മുഖ്യ സൂചികകളില്‍ ചാഞ്ചാട്ടം; ബാങ്കിംഗ്, ധനകാര്യ ഓഹരികള്‍ ഇടിവില്‍

രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി കൂടുതൽ താഴ്ന്ന ശേഷം തിരിച്ചു കയറി. അര മണിക്കൂർ കഴിയുമ്പോൾ നിഫ്റ്റി 36 പോയിന്റ് നേട്ടത്തിലായി. പിന്നീട് സെൻസെക്സ് നേട്ടത്തിലേക്കു കയറി. നിഫ്റ്റി 19,800 നും സെൻസെക്സ് 66,000 നും മുകളിലായി.

രാവിലെ ഒന്നേകാൽ ശതമാനം ഇടിവിൽ വ്യാപാരം തുടങ്ങിയ ബാങ്ക് നിഫ്റ്റി പിന്നീടു നഷ്ടം കുറച്ചു. ധനകാര്യ കമ്പനികളും ഇടിവിലാണ്.

ഈടില്ലാത്ത കൺസ്യൂമർ വായ്പകൾ നിയന്ത്രിക്കാൻ റിസർവ് ബാങ്ക് കൊണ്ടു വന്ന കർശന വ്യവസ്ഥകൾ ബാങ്ക്, ധനകാര്യ ഓഹരികളെ ബാധിച്ചു. ബാങ്കുകളും ധനകാര്യ കമ്പനികളും കൂടുതൽ മൂലധനം സമാഹരിക്കേണ്ടി വരും. ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, ആര്‍.ബി.എല്‍ബാങ്ക്, എസ്.ബി.ഐ കാർഡ്സ്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക് തുടങ്ങിയവയ്ക്കു വലിയ ആഘാതം ഏൽക്കും. ആര്‍.ബി.എല്‍ ബാങ്ക് എട്ടും എസ്.ബി.ഐ കാർഡ്സ് ആറും പഞ്ചാബ് നാഷണൽ ബാങ്ക് നാലും എസ്.ബി.ഐ മൂന്നും ആക്സിസ് ബാങ്ക് രണ്ടരയും ശതമാനം ഇടിഞ്ഞു. ബജാജ് ഫിനാൻസ് രണ്ടര ശതമാനം താണു.

കർണാടകയിലെ കെനി തുറമുഖവികസനത്തിന് 4000 കോടിയിലേറെ രൂപയുടെ കരാർ ലഭിച്ച ജെ.എസ്.ഡബ്ല്യു ഇൻഫ്രാ എട്ടു ശതമാനം ഉയർന്നു.

ഡെൽഹിവെറിയിൽ നിന്നു പ്രാരംഭ നിക്ഷേപകരായ സോഫ്റ്റ് ബാങ്ക് പിന്മാറുന്നതിന്റെ ഭാഗമായി 1.8 കോടി ഓഹരികൾ വിറ്റു. ഡെൽഹിവെറി ഓഹരി നാലു ശതമാനം വരെ താണു.

ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിനെ തുടർന്ന് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരികൾ മൂന്നു ശതമാനം വരെ ഉയർന്നു.

പെയിന്റിനും മറ്റും വില കുറച്ച ഏഷ്യൻ പെയിന്റ്സ് ഓഹരി രണ്ടര ശതമാനം ഉയർന്നു.

രൂപ ഇന്നും ദുർബലമായി. ഡോളർ ഇന്നലത്തെ ക്ലോസിംഗ് നിരക്കായ 83.23 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 83.27 രൂപയിലേക്കു കയറി.

ലോക വിപണിയിൽ സ്വർണം ഔൺസിന് 1985 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 480 രൂപ വർധിച്ച് 45,240 രൂപയായി.

ക്രൂഡ് ഓയിൽ താഴ്ന്നു നിൽക്കുന്നു. ബ്രെന്റ് ഇനം 77.57 ഡോളറിലായി.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it