സൂചികകൾ ഉയരുന്നു, ആവേശം കുറവ്
ബാങ്ക് ഓഹരികൾ ശക്തമായ തിരിച്ചു വരവ് നടത്തിയതിന്റെ ഒപ്പം വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി. എന്നാൽ ആദ്യത്തെ മുന്നേറ്റം നിലനിർത്താനായില്ല. 17,211 വരെ കയറിയ നിഫ്റ്റി പിന്നീട് 17,125 ലേക്കും 58,474 വരെ എത്തിയ സെൻസെക്സ് 58,157 ലേക്കും താണു. പിന്നീട് കുറേ കയറി.
ബാങ്കുകൾക്കൊപ്പം ഐടി, മെറ്റൽ, ധനകാര്യ, മീഡിയ, കൺസ്യൂമർ ഡ്യുറബിൾസ് തുടങ്ങിയ മേഖലകളിലെ കമ്പനികളും രാവിലെ നല്ല ഉയർച്ചയിലായി.
അദാനി ഗ്രൂപ്പ്
അദാനി ഗ്രൂപ്പ് കമ്പനികൾ രാവിലെ കയറി. അദാനി എന്റർപ്രൈസസ് മൂന്നു ശതമാനം വരെ ഉയർന്നു. എന്നാൽ എസിസിയും അംബുജ സിമന്റും എൻഡിടിവിയും പവറും ടോട്ടൽ ഗ്യാസും ഒക്കെ നഷ്ടത്തിലാണ്.
സുസുകി കമ്പനി വിപണിയിൽ നിന്നു രണ്ടു ശതമാനത്തിലധികം ഓഹരി വാങ്ങി പങ്കാളിത്തം വർധിപ്പിച്ചത് മാരുതി സുസുകിയുടെ വില ഒരു ശതമാനത്തിലധികം ഉയർത്തി.
റെയിൽവേക്ക് ഫോർജ്‌ഡ് വീലുകൾ നിർമിച്ചു നൽകാനുള്ള കരാർ തിഥാഗഡ് വാഗണുമായി ഉണ്ടാക്കിയ സഖ്യത്തിനു ലഭിക്കും എന്ന സൂചനയിൽ രാമകൃഷ്ണ ഫോർജിംഗ്സ് ഓഹരി ഒൻപതു ശതമാനം ഉയർന്നു.
രൂപ തിരിച്ചു കയറി
രൂപ ഇന്നു തിരിച്ചു കയറി. ഡോളർ 17 പൈസ കുറഞ്ഞ് 82.32 രൂപയിലാണു വ്യാപാര തുടങ്ങിയത്. വിദേശ നിക്ഷേപകർ വലിയ തോതിൽ ഓഹരികൾ വിറ്റു മാറില്ലെന്ന വിശ്വാസത്തിലേക്ക് വിദേശ നാണയ വിപണി മാറി.
സ്വർണം ലോകവിപണിയിൽ 1903 ഡോളർ ആയി. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 42,440 രൂപയായി.