടത്തില്‍ തുടങ്ങി. ഡോളര്‍ നാലു പൈസ താണ് 83.23 രൂപയില്‍ വ്യാപാരം ആരംഭിച്ചു.
സ്വര്‍ണം ലോകവിപണിയില്‍ 1861 ഡോളറിലാണ്. കേരളത്തില്‍ പവന് 240 രൂപ കൂടി 42,920 രൂപയായി.
ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ 87.78 ഡോളറിലേക്കു താഴ്ന്നു.
Read Morning Business News & Stock Market :
ആശ്വാസറാലി പ്രതീക്ഷിച്ച് ഇന്ത്യൻ വിപണി; ഏഷ്യൻ വിപണികൾ കുതിപ്പിൽ; ക്രൂഡ് ഓയിൽ വില താഴുന്നു