മുന്നേറി സൂചികകൾ, കുതിപ്പു തുടർന്ന് റെയിൽവേ ഓഹരികൾ
വിപണി ഇന്നു നേട്ടത്തോടെ തുടങ്ങി, വീണ്ടും കയറി, പിന്നീട് അൽപം താണു. വീണ്ടും കയറ്റമായി. നിഫ്റ്റി 19,935 നു മുകളിൽ എത്തി. സെൻസെക്സ് 66,950 നു മുകളിലാണ്.
വാഹന കമ്പനികളും ഐടി കമ്പനികളും പൊതുമേഖലാ ബാങ്കുകളും ഇന്നു കുതിപ്പിന് നേതൃത്വം നൽകി. ഫെഡറൽ ബാങ്ക് ഓഹരി ഇന്നു രാവിലെ 149.40 രൂപ വരെ കയറി. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. സിഎസ്ബി ബാങ്ക് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയായ 345 രൂപ വരെ എത്തി.
ബന്ധൻ ബാങ്കിന്റെ ചീഫ് കംപ്ലയൻസ് ഓഫീസർ രാജിവച്ചത് ഓഹരിവില താഴാനിടയാക്കി.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ പി.എഫ്.സിയും ആർ.ഇ.സിയും ഇന്നു കയറ്റം തുടർന്നു. വെള്ളിയാഴ്ച ഇവ 10 ശതമാനത്തിലധികം ഉയർന്നതാണ്.
റെയിൽവേ ഓഹരികൾ കുതിപ്പ് തുടർന്നു. ഇർകോൺ 19 ശതമാനവും ഐആർഎഫ്സി 10 ശതമാനവും ആർവിഎൻഎൽ 13 ശതമാനവും വരെ കയറി. റെെറ്റ്സ് ആറു ശതമാനം നേട്ടത്തിലായി.
കൊച്ചിൻ ഷിപ്പ് യാർഡ് ഇന്നു രണ്ടു ശതമാനം ഉയർന്നു. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് അഞ്ചു ശതമാനം കയറ്റത്തിലായി.
അദാനി ഓഹരികൾ കയറ്റത്തിൽ
പ്രാെമാേട്ടർ ഗ്രൂപ്പ് രണ്ടു ശതമാനം ഓഹരി കൂടി സ്വന്തമാക്കി എന്ന റിപ്പോർട്ടിനെ തുടർന്ന് അദാനി എന്റർപ്രൈസസും അദാനി പോർട്സും മൂന്നു ശതമാനത്തോളം ഉയർന്നു. അദാനി പവറും നല്ല നേട്ടത്തിലാണ്.
രൂപ, ഡോളർ, സ്വർണം
രൂപ ഇന്നു മാറ്റമില്ലാതെ തുടങ്ങിയിട്ടു നേട്ടത്തിലായി. ഡോളർ 82.95 രൂപയിൽ വ്യാപാരം തുടങ്ങിയ ശേഷം 82.85 രൂപയിലേക്കു താഴ്ന്നു.
സ്വർണം ലോകവിപണിയിൽ 1,923 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 43,880 രൂപയിൽ തുടരുന്നു.