ചാഞ്ചാട്ടത്തില്‍ ഓഹരി വിപണി; ജിന്‍ഡാലിനെതിരെയുള്ള കേസില്‍ ഉലഞ്ഞ് ജെ.എസ്.ഡബ്ല്യു ഓഹരി
വലിയ കുതിപ്പിന് ശേഷം സമാഹരണത്തിനുള്ള ശ്രമം സൂചിപ്പിച്ച് ഓഹരികൾ ഇന്നു തുടക്കത്തിൽ താഴോട്ടു നീങ്ങി. പിന്നീടു നഷ്ടം കുറച്ചു. വ്യാപാരം ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ നിഫ്റ്റി നേരിയ നേട്ടത്തിലാണ്. സെൻസെക്സ് ചെറിയ താഴ്ചയിലും.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ നേട്ടം കുറിച്ച ഐ.ടി ഓഹരികൾ ഇന്നു തുടക്കത്തിൽ താഴ്ന്നു. പിന്നീടു പ്രധാന ഓഹരികൾ കയറ്റത്തിലായി.
ബാങ്ക് ഓഹരികൾ ഇന്നു താഴ്ചയിലായി. ബാങ്ക് നിഫ്റ്റി തുടക്കം മുതൽ ദുർബലമായിരുന്നു. ക്രമേണ 0.70 ശതമാനം നഷ്ടത്തിലായി.
കരിമ്പിൻ ജ്യൂസിൽ നിന്ന് എഥനാേൾ നിർമിക്കുന്നതു വിലക്കിയ നടപടി കേന്ദ്രം പിൻവലിച്ചത് പഞ്ചസാര മിൽ ഓഹരികൾക്കു വലിയ നേട്ടമായി. ശ്രീ രേണുക, ദ്വാരികേഷ്, ബൽറാംപൂർ, ഡാൽമിയ ഭാരത്, ധാംപുർ, അവധ്, ബജാജ് ഹിന്ദുസ്ഥാൻ തുടങ്ങിയ പഞ്ചസാര ഓഹരികൾ ആറു മുതൽ ഒൻപതു വരെ ശതമാനം താഴ്ന്നു.
സി.എം.ഡി സജ്ജൻ ജിൻഡലിനെതിരേ ലൈംഗികാതിക്രമ കേസ് എടുത്തതിനെ തുടർന്ന് ജെ.എസ്.ഡബ്ള്യു സ്റ്റീൽ ഓഹരി നാലു ശതമാനത്തോളം ഇടിഞ്ഞു.
ലയനം നീട്ടിവയ്ക്കണമെന്ന് സീ എന്റർടെയ്ൻമെന്റ് സോണി കോർപറേഷനോട് ആവശ്യപ്പെട്ടതായ റിപ്പോർട്ടിനെ തുടർന്നു സീ എന്റർടെയ്ൻമെന്റും സീ മീഡിയയും മൂന്നു ശതമാനം താഴ്ന്നു. സീ-സോണി ലയനനീക്കം തകർച്ചയുടെ വക്കിലാണ്. സീയുടെ പവൻ ഗോയങ്കയെ സംയുക്ത കമ്പനിയുടെ എം.ഡിയാക്കുന്നതാണു തർക്ക വിഷയം.
ഗോ ഫസ്റ്റ് വിമാന കമ്പനി വാങ്ങാൻ മൂന്നു കമ്പനികൾ രംഗത്തു വന്നു. സ്പൈസ് ജെറ്റും ഗോയെ വാങ്ങാൻ രംഗത്തുണ്ട്. സ്പൈസ് ഇതിനായി 2,500 കോടി രൂപ ഈയിടെ സമാഹരിച്ചിരുന്നു. സ്പൈസ് ജെറ്റ് ഓഹരി എട്ടു ശതമാനം വരെ കയറി.
നാഗ്പൂരിലെ പ്ലാന്റിൽ ഉണ്ടായ സ്ഫാേടനത്തെ തുടർന്ന് സോളാർ ഇൻഡസ്ട്രീസ് ഓഹരി അഞ്ചു ശതമാനം താഴ്ന്നു. അപകടത്തിൽ ഒൻപതു പേർ മരണമടഞ്ഞു.
രൂപ ഇന്നു തുടക്കത്തിൽ നേട്ടം ഉണ്ടാക്കി. നാലു പൈസ താണ് 82.96 രൂപയിലാണു ഡോളർ ഓപ്പൺ ചെയ്തത്. പിന്നീട് ഡോളർ 83.02 രൂപയിൽ എത്തിയിട്ടു തിരികെ 82.92 വരെ താഴ്ന്നു.
സ്വർണം ലോക വിപണിയിൽ 2023 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 80 രൂപ കൂടി 45,920 രൂപ ആയി. ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ബ്രെന്റ് ഇനം 76.93 ഡോളറിലാണ്.