ആവേശക്കുതിപ്പിൽ വിപണി; സൂചികകൾ പുതിയ ഉയരങ്ങളിൽ
അമേരിക്കൻ ആശ്വാസം ഇന്ത്യൻ ഓഹരി വിപണിക്ക് ആവേശമായി. മുഖ്യ സൂചികകൾ രണ്ടും പുത്തൻ ഉയരങ്ങളിലെത്തി. സെൻസെക്സ് ആദ്യമായി 66,000 കടന്നു. സെൻസെക്സ് രാവിലെ 66,043.43 വരെയും നിഫ്റ്റി 19,566.15 വരെയും എത്തി.
ഐടിയും മെറ്റലും അടക്കം എല്ലാ മേഖലകളും രാവിലെ നല്ല കയറ്റത്തിലാണ്. ഇന്ന് ഒന്നാം പാദ റിസൽട്ട് പ്രഖ്യാപിക്കാനിരിക്കെ ഫെഡറൽ ബാങ്ക് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞ് 128.30 രൂപ വരെ എത്തി. പിന്നീടു കയറി. ലാഭമെടുത്തു മാറാനുള്ള ഫണ്ടുകളുടെ ശ്രമമാണ് വിലയിടിവിനു കാരണം.
ഇന്നലെ അഞ്ചു ശതമാനം വരെ ഉയർന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ഇന്നു മൂന്നു ശതമാനം കയറി 23.70 രൂപ വരെ എത്തി. ഇന്നലെ റിസൽട്ട് പ്രഖ്യാപിച്ച ടിസിഎസിന്റെ ഓഹരി രാവിലെ 2.6 ശതമാനം ഉയരുകയും എച്ച്സിഎലിന്റെ ഓഹരി 1.5 ശതമാനം താഴുകയും ചെയ്തു. എച്ച്സിഎൽ പിന്നീടു നേട്ടത്തിലേക്കു മാറി.
ഐടി ഓഹരികൾ
ഐടി ഓഹരികൾ ഇന്നു പൊതുവേ കയറ്റത്തിലാണ്. ആശങ്ക പോലെ മോശമായില്ല ഒന്നാം പാദം എന്നതാണ് ഐടി നേട്ടത്തിന് ഒരു കാരണം. പലിശ വർധനയ്ക്ക് അന്ത്യമാകുന്നത് യുഎസ് ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തും എന്ന വിശ്വാസവും കയറ്റത്തെ സഹായിച്ചു.
ഡ്രോണുകൾ നിർമിക്കുന്ന ദക്ഷ എന്ന കമ്പനിയിലെ പങ്കാളിത്തം കൊറൊമാണ്ഡൽ ഇന്റർനാഷണൽ 51 ശതമാനത്തിലേക്ക് ഉയർത്തി. അഗ്രി കെമിക്കലുകൾ ഡ്രാേൺ ഉപയോഗിച്ചു കൃഷിയിടങ്ങളിൽ തളിക്കാൻ കമ്പനി ഉദ്ദേശിക്കുന്നു.
ആനന്ദ് റഠി വെൽത്ത് ഒന്നാം പാദ അറ്റാദായം 34 ശതമാനം വർധിച്ച് 53 കോടിയായി. ഓഹരി 12 ശതമാനം ഉയർന്നു. പ്രൊമോട്ടർ അജയ് സിംഗ് 500 കോടി രൂപ കൂടി മൂലധനമായി ഇറക്കും എന്ന പ്രഖ്യാപനം സ്പൈസ് ജെറ്റ് ഓഹരിയെ എട്ടു ശതമാനം കയറ്റി.
രൂപ ഇന്നു നല്ല നേട്ടത്തിലായി. ഡോളർ 0.35 ശതമാനം താണ് 81.95 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ സൂചിക താഴ്ന്നതാണ് കാരണം. പിന്നീടു ഡോളർ 82 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ 1960 ഡോളറിനു മുകളിലായി. കേരളത്തിൽ പവന് 280 രൂപ കൂടി 44,000 രൂപയായി. ജൂൺ 20 നാണ് ഇതിനു മുൻപ് 44,000 രൂപയിൽ പവൻ വ്യാപാരം നടന്നത്.