വിപണി താഴേക്ക്; സൗത്ത് ഇന്ത്യന്‍ ബാങ്കും ധനലക്ഷ്മി ബാങ്കും 5% ഇടിഞ്ഞു; പേയ്ടിഎമ്മിന് ചാഞ്ചാട്ടം

വിപണി ഇന്നു ചാഞ്ചാടി തുടങ്ങിയിട്ടു താഴോട്ടു നീങ്ങി. ഐ.ടിയും ഫാർമയും ഹെൽത്ത്കെയറും ഒഴികെ എല്ലാ മേഖലകളും ഇടിവിലായി. സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികൾ വലിയ താഴ്ചയിലാണ്. റിയൽറ്റിയും ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയുമാണു വലിയ താഴ്ചയിൽ. വെള്ളിയാഴ്ചത്തെ നേട്ടമെല്ലാം ആദ്യ മണിക്കൂറിൽ തന്നെ വിപണി നഷ്ടമാക്കി.

അമേരിക്കയിലെ വിൽപന റെക്കോഡ് ആകുകയും ലാഭമാർജിൻ ഇരട്ടിയാകുകയും ചെയ്തതിനെ തുടർന്ന് ഓറോബിന്ദോ ഫാർമയുടെ ഓഹരി മൂന്നു ശതമാനം കുതിച്ചു.
മുൻ സെബി ചെയർമാൻ എം. ദാമോദരൻ അധ്യക്ഷനായി ഒരു ഉപദേശക സമിതിയെ നിയമിച്ച സാഹചര്യത്തിൽ പേയ്ടിഎം ഓഹരി ഇന്നു രാവിലെ മൂന്നു ശതമാനം ഉയർന്നിട്ടു വീണ്ടും താഴ്ചയിലായി.
റിസൽട്ട് പ്രതീക്ഷയോളം വരാത്തതിനാൽ എസ്.ജെ.വി.എൻ 18 ശതമാനത്തോളം താഴ്ന്നു.
റിസൽട്ടുകളെ തുടർന്ന് ടൂറിസം ഫിനാൻസ് കോർപറേഷൻ, മിശ്രധാതു നിഗം, എം.എം.ടി.സി, ഒ.എൻ.ജി.സി തുടങ്ങിയവ താഴ്ചയിലായി.
വിറ്റുവരവ് 21 ശതമാനവും അറ്റാദായം 43 ശതമാനവും വർധിക്കുകയും ലാഭമാർജിൻ കൂടുകയും ചെയ്തെങ്കിലും ഹീറോ മോട്ടോകോർപ് ഓഹരി മൂന്നര ശതമാനം താണു.
മൂന്നാം പാദത്തിൽ കിട്ടാക്കടങ്ങൾ കൂടിയതു മൂലം ബന്ധൻ ബാങ്ക് ഓഹരി ആറു ശതമാനം താഴ്ന്നു.
വരുമാനം 33 ശതമാനം കൂടിയിട്ടും മൂന്നാം പാദത്തിൽ നഷ്ടം വരുത്തിയ എം.സി.എക്സ് ഏഴു ശതമാനത്തോളം ഇടിഞ്ഞു.
കാനഡയിലെ പ്രേം വത്സയുടെ ഫെയർ ഫാക്സ് നിയന്ത്രിക്കുന്ന ക്വെസ് കോർപറേഷൻ്റെ ഓഹരി രാവിലെ അഞ്ചു ശതമാനത്തോളം ഇടിഞ്ഞു. ഫെയർഫാക്സിനു 49 ശതമാനം ഓഹരി നിക്ഷേപമുള്ള സി.എസ്.ബി ബാങ്ക് ഓഹരി മൂന്നു ശതമാനത്തോളം താണു.
സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ഇന്ന് അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു. ധനലക്ഷ്മി ബാങ്ക് ഓഹരി അഞ്ചു ശതമാനം വീഴ്ചയിലായി.
രൂപ ഇന്നു മാറ്റമില്ലാതെ തുടങ്ങി. ഡോളർ 83.03 രൂപയിൽ വ്യാപാരം ആരംഭിച്ചു. പിന്നീട് 83.01 രൂപയായി.
സ്വർണം ലോകവിപണിയിൽ 2022 ഡോളറിലാണ്. കേരളത്തിൽ പവന് വില മാറ്റമില്ല.
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it