കൂടുതല്‍ താഴ്ചയിലേക്ക് നീങ്ങി ഓഹരി വിപണി
താഴ്ചയിലേക്കു നീങ്ങി വിപണി. സെന്‍സെക്‌സ് 65,000 നും നിഫ്റ്റി 19,300 നും താഴെ എത്തിയിട്ട് അല്‍പം കയറി. മീഡിയയും എഫ്എംസിജിയും ഒഴികെ എല്ലാ വ്യവസായ മേഖലകളും ഇടിവിലാണ്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ കൂടുതല്‍ താഴ്ന്നു. മെറ്റല്‍, റിയല്‍റ്റി, ഓട്ടാേ, ബാങ്ക്, ധനകാര്യ മേഖലകള്‍ക്കാണ് ഏറ്റവും ക്ഷീണം. ചൈനീസ് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പ്രശ്‌നങ്ങള്‍ ഇവിടെയും ആശങ്ക വളര്‍ത്തി.
ഓഡിറ്റര്‍ രാജി വച്ചതിനെ തുടര്‍ന്ന് അദാനി പോര്‍ട്ട്‌സ് ഓഹരി മൂന്നു ശതമാനത്തോളം താഴ്ന്നു. മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ഒരു കമ്പനിയില്‍ നിന്നു കിട്ടാനുള്ള തുക സംബന്ധിച്ച തര്‍ക്കമാണു ഡിലോയിറ്റ് ഹാസ്‌കിന്‍സിന്റെ രാജിയിലേക്കു നയിച്ചത്. അദാനി എന്റര്‍പ്രൈസസ് അടക്കം ഗ്രൂപ്പ് കമ്പനികള്‍ പലതും രണ്ടു മുതല്‍ അഞ്ചു വരെ ശതമാനം താഴ്ചയിലാണ്. ലാഭമാര്‍ജിന്‍ കുറഞ്ഞ ഒന്നാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് നൈക ഓഹരി എട്ടു ശതമാനത്തിലധികം താണു.
മുത്തൂറ്റും മണപ്പുറവും താഴ്ചയിൽ
വായ്പാപരിധി ഒരു ലക്ഷം കോടി രൂപയായി വര്‍ധിപ്പിക്കാന്‍ മുത്തൂറ്റ് ഫിനാൻസ് സ് ആഗ്രഹിക്കുന്നു. കമ്പനിയുടെ ഒന്നാം പാദ റിസല്‍ട്ടില്‍ ലാഭം ഗണ്യമായി കൂടി. പണയ സ്വര്‍ണം 17 ശതമാനം വര്‍ധിച്ചു. എങ്കിലും ഓഹരി ഏഴു ശതമാനത്തോളം താഴ്ന്നു. മണപ്പുറം ഫിനാന്‍സും ഇന്നു താഴ്ചയിലാണ്.
ഒന്നാം പാദ റിസല്‍ട്ടുകള്‍ പ്രതീക്ഷയോളം വരാത്തത് അപ്പോളോ ഹോസ്പിറ്റല്‍സ്, പതഞ്ജലി ഫുഡ്‌സ്, വോള്‍ട്ടാസ്, ജെഎസ്പിഎല്‍, ക്രാേപ്ടണ്‍ തുടങ്ങിയ ഓഹരികളെ നഷ്ടത്തിലാക്കി. പിവിസി വില താഴുന്നത് അസ്ട്രാല്‍ പൈപ്‌സ് ഓഹരിയെ താഴ്ത്തി.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് തുടങ്ങിയവ ഇന്നു നേട്ടത്തിലാണ്. രൂപ ഇന്നു ദുര്‍ബലമായി. ഡോളര്‍ സൂചിക 103 നു മുകളില്‍ കയറിയതിന്റെ തുടര്‍ച്ചയായി ഡോളര്‍ 83 രൂപയ്ക്കു മുകളില്‍ ആയി. പിന്നീട് 82.96 രൂപയിലേക്കു താണു. സ്വര്‍ണം ലോകവിപണിയില്‍ 1912 ഡോളിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 43,720 രൂപ മാറ്റമില്ലാതെ തുടരുന്നു.