ചാഞ്ചാട്ടത്തിൽ വിപണി; മണപ്പുറം ഫിനാൻസ് അഞ്ചര ശതമാനത്തോളം ഉയർന്നു
തുടക്കത്തിൽ ചാഞ്ചാട്ടം. പിന്നെ താഴ്ച. ഒടുവിൽ തിരിച്ചു കയറ്റം. പിന്നെ വീണ്ടും ചാഞ്ചാട്ടം. തിങ്കളാഴ്ചയിൽ നിന്നു ഭിന്നമായി ഇന്നത്തെ വിപണി. ബാങ്ക് നിഫ്റ്റി ചാഞ്ചാട്ടങ്ങൾക്കു ശേഷം താഴാേട്ടു നീങ്ങി. പിന്നീട് നഷ്ടം കുറച്ചു. മിഡ്ക്യാപ്, സ്മാേൾ ക്യാപ് ഓഹരികൾ രാവിലെ ഗണ്യമായി ഉയർന്നു.
ലാഭവും ലാഭമാർജിനും കുത്തനേ ഉയർന്നത് വെസൂവിയസ് ഇന്ത്യ ഓഹരിയെ 20 ശതമാനം ഉയർത്തി. നാലാം പാദത്തിലെ അറ്റാദായത്തിൽ കുറവു വന്നത് കല്യാൺ ജ്വല്ലേഴ്സ് ഓഹരിയുടെ വില ഇന്നലെ നാലു ശതമാനത്തിലധികം താഴ്ത്തി. വിമാനം വിറ്റതിൽ വന്ന നഷ്ടമാണ് അറ്റാദായം കുറയാൻ കാരണമായത്. കമ്പനിക്ക് 3500 കോടിയിൽ പരം രൂപയുടെ കടമുണ്ട്. വിമാനങ്ങൾ വിൽക്കാനും കടം കുറയ്ക്കാനും കമ്പനി ഉദ്ദേശിക്കുന്നതായി മാനേജ്മെന്റ് വിശദീകരിച്ചു.
മണപ്പുറം ഫിനാൻസ്
മണപ്പുറം ഫിനാൻസ് ഓഹരി ഇന്നു രാവിലെ അഞ്ചര ശതമാനത്തോളം ഉയർന്നു. ഫെഡറൽ ബാങ്ക് ഓഹരി രാവിലെ ഒരു ശതമാനം കയറി. എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും എക്സ് ഡിവിഡൻഡ് ആയതോടെ ഓഹരി വില ഒന്നര ശതമാനത്തോളം താണു. നല്ല റിസൽട്ടിന്റെ വെളിച്ചത്തിൽ ഇന്നലെ 20 ശതമാനം കയറിയ റീപ്രോ ഇന്ത്യ ഓഹരി ഇന്നു 10 ശതമാനം നേട്ടത്തിലായി. രൂപ അൽപം നേട്ടത്തിൽ തുടങ്ങി. ഡോളർ എട്ടു പെെസ താഴ്ന്ന് 82.23 രൂപയിൽ വ്യാപാരം ആരംഭിച്ചു. സ്വർണം ലോകവിപണിയിൽ 2016 ഡോളറിലായി. കേരളത്തിൽ സ്വർണം പവന് 80 രൂപ കൂടി 45,400 രൂപയായി.