റെക്കോഡുകൾ തിരുത്തി ഓഹരി വിപണി; പുതിയ ഉയരങ്ങളിലേക്ക് നിഫ്റ്റിയും സെൻസെക്സും
ഓഹരികൾ കുതിക്കുകയാണ്. സൂചികകൾ പുതിയ ഉയരങ്ങൾ കീഴടക്കുന്നു. ഇന്നു രാവിലെ സെൻസെക്സ് 67,117.05 വരെയും നിഫ്റ്റി 19,841.65 വരെയും എത്തി റെക്കാേഡ് കുറിച്ചു. രാവിലെ ചെറിയ നേട്ടത്തിൽ തുടങ്ങിയിട്ട് സൂചികകൾ ക്രമമായി കയറുകയായിരുന്നു. വാഹനങ്ങൾ മാത്രമേ ഇന്നു താഴ്ചയിൽ ആയുള്ളൂ.
ലോകബാങ്കിന്റെ സഹാേദര സ്ഥാപനമായ ഇന്റർനാഷണൽ ഫൈനാൻസ് കോർപറേഷൻ (IFC) ഫെഡറൽ ബാങ്കിൽ ഓഹരി ഏറ്റെടുക്കും. 7.26 കോടി പ്രിഫറൻസ് ഓഹരികൾ ഐഎഫ്സിക്കു നൽകുന്നതു തീരുമാനിക്കാൻ ബാങ്കിന്റെ ബോർഡ് 21-നു ചേരും.
പ്രതീക്ഷയിലും മികച്ച ഒന്നാം പാദ റിസൽട്ടിനെ തുടർന്ന് ഇൻഡസ് ഇൻഡ് ബാങ്ക് ഇന്നു രാവിലെ മൂന്നു ശതമാനം വരെ ഉയർന്നു. പോളികാബ് ഇന്ത്യ ഒന്നാം പാദത്തിൽ 82 ശതമാനം വർധന കാണിച്ചു. ഇലക്ട്രിക് കേബിൾ, വയർ ബിസിനസിൽ 50 ശതമാനം വർധനയുണ്ട്. കയറ്റുമതി ഇരട്ടിയോളമായി. 2026 ഓടെ വിറ്റുവരവ് 20,000 കോടി രൂപയിൽ എത്തിക്കുമെന്നു മാനേജ്മെന്റ് പറയുന്നു. ഓഹരി നാലര ശതമാനം ഉയർന്നു.
ഇതേ മേഖലയിലുള്ള ഹാവൽസ് നാളെ റിസൽട്ട് പുറത്തുവിടും. ഹാവൽസ് ഓഹരി ഇന്നു മൂന്നു ശതമാനം നേട്ടത്തിലാണ്. പ്രമുഖ സ്നാക്സ് നിർമാതാക്കളായ ഭുജിയാലാൽജിയിൽ 49 ശതമാനം ഓഹരി ബിക്കാജി ഫുഡ്സ് വാങ്ങി. ബിക്കാജി ഓഹരി നാലു ശതമാനം കയറി.
മികച്ച റിസൽട്ടിനെ തുടർന്ന് ടിവി18 ബ്രോഡ്കാസ്റ്റ് ഓഹരി പത്തു ശതമാനത്തോളം നേട്ടം ഉണ്ടാക്കി.
ഡോളർ കരുത്തു നേടിയതോടെ രൂപ പിൻവാങ്ങി. ഡോളർ ആറു പൈസ കയറി 82.10 രൂപയിൽ ഓപ്പൺ ചെയ്തു.
സ്വർണം കുതിക്കുന്നു
സ്വർണം ലോകവിപണിയിൽ 1976 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 400 രൂപ വർധിച്ച് 44,480 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.
ഇന്ത്യ ഈ ധനകാര്യ വർഷം 6.4 ശതമാനം ജിഡിപി വളർച്ച നേടുമെന്ന മുൻ നിഗമനം ഏഷ്യൻ വികസന ബാങ്ക് (എഡിബി) നിലനിർത്തി. കഴിഞ്ഞ വർഷം ഇന്ത്യ 7.2 ശതമാനം വളർന്നതാണ്.