ഇന്ത്യന്‍ ഓഹരി വിപണി കുതിപ്പില്‍; ഐ.ടി സൂചിക രണ്ടു ശതമാനം കയറി
വിപണി ആഗോള ആവേശം ഏറ്റെടുത്ത് ഉയര്‍ന്ന നിലയില്‍ തുടങ്ങി. വ്യാപാരത്തിനിടെ കൂടുതല്‍ ഉയര്‍ന്നു. നിഫ്റ്റി 19,653 വരെയും സെന്‍സെക്‌സ് 65,579 വരെയും കയറി. പിന്നീട് താഴ്ന്നു.
റിയല്‍റ്റി, ഐ.ടി മേഖലകളാണു രാവിലെ വലിയ നേട്ടം കുറിച്ചത്. റിയല്‍റ്റി സൂചിക 2.65 ശതമാനം ഉയര്‍ന്നു. ഐ.ടി സൂചിക രണ്ടു ശതമാനം കയറി. മെറ്റല്‍, പി.എസ്.യു ബാങ്ക്, സ്വകാര്യ ബാങ്ക്, ഓയില്‍-ഗ്യാസ്, ധനകാര്യ സേവന മേഖലകളും നല്ല നേട്ടം ഉണ്ടാക്കി.
ഡാബര്‍ ഗ്രൂപ്പ് സാരഥികളായ മൊഹിത് ബര്‍മനെയും ഗൗരവ് ബര്‍മനെയും മഹാദേവ് ആപ്പ് കേസിലെപ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ എഫ്.ഐ.ആര്‍ ഗൂഢാലോചനയുടെ ഫലമാണെന്നു ബര്‍മന്‍ കുടുംബം ആരോപിച്ചു. റെലിഗെർ എന്റര്‍പ്രൈസസിനെ ഏറ്റെടുക്കാനുള്ള ബര്‍മന്‍മാരുടെ ശ്രമം തുരത്താനാണ് ഈ കേസില്‍ പെടുത്തുന്നതെന്ന് ബര്‍മന്‍ കുടുംബം പറഞ്ഞു.
റെലിഗെറിലെ 20 ശതമാനം ഓഹരിക്കായുള്ള ഓപ്പണ്‍ ഓഫര്‍ തുടങ്ങാനിരിക്കെയാണ് ഈ നീക്കം. റെലിഗെർ ഓഹരി ഒരു ശതമാനം താണു. ഡാബര്‍ ഓഹരി ഒന്നേകാല്‍ ശതമാനം താഴ്ന്നു.
കല്യാണ്‍ ജൂവലേഴ്‌സ് മികച്ച റിസല്‍ട്ട് പ്രസിദ്ധീകരിച്ചെങ്കിലും ഓഹരി ഇടയ്ക്കു നഷ്ടത്തിലായി. പിന്നീട് കയറി. കമ്പനി കടബാധ്യത കുറച്ചു വരികയാണ്. വിമാനം വിറ്റു 100 കോടി രൂപ ലഭിക്കുന്നത് കടം കുറയ്ക്കാന്‍ ഉപയോഗിക്കും.
മണപ്പുറം ഫിനാന്‍സ് ഓഹരി രാവിലെ ഒന്‍പതു ശതമാനം വരെ കയറി. കമ്പനിയുടെ നിയന്ത്രണത്തിലുള്ള ആസ്തി 70 ശതമാനം വര്‍ധിച്ചതും അറ്റപലിശ മാര്‍ജിന്‍ ഗണ്യമായി ഉയര്‍ന്നതുമാണ് കയറ്റത്തിനു കാരണം.
വരുമാനം 25 ശതമാനം കൂടിയപ്പോള്‍
അറ്റാദായം 240 ശതമാനം ഉയര്‍ത്തിയ ട്രൈഡന്റ് ഓഹരി ഏഴു ശതമാനം വരെ ഉയര്‍ന്നു. ഹോം ടെക്സ്റ്റൈല്‍സിലും മറ്റും ഉള്ള കമ്പനി കയറ്റുമതി വിപണിയിലും സജീവമാണ്. ലാഭവും ലാഭമാര്‍ജിനും ഗണ്യമായി വര്‍ധിപ്പിച്ച നാരായണ ഹെല്‍ത്ത് ഓഹരി ആറു ശതമാനം ഉയര്‍ന്നു. ലാഭമാര്‍ജിന്‍ താഴോട്ടു പോയ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഓഹരി 2.4 ശതമാനം താഴ്ന്നു.
രൂപ ഇന്ന് നല്ല നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ 25 പൈസ കുറഞ്ഞ് 83.08 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.01 രൂപയായി.
സ്വര്‍ണം ലോകവിപണിയില്‍ 1965 ഡോളറിലായി. കേരളത്തില്‍ സ്വര്‍ണം പവന് 320 രൂപ കൂടി 44,760 രൂപയായി.
ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ബ്രെന്റ് ഇനം 82.75 ഡോളറിലാണ്.
Read Morning Business News & Stock Market :
പലിശപ്പേടി മാറി, ഓഹരികൾ കുതിച്ചു; ഇന്ത്യയിലും യു.എസിലും വിലക്കയറ്റത്തിൽ ആശ്വാസം