വിപണിയിൽ വീണ്ടും താഴ്ചയുടെ ദിവസം; ഗ്ലാൻഡ് ഫാർമ ഓഹരി വില 20 ശതമാനം ഇടിഞ്ഞു
വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങിയെങ്കിലും താമസിയാതെ നഷ്ടത്തിലായി. ആഗോള വിപണികളിൽ നിന്നു വ്യത്യസ്തമായി തിരുത്തലിനുള്ള മനോഭാവമാണ് ഇന്ത്യൻ വിപണിയിൽ കാണുന്നത്.
സെൻസെക്സ് രാവിലെ 200 ലധികം പോയിന്റ് ഉയർന്ന ശേഷമാണു താഴ്ചയിലേക്കു തിരിഞ്ഞത്. രാവിലെ 56 പോയിന്റ് ഉയർന്ന ശേഷം നിഫ്റ്റിയും താഴോട്ടു വീണു. ബാങ്ക് നിഫ്റ്റിയും താഴ്ചയിലായി.
മ്യൂച്വൽ ഫണ്ടുകളിൽ വരിക്കാരിൽ നിന്ന് ഈടാക്കുന്ന പണത്തിനു പരിധി വയ്ക്കാനുള്ള സെബിയുടെ നീക്കത്തെ തുടർന്ന് മിക്ക അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെയും ഓഹരിവില ഗണ്യമായി താണു.
മികച്ച നാലാം പാദ ഫലങ്ങൾ പുറത്തു വന്ന ശേഷം ഇന്നലെ താഴ്ചയിലായ എസ്. ബി. ഐ ഇന്ന് ഒന്നര ശതമാനം കയറി. എന്നാൽ ഐടിസി ഓഹരി ഇന്നും താണു.
ലാഭവും ലാഭ മാർജിനും മെച്ചപ്പെട്ടതിനെ തുടർന്ന് ജി ആർ ഇൻഫ്രാസ്ട്രക്ചർ ഓഹരി എട്ടു ശതമാനം ഉയർന്നു. മാൻ ഇൻഡസ്ട്രീസ് ഓഹരി ഇന്നു 10 ശതമാനത്തിലധികം താഴ്ന്നു.
നാലാം പാദ റിസൽട്ടിൽ ലാഭം 72 ശതമാനവും വരുമാനം 29 ശതമാനവും ഇടിഞ്ഞെങ്കിലും ഗ്ലാൻഡ് ഫാർമയുടെ ഓഹരി വില 20 ശതമാനം ഇടിഞ്ഞു.
രൂപ ഇന്നും ദുർബലമായി. ഡോളർ ഓപ്പൺ ചെയ്തതത് 82.71 രൂപയിലാണ്. ഇന്നലത്തെ ക്ലോസിംഗിനേക്കാൾ 11 പൈസ അധികം. പിന്നീട് 82.78 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ 1962 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 240 രൂപ കുറഞ്ഞ് 44,640 രൂപയായി. തുടർച്ചയായി മൂന്നാം ദിവസമാണു വില താഴുന്നത്.