താഴ്ന്ന് വ്യാപാരം തുടങ്ങിയെങ്കിലും സാവധാനം കയറി ഓഹരി വിപണി; മണപ്പുറം ഫിനാന്‍സ് ഇന്നും കയറ്റത്തില്‍
താഴ്ന്നു തുടങ്ങി, താഴ്ച തുടര്‍ന്നു, പിന്നീടു കയറ്റമായി. ഇന്ത്യന്‍ വിപണി ഇന്ന് ദുര്‍ബല തുടക്കത്തിനു ശേഷം സാവധാനം കയറുകയാണ്. രാവിലെ 19,674 ല്‍ വ്യാപാരം തുടങ്ങിയ നിഫ്റ്റി 19,627 വരെ താണു. പിന്നീടു കയറി 19,720 വരെ എത്തി.
മെറ്റല്‍ കമ്പനികളും പൊതു മേഖലാ ബാങ്കുകളും ഒഴികെ എല്ലാ വ്യവസായ മേഖലകളും ലാഭത്തിലാണ്. ഓയില്‍-ഗ്യാസ് , ഹെല്‍ത്ത് കെയര്‍, ഫാര്‍മ, റിയല്‍റ്റി എന്നിവയാണു മുന്നില്‍.
രണ്ട് ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ ഉപയോഗിക്കുന്നതിനു റിസര്‍വ് ബാങ്ക് വിലക്ക് ഏര്‍പ്പെടുത്തിയത് ബജാജ് ഫിനാന്‍സ് ഓഹരിയെ മൂന്നര ശതമാനം വരെ താഴ്ത്തി. സഹോദര കമ്പനിയായ ബജാജ് ഫിന്‍സെര്‍വ് മൂന്നു ശതമാനം താഴ്ന്നു. ബജാജ് ഓട്ടോയും താഴ്ചയിലായി. പിന്നീടു കമ്പനികള്‍ നേട്ടത്തിലായി.
കഴിഞ്ഞ ദിവസം വലിയ കുതിപ്പ് നടത്തിയ മണപ്പുറം ഫിനാന്‍സ് ഇന്നും കുതിപ്പിലാണ്. ഓഹരി രാവിലെ ഏഴു ശതമാനം ഉയര്‍ന്നു. കഴിഞ്ഞ ദിവസം 10 ശതമാനത്തോളം കയറിയതാണ്.
കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരി ഇന്നു രാവിലെ ഏഴു ശതമാനം താഴ്ചയിലായി.
മെറ്റല്‍ ഓഹരികള്‍ താഴ്ന്നു. ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ജിന്‍ഡല്‍ സ്റ്റീല്‍, ജെ.എസ്.ഡബ്ള്യു, വേദാന്ത തുടങ്ങിയവയെല്ലാം നഷ്ടത്തിലാണ്.
Read Morning Business News & Stock Market :
വിപണികൾക്ക് ഉത്സാഹം കുറവ്; യു.എസ്-ചൈന ഉച്ചകാേടി വിജയം; വിപണിയിൽ കാണുന്നത് തെരഞ്ഞെടുപ്പ് റാലിയോ?
സെപ്റ്റംബറില്‍ ഐപിഒ നടത്തിയ ജല ശുചീകരണ കമ്പനി ഇ.എം.എസ് ലിമിറ്റഡ് ഇന്ന് അഞ്ചു ശതമാനം ഉയര്‍ന്നു. ലിസ്റ്റിംഗിനു ശേഷം ഓഹരി വില 56 ശതമാനം കയറി.
രൂപ ഇന്നു ദുര്‍ബലമായി. ഡോളര്‍ നാലു പൈസ കയറി 83.18 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.20 രൂപയിലെത്തി.
സ്വര്‍ണം ലോക വിപണിയില്‍ 1960 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് വില മാറ്റമില്ലാതെ 44,760 ല്‍ തുടരുന്നു.
ക്രൂഡ് ഓയില്‍ താഴ്ന്നു നില്‍ക്കുന്നു. ബ്രെന്റ് ഇനം 80.41 ഡോളറിലാണ്.