പ്രതീക്ഷകൾ മങ്ങി,വിപണി താഴ്ചയിൽ

വിപണി ഇന്നു ചെറിയ താഴ്ചയിലാണ്. പൊതുമേഖലാ ബാങ്കുകൾ, വാഹനങ്ങൾ, എഫ്എംസിജി, ഫാർമ, ഹെൽത്ത് കെയർ തുടങ്ങി ചുരുക്കം മേഖലകൾ മാത്രമേ നേട്ടത്തിൽ. റിയൽറ്റി, ഐടി, മെറ്റൽ തുടങ്ങിയവ ഗണ്യമായി താണു.

നാലാം പാദ റിസൽട്ടിനെ തുടർന്ന് ബാങ്ക് ഓഫ് ബറോഡ ഓഹരി രണ്ടു ശതമാനം ഉയർന്നു. ചില ബ്രോക്കറേജുകൾ വില ലക്ഷ്യം 230 രൂപയ്ക്കു മുകളിലാക്കി.

മികച്ച റിസൽട്ടിനെത്തുടർന്ന് അംബർ എന്റർപ്രൈസസ് ഓഹരി ആദ്യം 20 ശതമാനം കയറി. പിന്നീടു നേട്ടം കുറഞ്ഞു. കെഡിറ്റ് ആക്സസ് ഗ്രാമീൺ നല്ല റിസൽട്ടിനെ തുടർന്ന് എട്ടര ശതമാനം കുതിച്ചു. നിഷ്ക്രിയ ആസ്തി തീരെ കുറവാണ്.

സൂര്യോദയ സ്മോൾ ഫിനാൻസ് ബാങ്ക് മികച്ച റിസൽട്ട് അവതരിപ്പിച്ച ശേഷം തുടർച്ചയായ രണ്ടാം ദിവസവും നേട്ടത്തിലാണ്. ഇന്നു രാവിലെ ആറു ശതമാനത്തിലധികം ഉയർന്നു.

വിറ്റുവരവും ലാഭവും ലാഭമാർജിനും വർധിച്ചെങ്കിലും ഒബറോയ് റിയൽറ്റി ഓഹരി ആറു ശതമാനത്തിലധികം താഴ്ചയിലായി. കഴിഞ്ഞ ദിവസം വലിയ നേട്ടമുണ്ടാക്കിയതാണ് ഒബ്‌റോയ്.

വില്പന വളർച്ച കുറവായതും ലാഭമാർജിൻ ഇടിഞ്ഞതും വി മാർട്ട് റീട്ടെയിൽ വില ഗണ്യമായി താഴ്ത്തി. ലാഭമാർജിൻ കുറഞ്ഞതു ജെഎസ്പിഎൽ ഓഹരി മൂന്നു ശതമാനത്തോളം ഇടിയാൻ കാരണമായി. രൂപ ഇന്നു തുടക്കത്തിൽ ദുർബലമായി. ഡോളർ 10 പൈസ കൂടി 82.30 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 82.35 രൂപ വരെ കയറി. ലോകവിപണിയിൽ സ്വർണം 1991 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 360 രൂപ കുറഞ്ഞ് 45,040 രൂപയായി.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it