സൂചികകൾ ഉയർന്നതോടെ ലാഭമെടുക്കൽ; വിപണി ചാഞ്ചാടുന്നു

ഓഹരി വിലകൾ ഉയരങ്ങളിൽ എത്തിയപ്പോൾ വിൽപനസമ്മർദം വിപണിയെ വലയ്ക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ കയറ്റം കാണിച്ച ഐടി, റിയൽറ്റി, ഫാർമ, ഹെൽത്ത് കെയർ മേഖലകളിലാണ് കൂടുതൽ ഇടിവ്. സ്വകാര്യ ബാങ്കുകളും ധനകാര്യ കമ്പനികളും ലാഭമെടുക്കലിനായുള്ള വിൽപന സമ്മർദത്തിൽ താഴോട്ടു നീങ്ങി.

തുടക്കത്തിൽ ഉയർന്ന മുഖ്യ സൂചികകൾ പിന്നീടു ചാഞ്ചാട്ടത്തിലായി. എന്നാൽ വിശാല വിപണി പോസിറ്റീവാണ്. വികസന ഘട്ടത്തിലുള്ള ഒരു ഔഷധ സംയുക്തത്തിന്റെ വിൽപനയ്ക്ക് ജാപ്പനീസ് കമ്പനിയുമായി ദീർഘകാല കരാർ ഉണ്ടാക്കിയത് അനൂപം രസായന്റെ ഓഹരി വിലയിൽ വലിയ കുതിപ്പുണ്ടാക്കി. 2186 കോടി രൂപ അനൂപത്തിനു കിട്ടാൻ കരാർ വഴിയൊരുക്കും. ഓഹരിവില അഞ്ചു ശതമാനം ഉയർന്നു.

കെ.ഇ.സി ഇന്റർനാഷണൽ 1373 കോടി രൂപയുടെ പുതിയ കരാറുകൾ ഉണ്ടാക്കി. ഓഹരി ആറു ശതമാനത്താേളം കയറി. സോഡാ ആഷിന്റെ വില കുറച്ചത് ടാറ്റാ കെമിക്കൽസ് ഓഹരി നാലു ശതമാനം ഇടിയാൻ കാരണമായി. ഈ രംഗത്തു മത്സരിക്കുന്ന നിർമ കഴിഞ്ഞ ദിവസം വില കുറച്ചിരുന്നു.

സി.ഡി.എസ്.എല്ലിന്റെ 5.4 ശതമാനം ഓഹരി കെെമാറിയത് ഓഹരിവില അഞ്ചു ശതമാനം ഇടിയാൻ വഴിതെളിച്ചു. ബി.എസ്.ഇ ക്ക് 20 ശതമാനം ഓഹരിയുള്ള കമ്പനിയാണു സി.ഡി.എസ്.എൽ. ബിഎസ്ഇ ആണ് ഓഹരി വിറ്റതെന്നു കരുതപ്പെടുന്നു.

പ്രശ്നങ്ങളിൽ പെട്ടു കിടക്കുന്ന സീ എന്റർടെയ്ൻമെന്റിന്റെ 0.78 ശതമാനം ഓഹരി പ്ലൂട്ടസ് വെൽത്ത് മാനേജ്മെന്റ് വാങ്ങി. ഓഹരി ഒരു ശതമാനം ഉയർന്നു.

പെർസിസ്റ്റന്റ് സിസ്റ്റംസിനെ ജെ പി മോർഗൻ തരം താഴ്ത്തിയത് ഓഹരി വില നാലു ശതമാനം ഇടിയാൻ കാരണമായി.കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന ടാറ്റാ കൺസ്യൂമർ പ്രാെഡക്ട്സ് ഇന്നു രാവിലെ നാലര ശതമാനം നേട്ടത്തിലായി.

രൂപയും സ്വർണവും

രൂപ ഇന്നു കൂടുതൽ നേട്ടമുണ്ടാക്കി. ഏഴു പൈസ താണ് 82.28 രൂപയിലാണു ഡോളർ ഓപ്പൺ ചെയ്തത്. ലോകവിപണിയിൽ സ്വർണം 1948 ഡോളറിൽ എത്തി. കേരളത്തിൽ പവന് 280 രൂപ കുറഞ്ഞ് 44,040 രൂപയായി.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it