വിപണിയില്‍ 'ഫെഡ്ഡാവേശം'; സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉയരുന്നു, ടാറ്റാ സ്റ്റീലും മുന്നോട്ട്

യു.എസ് ഫെഡ് തീരുമാനത്തിൻ്റെ ആവേശത്തിൽ ഇന്ത്യൻ വിപണി ഇന്നു രാവിലെ നല്ല നേട്ടത്തിലായി. എല്ലാ വ്യവസായ മേഖലകളും ഉയർന്നു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റി 222 പോയിൻ്റും സെൻസെക്സ് 740 പോയിൻ്റും നേട്ടത്തിലാണ്.

ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലധികം കയറിയിട്ട് അൽപം താഴ്ന്നു. വീണ്ടും കയറി. മിഡ്, സ്മോൾക്യാപ് സൂചികകൾ രാവിലെ ഒരു ശതമാനത്തിലധികം ഉയർന്നു.

570 കോടി രൂപ സമാഹരിക്കാനുള്ള ക്യു.ഐ.പി ആരംഭിച്ച വൊക്കാർട്ട് ഓഹരി മൂന്നു ശതമാനം കയറി. മെറ്റൽ ഓഹരികൾ ഇന്നു വലിയ നേട്ടത്തിലാണ്.

ടാറ്റാ സ്റ്റീൽ, ജെ.എസ്.ഡബ്ള്യു സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയവ മൂന്നു ശതമാനത്തിലധികം ഉയർന്നു. നിഫ്റ്റി മെറ്റൽ സൂചിക 2.2 ശതമാനം കയറ്റത്തിലാണ്. ഇൻവെസ്റ്റെക് നിക്ഷേപ ശുപാർശ നൽകിയതിനെ തുടർന്ന് ബി.എസ്.ഇ ലിമിറ്റഡ് ഓഹരി ഏഴു ശതമാനത്തോളം കയറി.

ബാങ്ക് ഓഹരികൾ

സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി രാവിലെ 3.6 ശതമാനം ഉയർന്ന് 28.75 രൂപയിൽ എത്തി. ഫെഡറൽ ബാങ്ക് ഓഹരി 1.2 ശതമാനം കയറി 149.25 രൂപയായി. സി.എസ്.ബി ബാങ്ക് ഒരു ശതമാനം ഉയർന്ന് 345.2 രൂപയായി. ധനലക്ഷ്മി ബാങ്ക് 2.34 ശതമാനം ഉയർന്ന് 43.70 രൂപയായി.

മുത്തൂറ്റ് ഫിനാൻസ് ഓഹരി 4.75 ശതമാനം ഉയർന്ന് 1402 രൂപയിലും മണപ്പുറം ജനറൽ ഫിനാൻസ് 3.45 ശതമാനം കയറി 172.25 രൂപയിലും എത്തി.

രൂപ, സ്വർണം, ക്രൂഡ് ഓയിൽ

രൂപ ഇന്നു നേട്ടത്തിൽ തുടങ്ങി. ഡോളർ എട്ടു പൈസ താഴ്ന്ന് 83.08 രൂപയിൽ വ്യാപാരമാരംഭിച്ചു. പിന്നീട് 83.04 രൂപ വരെ താഴ്ന്നിട്ട് 83.10 രൂപ വരെ കയറി.

സ്വർണം ലോകവിപണിയിൽ 2,203 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 800 രൂപ കുതിച്ച് 49,440 രൂപയായി. ഇതു സർവകാല റെക്കോഡാണ്. ക്രൂഡ് ഓയിൽ വില കുറയുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 86.45 ഡോളറിലേക്കു താഴ്ന്നു.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it