ഐടി കമ്പനികൾ നേട്ടത്തിലായെങ്കിലും വിപണി ചാഞ്ചാടുന്നു

കഴിഞ്ഞ ദിവസത്തെ ക്ഷീണം തീര്‍ത്ത് ഐ ടി ഓഹരികൾ നേട്ടത്തിലായെങ്കിലും മറ്റു മേഖലകളിലെ ദൗർബല്യം വിപണിയെ താഴ്ത്തി. രാവിലെ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ശേഷം മുഖ്യ സൂചികകൾ കാൽ ശതമാനം ഉയർന്നു. പിന്നീടാണു നഷ്ടത്തിലായത്.

ഇന്നലെ യുഎസ് വിപണിയിൽ ഇന്ത്യൻ ഐടി കമ്പനികളുടെ എഡിആറുകൾ ഉയർന്നതിന്റെ ചുവടു പിടിച്ച് ഐടി സേവന കമ്പനികൾ ഇന്നു രാവിലെ തിരിച്ചു കയറി.

യുഎസ് ബാങ്കുകളുടെ ഒന്നാം പാദ റിസൽട്ട് മെച്ചമായത് ഐടി സേവന കമ്പനികളെ സഹായിച്ചു. യുഎസിലെ ബാങ്ക്, ഇൻഷ്വറൻസ്, ധനകാര്യ സേവന കമ്പനികളാണ് ഇന്ത്യൻ ഐടി കമ്പനികളുടെ വലിയ ഇടപാടുകാർ. ആ കമ്പനികളുടെ നിലെ മെച്ചമായ നിലയ്ക്ക് ഐടി കമ്പനികൾക്ക് വരും പാദങ്ങൾ മോശമാകുകയില്ലെന്നാണു പ്രതീക്ഷ.

ഇൻഫോസിസ് ഓഹരി

ഇൻഫോസിസ് ഓഹരി ഒരു ശതമാനത്തിനടുത്തും എച്ച്സിഎൽ 1.6 ശതമാനവും ഉയർന്ന ശേഷം താഴോട്ടു നീങ്ങി. ഇൻഫി നഷ്ടത്തിലുമായി. ടിസിഎസ്, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയവയും ആദ്യത്തെ മുന്നേറ്റം കഴിഞ്ഞു നഷ്ടത്തിലായി.

നിഫ്റ്റി ഐടി 0.35 ശതമാനം ഉയർന്നിട്ടു താണു. മിഡ് ക്യാപ് ഐടി കമ്പനികളും രാവിലെ കയറി. പൊതുമേഖലാ ബാങ്കുകൾ അടക്കം ബാങ്ക് ഓഹരികൾ ഇന്നും കയറി. റിയൽറ്റി, ഫാർമ, മെറ്റൽ, വാഹന കമ്പനികളും നേട്ടത്തിലാണ്.അദാനി ഗ്രൂപ്പ് കമ്പനികൾ ഇന്ന് ലാഭത്തിലാണ്. റിലയൻസ് ഒരു ശതമാനത്തിലധികം ഇടിവിലായി.

സീ എന്റർടെയ്ൻമെന്റിൽ വലിയ പ ഓഹരി കൈമാറ്റം നടന്നെങ്കിലും ഓഹരിവില നാലു ശതമാനം ഉയർന്നു. പിന്നീടു താണു. മോശപ്പെട്ട റിസൽട്ടിനെ തുടർന്ന് നെറ്റ് വർക്ക് 18 ഓഹരി നാലു ശതമാനം ഇടിഞ്ഞു.

ഡോളർ ഇന്നു മൂന്നു പൈസ നേട്ടത്തിൽ 82 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 82.07 രൂപയായി. സ്വർണം ലോക വിപണിയിൽ 1999 ഡോളറിലായി. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 44,680 രൂപയായി.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it