തിരിച്ചു കയറാനുള്ള ശ്രമങ്ങൾ പാഴായി, വിപണി താഴ്ചയിൽ
താഴ്ചയിൽ നിന്നു കയറാനുള്ള വിപണിയുടെ ശ്രമങ്ങൾ വിജയിക്കുന്നില്ല. താഴ്ന്നു വ്യാപാരം തുടങ്ങിയ മുഖ്യ സൂചികകൾ അൽപനേരം നേട്ടത്തിൽ നിന്നതിനു ശേഷം വീണ്ടും താഴ്ചയിലായി. തിരികെ കയറി നേട്ടത്തിൽ എത്തിയെങ്കിലും തുടർന്നു ചാഞ്ചാട്ടത്തിലേക്കു നീങ്ങുകയാണു ചെയ്തത്.
സ്മോൾ ക്യാപ് ഓഹരി സൂചിക തുടക്കത്തിൽ ഉയർന്നു നീങ്ങി. കുറച്ചു സമയത്തിനകം ഒരു ശതമാനത്തിലധികം ഉയർച്ചയിലായി. പക്ഷേ വ്യാപാരം അര മണിക്കൂർ പിന്നിട്ടപ്പോൾ സ്മാേൾ ക്യാപ് സൂചിക ഒരു ശതമാനം താഴ്ചയിലായി.
മിഡ് ക്യാപ് സൂചിക തുടക്കം മുതൽ താഴ്ചയിലായിരുന്നു. ഒരവസരത്തിൽ നേട്ടത്തിലെത്തിയിട്ട് വീണ്ടും ഇടിഞ്ഞു.
ബാങ്ക് നിഫ്റ്റി തുടക്കം മുതൽ നഷ്ടത്തിലാണ്. ഇടയ്ക്ക് നേട്ടത്തിലാകാൻ നോക്കിയെങ്കിലും നടന്നില്ല.
ക്രൂഡ് ഓയിൽ, ഡോളർ, രൂപ, സ്വർണം
ക്രൂഡ് ഓയിൽ വില 10 മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിനെ തുടർന്ന് ഓയിൽ മാർക്കറ്റിംഗ് കമ്പനികളും എണ്ണ ഉൽപാദന കമ്പനികളും നേട്ടത്തിലായി. ക്രൂഡ് വില കൂടിയതിനാൽ പെയിന്റ് കമ്പനികൾ താഴ്ചയിലാണ്.
രൂപ ഇന്നു കാര്യമായ മാറ്റമില്ലാതെ തുടങ്ങി. ഡോളർ 82.93 രൂപയിൽ വ്യാപാരം ആരംഭിച്ചു.
സ്വർണം ലോകവിപണിയിൽ 1908 ഡോളറിലേക്കു താണിട്ട് 1911 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവന് 280 രൂപ കുറഞ്ഞ് 43,600 രൂപയായി.
ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ബ്രെന്റ് ഇനം 92.28 ഡോളറിലാണ്.